Entertainment

‘സിനിമ മാത്രമല്ല. ഇത് ആള്‍ക്കാരുടെ മനസ്സുകളിലേക്ക് കുത്തിവെയ്ക്കുന്ന വിഷമാണ്.’ ; കഴിഞ്ഞ ദിവസം സംഭവിച്ചതിനെ കുറിച്ച് ‘മിന്നല്‍ മുരളി’യുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത് ; ഗോള്‍ഡ് കേരള ഡോട്ട് കോം എക്സ്ക്ലൂസിവ് ഇന്റര്‍വ്യൂ

ഇപ്പോള്‍ ചലച്ചിത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത് അമ്പലത്തിന്റെ സമീപത്താണെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടന രാഷ്ട്ര ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ‘മിന്നല്‍ മുരളി’ എന്ന ടൊവിനോ – ബേസില്‍ ജോസഫ് ചിത്രത്തിന്റെ സെറ്റ് പൊളിച്ചതാണ്. ഈ സംഭവത്തെകുറിച്ച് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത് ഗോള്‍ഡ് കേരള ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖം ചുവടെ :

കഴിഞ്ഞ ദിവസം എന്താണ് ശരിക്കും സംഭവിച്ചത്?

മനു ജഗത്ത് : കഴിഞ്ഞ ദിവസം എന്ത് സംഭവിച്ചു എന്നുള്ളത് എനിക്ക് സത്യത്തില്‍ അറിയില്ല. കാരണം ഞാന്‍ ലോക്ക്ഡൗണ്‍ ആയതിന് ശേഷം അങ്ങോട്ട് പോയിട്ടില്ല. ഇന്നലെ അങ്ങോട്ട് പോകാന്‍ തീരുമാനിച്ചതാണ്. വൈകിട്ട് അവിടെ എത്തിയപ്പോള്‍ ഒരുപാട് നിരാശ തോന്നി. ഇനി പ്രൊഡ്യൂസര്‍ എന്തെങ്കിലും ആവശ്യത്തിന് പൊളിച്ചതാണോ എന്ന് ആദ്യം വ്യക്തമായില്ല. ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. അപ്പോഴാണ് പ്രൊഡ്യൂസര്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല, നാട്ടിലെ ഏതോ സംഘടന ചെയ്തതാണെന്ന് മനസ്സിലായത്. അത് കണ്ടപ്പോള്‍ ഒരുപാട് വേദന തോന്നി.

സെറ്റ് കാലടി മണല്‍പ്പുറത്ത് സജ്ജീകരിച്ചത് ലോക്ക്ഡൗണ്‍ കാരണം ആയിരുന്നോ?

മനു ജഗത്ത് : അല്ല. ഞങ്ങള്‍ ഇത് വയനാട്ടില്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഒരു സിനിമയാണ്. അതിന്റെ പിന്നീടുള്ള ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ അനുയോജ്യമായ ലൊക്കേഷന്‍ കാലടി ആയതുകൊണ്ട് അവിടെ സെറ്റ് ഇട്ടതാണ്. വര്‍ക്ക് തുടങ്ങി 20 ദിവസം കഴിഞ്ഞപ്പോള്‍ ലോക്ക്ഡൗണ്‍ ആയി. കുറച്ചു കൂടി വര്‍ക്കിന് ശേഷം ഷൂട്ട് തുടങ്ങാമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ ആയത്. പത്ത് നൂറോളം വരുന്ന തമിഴന്മാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവരെ തിരിച്ച് അയയ്ക്കേണ്ടി വന്നതുകൊണ്ടാണ് വര്‍ക്ക് മുടങ്ങിയത്.

ആവശ്യമുള്ള അനുവാദങ്ങളൊക്കെ വാങ്ങിയിരുന്നോ?

മനു ജഗത്ത് : സിനിമയില്‍ ഏത് സ്ഥലത്ത് ഷൂട്ട് ചെയ്യാന്‍ പോയാലും ബന്ധപ്പെട്ട പെര്‍മിഷനുകള്‍ എല്ലാം എടുക്കണം. അത് നോക്കുന്ന ഒരു വിഭാഗം തന്നെ സിനിമയിലുണ്ട്. അവര്‍ പറഞ്ഞാലേ നമുക്ക് മറ്റു കാര്യങ്ങള്‍ നീക്കാന്‍ കഴിയൂ.

ഈ ഒരു സെറ്റ് സജ്ജീകരിക്കാന്‍ എത്ര നാളുകളുടെ പരിശ്രമം വേണ്ടി വന്നു?

മനു ജഗത്ത് : 20 ദിവസത്തോളം വര്‍ക്ക് ചെയ്തു. കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യാന്‍ ഉണ്ടായിരുന്നു. ഒരു പള്ളി തിരുനാള്‍ പോലെ ഒരു ഉത്സവപ്രതീതിയാണ് നമുക്ക് സെറ്റ് ചെയ്യേണ്ടിയിരുന്നത്. അതിന് ഒരുപാട് ആളുകള്‍ വേണം. അതുകൊണ്ടാണ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് ചെയ്യാമെന്ന് വെച്ചത്.

ഏകദേശം ഈ സെറ്റ് ഒരുക്കാന്‍ എത്ര രൂപ ചിലവായി?

