Entertainment

ഇനി ജോർജ്ജ് കുട്ടിയുടെ കേസ് അന്വേഷിക്കാൻ എത്തുന്നത് സാം അലക്സ് ദൃശ്യം 3 ഇങ്ങനെ.

ദൃശ്യം 2 മികച്ച പ്രതികരണം ആയി മുന്നോട്ട് കുതിക്കുക ആണ്. ഈ സാഹചര്യത്തിൽ കഥയെ കുറിച്ച് നിരവധി പ്രതികരണം ലഭിക്കുന്നുണ്ട്. എല്ലാം നല്ല പ്രതികരണം തന്നെ ആണ്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു പ്രതികരണം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.ഷിജു അച്ചൂസ് എന്ന ആൾ സാഹിത്യ ഗ്രൂപ്പ് ആയ എന്റെ തൂലികയിൽ ഇട്ട ഒരു കുറിപ്പ് ആണ് അത്‌. വളരെ രസകരമായ ഒരു കുറിപ്പ് ആണ് അത്‌.ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ കേസിന്റെ അന്വേഷണം മെമ്മറീസ് സിനിമയിലെ സാം അലക്സ് എന്ന പൃഥ്വിരാജ് അനശ്വരമാക്കിയ കഥാപാത്രം ചെയ്താൽ എങ്ങനെ ഇരിക്കും എന്നാണ് കുറിപ്പിൽ പറയുന്നത്.

രസകരമായ കുറിപ്പ് ഇങ്ങനെ….

“ദൃശ്യം 3

“എന്റെ പൊന്നു തോമസ് സാറേ,നടപടിയാവുന്ന എന്തേലും ഉണ്ടേൽ പറയൂ,ഞാൻ കേൾക്കാം.അല്ലാതെ വാലും തുമ്പുമില്ലാത്ത ഒന്നിന്റെ പിന്നാലെ പോവാൻ തൽക്കാലം പറ്റില്ല.സോറി”. സാം അലക്സ് തോമസിന് മുന്നിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

“സാം,പ്ലീസ്.ഈ കാര്യത്തിൽ ഞങ്ങൾക്ക് തന്റെ സഹായം ഉണ്ടായേ തീരൂ.”… തോമസ് അപേക്ഷിക്കുന്ന പോലെ പറഞ്ഞു..

“ഞങ്ങൾക്കെന്നു പറയുമ്പോൾ..…..ഡിപ്പാർട്ട്‌മെന്റ്നു ആണോ.എന്നാൽ ബുദ്ധിമുട്ടാണ് സർ.ഞാനും അതേ ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ളതാണ്.പക്ഷെ കഴിഞ്ഞ 6 വർഷമായി യാതൊരു തുമ്പും ഇല്ലാത്ത ഒന്നിന് പിന്നാലെ ഓടാൻ വയ്യ.അത് മാത്രവുമല്ല,എത്രയോ വേഗം തീർക്കേണ്ട ഒരു കേസ് ഇത്രയധികം വഷളാക്കിയതും ഇതേ പോലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെയാണ്.ദയവായി എന്നെ വിട്ടേക്കൂ സർ.അതും അൻഒഫീഷ്യൽ ആയിട്ട് ഏറ്റെടുക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്”..സാം അലക്‌സ് തീർത്തു പറഞ്ഞു.

“സാം പ്ലീസ്.ഇത് ഡിപ്പാർട്ട്‌മെന്റ്നു വേണ്ടി മാത്രമല്ല,ദേ അവർക്ക് കൂടി വേണ്ടിയാണ്”..തോമസ് പിറകിലേക്ക് കൈ നീട്ടി.അപ്പോൾ മാറി നിന്ന ഗീതാപ്രഭാകറും പ്രഭാകറും അവിടേയ്ക്ക് വന്നു.

“സർ ഇവർ”……..സാം സംശയം പോലെ ചോദിച്ചു…

“അതേ,മരണപ്പെട്ട വരുണ് പ്രഭാകറിന്റെ മാതാപിതാക്കൾ”..

