ഗ്രേസ് ആന്റണി പ്രേക്ഷകരുടെ മനസ്സുകളില്‍ പ്രശസ്തയായ നടിയായി മാറിയത് ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ്. പിന്നീട് കുമ്പളങ്ങി നൈറ്റ്സിലെ അതിഗംഭീര പ്രകടനം ഗ്രേസിനെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. ഈ അടുത്ത് അഭിനയിച്ച പ്രതി പൂവന് കോഴിയും താരത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തി.
കുമ്പളങ്ങി നൈറ്റസിലെ അഭിനയത്തിന് സംവിധായകന് സത്യന് അന്തിക്കാടും തമിഴ് നടന് വിജയ് സേതുപതിയും അഭിനന്ദിച്ച കാര്യം പറയുമ്പോള്‍ ഗ്രേസിന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറയും. ബാല്യകാലം മുതലേ സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു ഗ്രേസ്. അന്ന് എല്ലാവരും തന്നെ കളിയാക്കി. അച്ഛന് കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം. പക്ഷെ അച്ഛന് ഒരു കൂലിപ്പണിക്കൊരനാണെന്ന് പറയാന്‍ തനിക്ക് അഭിമാനമേ ഉള്ളുവെന്ന് ഗ്രേസ് പറഞ്ഞു. അത് ഒരിക്കലും താന്‍ ഒരു കുറവായി കണ്ടിട്ടില്ല.
ഗ്രേസ് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ അച്ഛന് ടൈല്‍ ഒട്ടിക്കാന്‍ പോകുന്ന കൂലിപ്പണിക്കാരന് തന്നെയാണെന്ന് ഞാന്‍ ഇന്നും പറയും. ജീവിതത്തില്‍ പണം ഇല്ലാത്തത്തിന്റെ പേരില്‍ പല ഇടത്തു നിന്നും മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ ഉണ്ടായ വേദനയാണ് എന്നെ ഞാനാക്കിയത്. എന്നെ കളിയാക്കിയവര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാനും ഉണ്ടാകില്ലായിരുന്നു. അവരാണ് മനസ്സില്‍ തീ കൊളുത്തിയത്.
മോഹിനിയാട്ടവും, ഭരതനാട്യവും, കുച്ചിപ്പുടിയും, നാടോടി നൃത്തവും ഞാന്‍ പഠിച്ചിട്ടുണ്ട്. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് മാത്രം നൃത്തം ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങി. അധ്യാപകരായ നിഷ സുബാഷും കാലടിി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയിലെ വിഷ്ണു മാഷും നല്കിയ പിന്തുണയും സ്നേഹവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.’ ഇപ്പോള്‍ ഗ്രേസ് ആന്റണി സുഡാനി ഫ്രം നൈജീരിയ ചെയ്ത സക്കറിയയുടെ ഹലാല്‍ ലൗ സ്റ്റോറിയില്‍ പ്രധാന വേഷം അഭിനയിക്കുകയാണ്.