മനു ജഗത്ത് : എങ്ങനെ പോയാലും 50 ലക്ഷത്തോളം രൂപ ചിലവായി. ഇത്രയും ആള്‍ക്കാരുടെ താമസവും സെറ്റിന് വേണ്ടിയുള്ള സാധനസാമഗ്രികളും ചിലവുകളും എല്ലാം കൂട്ടുമ്പോള്‍ അത്രയും ആകാം. സിനിമയില്‍ മതമോ ജാതിയോ ഒന്നുമില്ല. അങ്ങനെ ഒന്നും ഉദ്ദേശിച്ചുകൊണ്ടല്ല ആരും വരുന്നത്.

സെറ്റ് തയ്യാറാക്കുന്ന സമയത്ത് ഹിന്ദുത്വവാദികളുടെ എന്തെങ്കിലും പ്രതിഷേധമോ മറ്റോ ഉണ്ടായിരുന്നോ?

മനു ജഗത്ത് : ഇല്ല. ഒരു വര്‍ക്ക് നടക്കുമ്പോള്‍ പലരും കാണാന്‍ വരും. പല തരത്തിലെ ആള്‍ക്കാര് കാണാന്‍ വരും. ഒരുപാട് പേര് കാണികളായിട്ട് വരും. അവരോട് നിങ്ങള്‍ എന്താണ്? ഏതാണ്? എന്നൊന്നും ചോദിക്കാന്‍ കഴിയില്ല. ഒരുപാട് പേര് ഫോട്ടോ എടുക്കാന്‍ വരും. ഇതൊക്കെ എല്ലാ ഇടത്തും സംഭവിക്കുന്നതാണ്. അവരോട് ഫോട്ടോ എടുക്കരുതെന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അവര്‍ ആരാണെന്നൊന്നും നമുക്ക് അറിയില്ല. ഒരാള്‍ വന്ന് ‘ഞാന്‍ ഇന്നയാളാണ്. ഇവിടെ ഇങ്ങനെ ഒന്നും നടത്താന്‍ പാടില്ല’ എന്ന് പറഞ്ഞാലേ നമുക്ക് അത് മനസ്സിലാകൂ. ഇതൊന്നും അവിടെ നടന്നില്ല. നാട്ടുകാര്‍ നമ്മളോട് നല്ല സഹകരണത്തില്‍ ആയിരുന്നു. നാട്ടുകാര്‍ ആരും അങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നും ഞാന്‍ കരുതുന്നില്ല.

കേസ് കൊടുത്തോ?

മനു ജഗത്ത് : കേസ് കൊടുക്കുന്നത് നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്ന് നടക്കേണ്ട ഒരു കാര്യമാണ്.

ഇനി ചിത്രീകരണത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യാനാണ് നീക്കം?

മനു ജഗത്ത് : ഇത്രയും നാള്‍ മഴകൊണ്ട് കിടക്കുകയായിരുന്നുവല്ലോ… മഴയുടെയും ഒക്കെ കേടുപാടുകള്‍ ശരിയാക്കാന്‍ എത്ര രൂപ ചിലവു വരും എന്ന് നിര്‍ണ്ണയിക്കാന്‍ പോയപ്പോഴാണ് അവര്‍ സെറ്റ് തകര്‍ത്ത് ഇട്ടിരിക്കുന്നത് കണ്ടത്.

ഈ മതപരമായ വിദ്വേഷം സിനിമയെ ആക്രമിക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്?

മനു ജഗത്ത് : ഞാന്‍ നേരത്തേ പറഞ്ഞിരുന്നല്ലോ. ക്രിസ്ത്യാനിയുടെയാണോ ഹിന്ദുവിന്റെയാണോ മുസ്ലീമിന്റെയാണോ പടം റിലിസ് ആയത് എന്ന് നോക്കി ആരെങ്കിലും സിനിമയ്ക്കു പോകുമോ എന്ന് എനിക്ക് അറിയില്ല. സിനിമയില്‍ പല വിഭാഗങ്ങളില്‍ പെട്ടവരും ഉണ്ട്. മതമോ രാഷ്ട്രീയമോ നോക്കി അല്ല അവിടെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നത്. എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നിന്നാലേ നമുക്ക് സിനിമ ചെയ്യാന്‍ പറ്റൂ.

ഇതിനെതിരെ സിനിമ പ്രവര്‍ത്തകര്‍ എങ്ങനെയാണ് പ്രതിഷേധിക്കാന്‍ തീരുമാനിക്കുന്നത്?

മനു ജഗത്ത് : എങ്ങനെ പ്രതിഷേധിക്കും എന്ന് എനിക്ക് അറിയില്ല. എങ്ങനെയും പ്രതിഷേധിക്കണം എന്നാണ് എന്റെ അഭിപ്രായം.

എല്ലാം ശരിയാകട്ടെ, സര്‍! ഇനി സിനിമയ്ക്ക് ഇത്തരം കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ!

മനു ജഗത്ത് : തീര്‍ച്ചയായും. സിനിമ മാത്രമല്ല. ഇത് ആള്‍ക്കാരുടെ മനസ്സുകളിലേക്ക് കുത്തിവെയ്ക്കുന്ന വിഷമാണ്. നിര്‍ത്തണം. ഇത് മുന്നോട്ട് കൊണ്ടുപോയാല്‍ ആര്‍ക്കും നിര്‍ത്താന്‍ കഴിയാത്ത സ്ഥിതി വരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top