“അറിയാം സർ,പെട്ടെന്ന് ഓർമ്മ കിട്ടിയില്ല”…

“സാം,പ്ലീസ്.വർഷമിത്ര ആയിട്ടും സ്വന്തം മകൻ വരുമെന്ന വിശ്വാസത്തോടെ അങ്ങനെ ജീവിച്ചു മരിക്കുന്ന രണ്ടു ആത്മാക്കൾ മാത്രമാണ് ഞങ്ങൾ.അറിയാം അവൻ മരണപ്പെട്ടുവെന്നു,പക്ഷെ ..എല്ലാം ഓരോ തോന്നലുകളിൽ നിന്ന് മാത്രമായി മാറുകയാണ് സാം”..വിറയ്ക്കുന്ന ചുണ്ടുകളോടെ പ്രഭാകർ അത് പറഞ്ഞു.

“സർ എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ടെങ്കിലും പറ്റില്ല സർ.അത് മനസ്സിലാക്കൂ”.. സാം തീർത്തും പറഞ്ഞു.

“സാം.സ്വന്തം സഹോദരന് വേണ്ടി പോരാടിയ ആളാണ് താങ്കൾ.ഞാനിത് ഇമോഷണൽ ആയി കാണിച്ചു പറയുന്നതല്ല.പക്ഷെ സ്വന്തം മകൻ പോയിട്ടു 6 വർഷം കഴിഞ്ഞിട്ടും ഇന്നും അതേ വേദനയോടെ ജീവിക്കേണ്ടി വരുന്ന ഒരു അമ്മയുടെ മനസ്സ് ആലോചിക്കൂ,കൊലയാളി ആരെന്നറിയാം,എന്തിനെന്നറിയാം.എന്റെ മകനെ ന്യായീകരിച്ചു കാണിക്കുവല്ല ഞാൻ.പക്ഷെ ആ വേദന പോലും അവർ കാണുന്നില്ല.എത്രനാൾ എനിക്കിങ്ങനെ ഉറക്കം നടിച്ചു കിടക്കാൻ കഴിയും,പ്ലീസ് സാം,ഒരു പഴയ മേലുദ്യോഗസ്ഥയുടെ വാക്കുകൾ ആയി കാണണ്ട.ഒരു സഹോദരിയായി, സ്വന്തം മകന്റെ മരണത്തിന്റെ നീതിയ്ക്ക് വേണ്ടി പോരാടുന്ന ഒരു അമ്മയുടെ വാക്കുകൾ ആണിത്,പ്ലീസ്…”….

അപ്പോഴേയ്ക്കും ഗീതാപ്രഭാകറിന്റെ കണ്ണില് നിന്നും കണ്ണുനീർ വാർന്നൊഴുകി,അതേ കൂട്ടത്തിൽ തന്നെ അവർ പ്രഭാകറിന്റെ നെഞ്ചിൽ ചാഞ്ഞു.ഗീതയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു പ്രഭാകറിനും അറിയില്ലായിരുന്നു.

“സർ…അത്.എനിക്ക് ആലോചിക്കാൻ അൽപ സമയം വേണം”… സാം പറഞ്ഞു…

ഒരു ആശ്വാസമെന്നോണം അവർ തിരിച്ചു പോയി.തന്റെ റൂമിലെ കസേരയിൽ മലർന്നു കിടന്നു കാൽ രണ്ടും മേശമേൽ നീട്ടി വെച്ചു സാം കണ്ണുകൾ അടച്ചു.

പെട്ടെന്നു തന്നെ ഒരു ദുഃസ്വപ്നമെന്നോണം ആ വെടിയൊച്ച അദ്ദേഹത്തിന്റെ ചെവിയെ തുളച്ചു കയറി.അയാൾ ഞെട്ടിയെഴുന്നേറ്റു.

അതേ നഷ്ടത്തിന്റെ വേദന അയാൾക്ക് നന്നായി അറിയാം.അയാൾ കണ്ണുകൾ തുടച്ചു.മുഖത്ത് ആകെയൊരു പരവേഷം .മേശമേൽ ഇരുന്ന ജഗിൽ നിന്ന് വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി.നാവു വരണ്ടു ഉണങ്ങിയിരുന്നു.ശേഷം ഒരിക്കൽ കൂടി കണ്ണുകൾ അടച്ചു.മനസ്സിൽ എന്തോ ആലോചിച്ചു ഉറപ്പിച്ചിരുന്നു…

