Tech

റിലയന്‍സ് ജീയോ ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക് വാങ്ങി

മുംബൈ : ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റ് ആയ ഫേസ്ബുക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ജീയോയില്‍ 5.7 ബില്ല്യണ്‍ ഡോളറിന്റെ (43, 574 കോടി രൂപയുടെ) ഓഹരി വാങ്ങി. ഈ കാര്യം അമേരിക്കന്‍ വമ്പന്മാരായ ഫേസ്ബുക്ക് ബുധനാഴ്ച്ചയാണ് അറിയിച്ചത്.

ഈ ഇടപാട് ഫേസ്ബുക്കിനെ ജീയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമ ആക്കിയിരിക്കുകയാണ്. അതിവേഗം വളരുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ ഇത് ഫേസ്ബുക്കിന് കൂടുതല്‍ കരുത്തേകുമെന്ന് വിലയിരുത്താം. കൂടാതെ പുതിയ ഇടപാടിലൂടെ റിലയന്‍സിന് എണ്ണ വിപണിയിലും ടെലിക്കോം മേഖലയിലും ഉണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ഫേസ്ബുക്കിന്റെ പ്രസ്താവന ഇങ്ങനെ, ‘ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇന്ത്യയില്‍ ജീയോ കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവം ആവേശകരമാണ്. നാല് വര്‍ഷത്തിന് ഉള്ളില്‍ 388 ദശലക്ഷത്തില്‍ അധികം ആളുകളെ ഓണ്‍ലൈനിലേക്ക് ജീയോ കൊണ്ടുവന്നിട്ടുണ്ട്. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിയ്ക്ക് കരുത്തേകുന്നു. ഒപ്പം പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇനിയും കൂടുതല്‍ ആളുകളെ ജീയോയുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’

നേരത്തെ പുറത്തു വന്ന വാര്‍ത്ത അനുസരിച്ച് പുതിയ സഹകരണത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും ചൈനീസ് സൂപ്പര്‍ ആപ്ലിക്കേഷനായ വീചാറ്റിന് സമാനമായ ഒരു മള്‍ട്ടി പര്‍പ്പസ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് വലിയ മുന്നേറ്റത്തോടെയുള്ള ചര്‍ച്ചകള്‍ കോവിഡ് 19ിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പുതിയ നിക്ഷേപ വാര്‍ത്ത ഇതിന് ഇടയിലാണ് വന്നത്.

ഇരുവരും ഫേസ്ബുക്കിന്‍റെ കസ്റ്റമര്‍ പ്ലാറ്റ്ഫോമും റിലയന്‍സിന്‍റെ ഷോപ്പിങ്ങ് – പേയ്മെന്റ് പ്ലാറ്റ്ഫോമും ചേര്‍ത്തുകൊണ്ടുള്ള വലിയ ഒരു ആപ്പിനാണ് തുടക്കമിടുന്നത് എന്നാണ് സൂചന. ഇതിന് വേണ്ടി പ്രാരംഭഘട്ടത്തില്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള വാട്സാപ്പ് പ്ലാറ്റ്ഫോം ആയിരിക്കും.
ഇരുവരും അതിന്റെ ഉപഭോക്ത്യ അടിത്തറ ഉപയോഗിച്ചുകൊണ്ട് പദ്ധതിയ്ക്കായി ധനസഹായം, സാങ്കേതിക അറിവ്, ഡൊമെയ്ന് വൈദഗ്ദ്യം എന്നിവ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ആശയ വിനിമയ പ്ലാറ്റ്ഫോം മാത്രമല്ല, കോവിഡ് 19 പാന്‍ഡെമിക്ക് മൂലം കാലതാമസം നേരിട്ട ചര്‍ച്ചകള്‍ അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍ അല്ലെങ്കില്‍ ഷോപ്പ് വഴി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കുക എന്നതും കൂടിയാണ് ആശയം. അവരുടെ ഉദ്ദേശം റിലയന്‍സിന്റെ എജിയോ ഡോട്ട് കോമിലൂടെ സാധനങ്ങള്‍ വില്‍ക്കാനും ജീയോ മണി ഉപയോഗിച്ച് പേമെന്റുകള്‍ നടത്താനുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top