പെസഹാ പെരുന്നാള്‍ ക്രിസ്തു ശിഷ്യന്മാരോടൊത്ത് പെസഹ ആചരിച്ചതിന്റെ ഓര്മ്മയ്ക്കായിയാണ്. ക്രിസ്തു അന്ത്യഅത്താഴത്തിന്റെ സമയത്ത് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനു ശേഷം അപ്പം മുറിച്ച് വീഞ്ഞില്‍ മുക്കി അവര്‍ക്ക് കൊടുത്തത് തന്റെ ശരീരവും രക്തവും നല്‍കുന്നതിന്റെ പ്രതീകമായി ആയിരുന്നു എന്നാണ് വിശ്വാസം. ഇപ്പോള്‍ ക്രിസ്ത്യാനികളുടെ വീടുകളില്‍ ഈ സംഭവത്തെ സ്മരിച്ചുകൊണ്ട് വീട്ടിലെ മുതിര്‍ന്ന അംഗം പെസഹാ അപ്പം മുറിച്ച് പാലില്‍ മുക്കി കുടുംബാംഗങ്ങള്‍ക്ക് നല്കുന്നു.
പെസഹ അപ്പം
ചേരുവകള്‍ :
- ഉഴുന്ന് – ഒരു കപ്പ്
പച്ചരി – മൂന്നു കപ്പ് - തേങ്ങ, ചെറുത് – ഒന്ന്, ചുരണ്ടിയത്
ചുവന്നുള്ളി – ആറ്
ജീരകം – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന് - വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
- ചുവന്നുള്ളി – 10-12, നീളത്തില്‍ അരിഞ്ഞത്
- തേങ്ങാക്കൊത്ത്, പായസത്തിന് എന്ന പോലെ അരിഞ്ഞത്. – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
• പച്ചരിയും ഉഴുന്നും നന്നായി കഴുകിയതിന് ശേഷം മൂന്നു മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കണം.
• ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തതിനു ശേഷം മിക്സിയില്‍ ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക.
• അരച്ച മാവില്‍ നിന്ന് പകുതി മാറ്റി വെയ്ക്കുക. ബാക്കി മാവ് ചെറിയ സ്റ്റീല്‍ പ്ലേറ്റില്‍ ഒഴിച്ച് അതിന്റെ മുകളില്‍ കുരുത്തോലയുടെ അറ്റം കീറി കുരിശാകൃതിയില്‍ വച്ച് ആവിയില്‍ വേവിക്കുക. വേവിച്ച അപ്പം ഇതാണ്.
• മാവ് അരച്ച് അപ്പോള്‍ തന്നെ ചുട്ടെടുക്കണം. അല്ലെങ്കില്‍ മാവ് പുളിച്ചു പോകും. പെസഹ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ്.
ചുട്ട അപ്പം തയ്യാറാക്കാന്‍
• തേങ്ങാക്കൊത്തും ചുവന്നുള്ളിയും ഇളം റോസ് നിറത്തില്‍ വേറെ വേറെ വറുത്തു കോരി മാറ്റി വെച്ച മാവിലേക്ക് ചേര്‍ത്ത് ഇളക്കുക.
• ഇത് പരന്ന പാനിലോ, ചെറിയ ഉരുളിയിലോ ഉഴിച്ചു ചുട്ടെടുക്കുക.
പെസഹാപ്പാല്
ചേരുവകള്‍
- ശര്‍ക്കര – അര കിലോ
- തേങ്ങ – ഒന്ന്
- അരിപ്പൊടി – ഒരു കപ്പ്
- ഏലയ്ക്ക – ആറ്, പൊടിച്ചത്
ചുക്ക് പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍
ജീരകം പൊടിച്ചത് – അര ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
• ചെറിയ കഷണങ്ങളാക്കി ശര്‍ക്കര വെള്ളം ഉഴിച്ച് ഉരുക്കി അരിച്ചെടുക്കുക.
• തേങ്ങ ചുരണ്ടി ഒരു കപ്പ് വെള്ളം ചേര്‍ത്ത് ചതച്ച് ഒരു കപ്പ് ഒന്നാം പാല് എടുത്തു വെയ്ക്കണം.
• ബാക്കി തേങ്ങയില്‍ രണ്ട് കപ്പ് ചെറു ചൂടുവെള്ളം ഉഴിച്ചതിന് ശേഷം രണ്ടാമത്തെയും മൂന്നാമത്തെയും പാല് പിഴിഞ്ഞെടുക്കുക.
• ഉരുക്കി അരിച്ചു വെച്ച ശര്‍ക്കരയിലേക്ക് രണ്ടാമത്തെയും മൂന്നാമത്തെയും പാല് ചേര്‍ത്ത് ഇളക്കി അടുപ്പത്ത് വെയ്ക്കുക.
• ഈ മിശ്രിതത്തിലേക്ക് അരിപ്പൊടി അല്പം വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് തുടരെ ഇളക്കി തിളപ്പിച്ചു കുറുക്കുക.
• ജീരകവും ചുക്കും ഏലയ്ക്കയും ഒന്നാം പാലില്‍ ഇളക്കി ചേര്‍ത്ത് വെയ്ക്കുക.
• പാല് പാകത്തിന് കുറുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കുക.
• കുരുത്തോലയുടെ ഒരു കഷണം പാല് കുറുക്കുമ്പോള് ചേര്‍ക്കുന്ന പതിവുണ്ട്.
• അപ്പത്തിലും പാലിലും ഇടുന്നത് കഴിഞ്ഞ വര്‍ഷം ഓശാന പെരുന്നാളിന് ലഭിച്ച കുരുത്തോലയാണ്.