############################

മുന്നിൽ ഗീതാപ്രഭാകറും ,പ്രഭാകറും, തോമസും ഇരിക്കുകയായിരുന്നു.അവരുടെ മുന്നിലായി.സാമും. ഏകദേശം 3 മാസങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച. അപ്പോഴേയ്ക്കും സാമിന്റെ കൈകളിൽ കുറച്ചു റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

“മാഡം,ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടാണമെന്നില്ല.കാരണം വരുണിന്റെ മൃതദേഹം എവിടെ എന്നതിന് എനിക്കിപ്പോഴും ഉത്തരം കിട്ടിയിട്ടില്ല”…

“വാട്ട്, പിന്നെന്തിനാണ് ഈ കൂടിക്കാഴ്ച”…ഗീതാ പ്രഭാകർ ക്ഷുഭിതയായി ചാടിയെണീറ്റു.

“പറയാം മാഡം.ഇരിക്കൂ.”നമുക്ക് ആദ്യം മുതൽക്കേ തന്നെ കുറച്ചു കാര്യങ്ങൾ കൂട്ടി യോജിപ്പിക്കാം.അതിന് ശേഷം തീരുമാനമെടുക്കാം.

“എന്ത് തീരുമാനം “??? പ്രഭാകർ ചോദിച്ചു.

“പറയാം സർ.ഇത് കേൾക്കൂ”.

ശേഷം സാം കയ്യിലെ മാർക്കറുമായി വൈറ്റ് ബോർഡിന് മുന്നിൽ നിന്നു.

“സർ,നിങ്ങളുടെ അന്വേഷണപ്രകാരം ജോർജ്കുട്ടി വരുണിന്റെ അവശേഷിക്കുന്ന തെളിവുകൾ ആയ കാറും മൊബൈലും കൊണ്ട് കളയുന്നത് 2013 ഓഗസ്റ്റ് മാസം 2 നു.അതായത് ഞായറാഴ്ച.

ശേഷം,3,4 തീയതികളിൽ ധ്യാനത്തിനെന്ന പേരിൽ പോവുകയും കബളിപ്പിക്കുകയും ചെയ്തു.അതായത് ആ ദിവസങ്ങൾ നിങ്ങളുടെ മുന്നിൽ വീണ്ടും പുനരവിഷ്കരിച്ചു.”

“അതേ,അതിലിപ്പോ എന്താണ് സംശയം'”??..ഗീതാപ്രഭാകർ ചോദിച്ചു.

“നിങ്ങളോടു ആരാണ് പറഞ്ഞത് രണ്ടാം തീയതി ജോർജ് കുട്ടി പോയത് തെളിവുകൾ നശിപ്പിക്കാനും കൂടാതെ ബില്ലുകൾ ഉൾപ്പെടെ ശേഖരിക്കാനും വേണ്ടി മാത്രമാണെന്ന്”?????? സാം സംശയപൂർവ്വം ചോദിച്ചു..

“അതിപ്പോ ആരു പറയണം സാം,സാമാന്യ യുക്തി പോരെ”??? പ്രഭാകർ ചോദിച്ചു.

“സർ ഇതാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ ഇതേ സാമാന്യ ബുദ്ധി ഉപയോഗിച്ച് മാത്രം ചിന്തിക്കുമ്പോൾ അയാൾ ചിന്തിക്കുന്നത് മറ്റൊരു വഴിയിൽ കൂടിയാണ്.അതായത് നിങ്ങൾ ഇങ്ങനെയെ ചിന്തിക്കാവൂ എന്നു ചിന്തിക്കാൻ വേണ്ടി അയാൾ മനപൂർവം ഓരോന്ന് നിങ്ങൾക്കായി എറിഞ്ഞു തന്നിരിക്കുന്നതാണ്”???

“വാട്ട്, എന്നു വെച്ചാൽ “??? തോമസ് അതിശയത്തോടെ എണീറ്റു.

“സർ ഇരിക്കൂ.എന്റെ അന്വേഷണത്തിന്റെ നിഗമനത്തിൽ നിന്ന് ഞാൻ ചിലത് പറയാം”

“കൊലപാതകം ചെയ്യുന്നവർ കാണിക്കുന്ന ഒരു മണ്ടത്തനം ഉണ്ട്.അവർ കൊലപാതകം മറയ്ക്കാൻ മാത്രം ശ്രമിക്കും.അടുത്തെന്ത് എന്നു ചിന്തിക്കില്ല.എന്നാൽ ജോർജ് കുട്ടിയുടെ കാര്യത്തിൽ അങ്ങനെയല്ല.കാരണം ജോർജ് കുട്ടിയെന്ന ആ ബുദ്ധിരാക്ഷസൻ ചെയ്തത് പോലീസിന്റെ അന്വേഷണങ്ങൾ ഏതെല്ലാം വഴിക്ക് വരാം.അവ എങ്ങനെ ബ്ലോക്ക് ചെയ്യാം.ഇത് മാത്രമായിരുന്നു.അതായത് കൊല ചെയ്തത് ആരോ ആവട്ടെ,അതിനെ പ്രതിരോധിക്കേണ്ട വഴി കൊലപാതകം മറച്ചു വെയ്ക്കുക എന്നതല്ല, അന്വേഷണം എങ്ങനെയെല്ലാം ഏത് വഴിയെല്ലാം വരാമെന്ന് കണ്ടു അയാൾ അതിനായുള്ള പദ്ധതികൾ മെനയുക ആയിരുന്നു”..

അത് കൊണ്ട് കൂടിയാണ് അയാളുടെ ഉന്നം പിഴയ്ക്കാത്തതും.ജോർജ് കുട്ടി ചിന്തിക്കുന്നത് പോലെയല്ല നിങ്ങൾ ചിന്തിച്ചത്.എന്നാൽ ജോർജ് കുട്ടി ചിന്തിച്ചത് നിങ്ങൾ ഇങ്ങനെയെ ചിന്തിക്കാവൂ എന്നുമായിരുന്നു.ആ ചിന്തയാണ് അയാളുടെ ആത്മവിശ്വാസം കൂട്ടിയതും.”..

“അതായത് അയാൾ മുൻകൂട്ടി കണ്ടിരുന്നോ ഇതെല്ലാം “???

“അബ്സലൂട്ലി അതായിരുന്നു ശെരി.അയാൾ സിനിമകളിൽ നിന്ന് പഠിച്ച പാഠം അതായിരുന്നു. സിനിമകളുടെ അവസാനം ഓരോ വില്ലന്മാർ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയി വരില്ലേ.കൂടെ നിൽക്കുന്നവൻ തന്നെ ചതിക്കുമ്പോൾ വളരെ വലിയ ട്വിസ്റ്റ് എന്നോക്ക കരുതി ഇരിക്കും.എന്നാൽ കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചേ.കഥയുമായി ബന്ധമില്ലാത്ത കഥാപാത്രങ്ങൾ എന്തിനോ വന്നു പോകുന്ന സീനുകൾ നന്നായി ശ്രദ്ധിച്ചാൽ മനസ്സിലാവും അതായിരിക്കാം വില്ലനെന്നു.അതേ രീതിയാണ് ഇവിടേം.അയാൾ പ്രഡിക്റ്റ് ചെയ്തു.അതിൽ വിജയിച്ചു.

“ഒരു കൊലപാതകം മറയ്ക്കാൻ വേണ്ടി 1 ദിവസത്തെ മാത്രം സമയവും ബുദ്ധിയും കൊണ്ട് ഇത്രേം ചെയ്ത് ആൾക്ക് 7 വർഷം സമയം കിട്ടിയാൽ എന്തൊക്കെ ചെയ്യാമെന്ന് നിങ്ങൾ ശെരിക്കും ആലോചിച്ചിട്ടുണ്ടോ ???”

ഫയലിൽ നിന്നൊരു പേപ്പർ എടുത്ത ശേഷം സാം ചോദിച്ചു.

അപ്പോഴാണ് അവർ അവർക്ക് പറ്റിയ തെറ്റുകളെകുറിച്ചു ആലോചിച്ചത്.

“ദേ ഇതെല്ലാം നിങ്ങളിൽ പലരുടെയും പിഴവുകളിൽ നിന്ന് ഞാൻ കണ്ടെത്തിയതാണ്.ജോർജ് കുട്ടിയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉള്ള അദ്ദേഹത്തിന്റെ ഫോണ് കോളുകൾ,യാത്രകൾ,മറ്റു വിവരങ്ങൾ.സത്യം പറഞ്ഞാൽ അയാൾ ഇപ്പോഴും വളരെ ശ്രദ്ധാലുവാണ്.കാരണം ഇപ്പോഴും പോലീസ് അയാൾക്കെതിരെ തിരിയും എന്നത് കൊണ്ട് അത്രമേൽ സൂഷ്മതയോടെയാണ് ഓരോന്നും ചെയ്യുന്നത്.”.

ഇനി കാര്യത്തിലേക്ക് കടക്കാം.

ആദ്യം കോട്ടയത്തെ ഫോറൻസിക് ഓഫീസിലെ വാച്മാനിൽ നിന്ന് വിനയചന്ദ്രൻ തന്നെ പറഞ്ഞു തുടങ്ങിയ കഥയിൽ നിന്നു.

ഞാൻ കോട്ടയത്ത് അന്വേഷിച്ചിരുന്നു.പക്ഷെ അവിടെ നടന്നത് മറ്റൊന്നായിരുന്നു.

“അന്ന് രാത്രി അയാൾ സാജനെ കാണാൻ കോട്ടയത്തേയ്ക്ക് പോയി.എന്നാൽ അധിക സമയം അവിടെ നിൽക്കാതെ അന്ന് രാത്രി തന്നെ അയാൾ അവിടുന്നു തിരിക്കുകയും പിന്നെ എവിടേക്കോ പോവുകയും ചെയ്തു.പക്ഷെ അത് രാജാക്കാട് ആയിരുന്നില്ല,കൂടാതെ അന്ന് ഫോറൻസിക്കുകാർ സീൽ ചെയ്ത് മാറ്റി വെച്ച ആ അസ്ഥി അയാൾ തൊട്ടിട്ട് പോലുമില്ല.”

“വാട്ട്……”……… അവർ മൂന്നു പേരും ഒരു ഞെട്ടലോടെ എഴുന്നേറ്റു.

“അതേ.അത് സത്യത്തിൽ വരുണിന്റെ അസ്ഥി ആയിരുന്നില്ല.

“നോ നോ നോ. ഞാനിത് വിശ്വസിക്കില്ല.അത് അതെങ്ങനെ സാധ്യമാകും”…. ഗീതാപ്രഭാകർ ആകെ ഷോക്ക് ആയി.

“അതിനെ കുറിച്ചു അറിയണം എങ്കിൽ ഇനിം ഒരുപാട് പിന്നാലെ പോകണം.പക്ഷെ ആദ്യം ഇവിടേയ്ക്ക് വരാം’.”…വിനയചന്ദ്രനോട് അയാൾ ഒരുപാടു ക്ലൈമാക്സ് പറഞ്ഞു വെച്ചിരുന്നു എന്നല്ലേ പറഞ്ഞത്.പക്ഷെ അതിലൊരു ക്ലൈമാക്സ് അയാൾ പറയാൻ വന്നിട്ട് പറഞ്ഞതുമില്ല.പകരം പറഞ്ഞ ക്ലൈമാക്സ് മുഴുവനായി അയാൾ പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങളെ കാണിക്കുകയും ചെയ്തു.”

“എങ്ങനെ”????? പ്രഭാകർ ഞെട്ടലോടെ ചോദിച്ചു..

1.ഒരു സർക്കാർ വാച്മാൻ കുടിച്ചു ലക്ക് കെട്ട് അവിടെ മറ്റൊരുത്തനെ കയറ്റിയെന്നു പറഞ്ഞാൽ വാച്മാൻ അത് എങ്ങനെ ഉൾക്കൊളും. അത് അയാളുടെ ജോലിയ തന്നെ ബാധിക്കുന്ന ഒന്നാണ്.അത് കൊണ്ട് തന്നെ അയാൾ പറയുക,ജോർജ് കുട്ടിയെ അറിയാം.കാരണം അയാളുടെ സിനിമയ്ക്ക് വേണ്ടി ഒരു പാർട്ണർ പ്രൊഡ്യൂസറിനെ ഒപ്പിച്ചു കൊടുക്കാം എന്നു പറയും.അങ്ങനെയാണ് പരിചയമെന്നും എന്നാൽ അതിനകത്ത് നല്ലൊരു റോൾ കിട്ടുമെന്നുമാകും പറയുക.

കാരണം എന്നോട് പറഞ്ഞാൽ ഇതായിരുന്നു.ഒടുവിൽ രണ്ടു കൊടുക്കേണ്ടി വന്നു.അപ്പോഴാണ് ഇത്രേം കിട്ടിയത്.

കയ്യിലെ പേപ്പർ മേശമേൽ വെച്ഛ് കൊണ്ട് സാം അലക്‌സ് പറഞ്ഞു.

2.ദൃശ്യം എന്ന നോവലിലെ അതേ കാര്യങ്ങൾ ഭംഗിയായി വക്കീൽ കോടതിയിൽ അവതരിപ്പിച്ചു കോടതിയെ വിശ്വസിപ്പിച്ചു.അപ്പോൾ ഇനി എന്ത് ചെയ്താലും എങ്ങനെ ചെയ്താലും അത് ആ നോവൽ മുഖേന ആണെന്ന് മാത്രമേ വിചാരിക്കുകയുള്ളൂ.കാരണം 6 മാസം മുന്നേ പബ്ലിഷ് ചെയ്ത നോവൽ ആണത്.ഒരുപക്ഷേ നിങ്ങളുടെ ദൃസാക്ഷി അതിനും 2 മാസം മുന്നേ ഇറങ്ങിയിരുന്നേൽ ജോർജ് കുട്ടിയെ പിടിക്കാൻ പറ്റിയേനെ. പക്ഷെ എന്നാലും അവിടെയുള്ള അസ്ഥികൂടം വരുണിന്റെതുമല്ല.

3.വിനയചന്ദ്രൻ..
ഇവിടെയാണ് ജോർജ് കുട്ടിയുടെ മാസ്റ്റർ ബ്രയിൻ.സത്യത്തിൽ ഇങ്ങനെയെ നിങ്ങൾ ഇവിടേയ്ക്ക് എത്താവൂ എന്ന് നിങ്ങൾ ചിന്തിക്കാൻ വേണ്ടി അല്ലെങ്കിൽ നിങ്ങളെ കൊണ്ട് വരാൻ വേണ്ടി മനപൂർവം എഴുതി പിടിപ്പിച്ച ഒരു കൂട്ടം കെട്ടുകഥ.കാരണം അതിന് പ്രകാരം നിങ്ങൾ കേസ് ആ വഴിയ്ക്ക് അന്വേഷിക്കുമെന്നും അവിടെയും ശ്രമം വിഫലം ആവുമെന്നും അയാൾക്ക് അറിയാം.

“സാം,എനിക്കത് മനസ്സിലായില്ല.എന്തിനാണ് അയാൾ അങ്ങനെയൊരു നോവൽ എഴുതി ഞങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നത്”??? തോമസ് സംശയപൂർവ്വം ചോദിച്ചു.

“ഇതാണ് നിങ്ങൾ പോലീസുകാരുടെ മണ്ടത്തനം.നിങ്ങൾ ഇപ്പോഴും കരുതുന്നത് ജോർജ് കുട്ടി ആ നോവലിലെ പോലെ ചെയ്തെന്നാണോ ???…അല്ല.അയാൾ നിങ്ങൾ ചിന്തിക്കുന്നതിനും വിപരീതമായി ചിന്തിക്കുന്ന ഒരുവനാണ്.അതായത് വിനയചന്ദ്രൻ എന്ന എഴുത്തുകാരനെ അയാൾ പോലുമറിയാതെ ജോർജ് കുട്ടി നിങ്ങൾക്കെതിരെ ഉപയോഗിക്കുകയായിരുന്നു”…

“നോ, നോ .അതെങ്ങനെ സാധ്യമാകും”…???

“അതാണ് മാഡം ഞാൻ പറയുന്നത്.വിനയ ചന്ദ്രനെ കാണുക.കണ്ടതിന് ശേഷം അയാളോട് അയാൾ പോലുമറിയാതെ ഒരു കഥ കെട്ടിച്ചമയ്ക്കുക.2 വർഷത്തോളം അതിനായി പ്രവർത്തിക്കുക.സത്യത്തിൽ ആ കഥയ്ക്ക് വേണ്ടി അയാളെ വീണ്ടും വീണ്ടും വീണ്ടും മനസ്സിലേക്ക് ആ സ്റ്റോറി അടിച്ചിറക്കുകയായിരുന്നു.വർഷങ്ങൾക്ക് മുൻപ് എല്ലാ സാക്ഷികളുടെയും മനസ്സിൽ 2,3 തീയതികൾ അടിച്ചിറക്കിയത് പോലെ,കാരണം അയാൾക്ക് അറിയാമായിരുന്നു,ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ ഉറപ്പായും വിനയചന്ദ്രൻ നിങ്ങളുടെ മുന്നിലേയ്ക്ക് വരുമെന്നും ഇതെല്ലാം പറയുമെന്നും.അതിനായി അതിനു വേണ്ടി മാത്രമായി ആയിരുന്നു ഇങ്ങനെയൊന്ന് അയാൾ ചെയ്തത്.അല്ലാതെ സ്വന്തം കഥ പബ്ലിഷ് ചെയ്ത്,പോലീസിനോട് പോലും പറയാത്ത കാര്യങ്ങൾ ഏതോ ഒരു എഴുത്തുകാരനോട് പറയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ “???

പിന്നെ മറ്റൊന്ന്,കാശിന് വേണ്ടി അയാൾ തന്റെ സ്ഥലം വിറ്റപ്പോൾ നിങ്ങൾ കരുതി കാണും അയാൾ അവർ ആരെന്നറിയാതെ വിറ്റത് ആവുമെന്ന്.എന്നാൽ സത്യം അങ്ങനെ ആയിരുന്നില്ല.ആരെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു ജോർജ് കുട്ടി ആ സ്ഥലം വിറ്റത്. അത് അറിയുന്നത് കൊണ്ട് കൂടിയാണ് അയാൾ വരുണിനെകുറിച്ചു വീട്ടിൽ ഒരക്ഷരം പോലും മിണ്ടാത്തത്.എന്നിട്ടും അയാൾ എന്ത് കൊണ്ട് അത് പുറത്ത് കാണിച്ചില്ല എന്നു നിങ്ങൾക്ക് സംശയം ഉണ്ടാവാം.

സത്യത്തിൽ ജോർജ് കുട്ടി അവരെ വെച്ചു നിങ്ങളെ ആണ് നിരീക്ഷിച്ചിരുന്നത്.അയാൾക്ക് എല്ലാം മനസ്സിലാക്കണമായിരുന്നു നിങ്ങൾ എത്രത്തോളം അയാളുടെ പിന്നാലെ ആണെന്ന്.അത് കൊണ്ട് കൂടിയാണ് അയാൾ ഈ നീണ്ട പദ്ധതി അൽപ കൂടി ആ കാലയളവിൽ വേഗത്തിലാക്കിയത്.അവരെ തെളിവോടെ തന്നെ പിടിക്കാൻ വേണ്ടി ആയിരുന്നു പോലീസിനോട് പറയണമെന്ന് പറയാറുണ്ടായിരുന്നതും.പക്ഷെ അവിടെയുള്ള പോലീസുകാർക്ക് അവർ ഷാഡോ ആണെന്നും മനസ്സിലായില്ല.അത് കൊണ്ട് ജോർജ് കുട്ടിയുടെ ആ പദ്ധതി നടന്നില്ല.അയാളുടെ മുന്നിൽ വെച്ചു കള്ളി വെളിച്ചത്തായില്ല.”…

“ഇത് ഇതെങ്ങനെ സാം അറിഞ്ഞു”???

“അകത്തിറങ്ങി പണി ചെയ്യണം സാറേ.നിങ്ങൾ കൊച്ചു പിള്ളേരും രണ്ടു ഷാഡോയേയും വെച്ചു പണിയാൻ നോക്കി.ഞാൻ ജോർജ് കുട്ടിയെ പോലെയും.”..

അത് കേട്ടതും തോമസ് നിശ്ശബ്ദനായി. ഗീതയും,പ്രഭാകറും ഇതെല്ലാം കേട്ടു സ്തബ്ധനായി തന്നെ ഇരിക്കുവായിരുന്നു.

“അപ്പോൾ അന്ന് കോട്ടയത്ത് പോയ ശേഷം ജോർജ് കുട്ടി എവിടേയ്ക്കായിരുന്നു പോയത്”???

“സത്യം പറഞ്ഞാൽ അറിയില്ല.കാരണം അയാൾ ബുദ്ധിപൂർവ്വം അയാളുടെ ഫോണ് സ്വിച്ച് ഓഫ് ചെയ്തിരുന്നു.അത് കൊണ്ട് ഫോണ് നമ്പർ ട്രെസ് ചെയ്യാൻ പറ്റിയില്ല.പിന്നെ അയാളുടെ വണ്ടിയെ ട്രേസ് ചെയ്ത് നോക്കി.കുറച്ചു കഷ്ടപ്പെടേണ്ടി വന്നു.അയാൾ പോയത് തിരുവനന്തപുരത്തേയ്ക്ക് ആയിരുന്നു”…..

“വാട്ട്.. അപ്പോൾ DNA റിപ്പോർട്ടിന് വേണ്ടി അയാൾ പോയത് ആവുമോ “???

“ദേ പിന്നേം പൊട്ടത്തനം.നമ്മൾ അങ്ങനെയേ ചിന്തിക്കൂ.അതിന് വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്തത്.എന്നാൽ സത്യത്തിൽ അയാൾ അവിടുന്ന് പോയത് തിരുവനന്തപുരം എയർപോർട്ടിൽ ആയിരുന്നു, അവിടെ നിന്നു എറണാകുളത്തേയ്ക്ക്.”.

“അതെന്തിനാ അയാൾ എറണാകുളം പോകാൻ കോട്ടയത്ത് നിന്ന് പോകാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പോയത്”??? പ്രഭാകർ അതിശയപൂർവ്വം ചോദിച്ചു.

“അതാണ് ഞാൻ പറഞ്ഞത്,DNA റിപ്പോർട്ട് മാറ്റി മറിക്കാനുള്ള സ്വാധീനം അയാൾക്ക് ഉണ്ടെന്ന് വിശ്വസിക്കാൻ വേണ്ടിയാണ് അയാൾ അവിടേയ്ക്ക് പോയത് .പക്ഷെ അയാൾ ഇത് പ്രതീക്ഷിച്ചു കാണില്ലായിരിക്കാം .എന്നാലും ഞാനങ്ങനെ വിശ്വസിക്കുന്നില്ല.അയാൾ ഈ എയർപോർട്ട് യാത്ര ഞങ്ങൾ കണ്ടെത്തുമെന്നു വിചാരിച്ചിരുന്നിരിക്കാം.എറണാകുളത്തു അയാളുടെ വക്കീലിനെ കണ്ടു സംസാരിക്കാൻ പോയ ശേഷം തിരിച്ചു ഫ്ളൈറ്റിൽ വീണ്ടും തിരുവനന്തപുരത്തെത്തി വീണ്ടും രാജാക്കാട് വന്നു.പിറ്റേന്ന് ചോദ്യം ചെയ്യലിനും.മറ്റൊരു കാര്യമെന്തെന്നാൽ നിങ്ങൾക്ക് തന്ന ചിതാഭസ്മം, അതിലെ എല്ലിന്റെ കണിക നോക്കി DNA നിശ്ചയിക്കാൻ പ്രയാസമാണ്.കാരണം അയാൾ അത് വെറും ചാരം മാത്രമാക്കിയല്ലേ നിങ്ങൾക്ക് തന്നതും.

പക്ഷെ അയാൾ അവിടെ വെച്ചു അയാളുടെ വക്കീലിനെ മാത്രമായിരിക്കില്ല കണ്ടത്…..

പിന്നെ “????????

“അറിയില്ല മാഡം” സാം നിരാശനായി പറഞ്ഞു..

“എനിക്ക് ഇപ്പോഴും സംശയം ഉണ്ട് സാം,അപ്പോൾ ആ അസ്ഥികൂടം ആരുടേതാണ്?? വരുണിന്റെ മൃതദേഹം എവിടെ”…?

“അറിയില്ല.തലയ്ക്ക് പരിക്കേറ്റ് ഈ പ്രായത്തിൽ മരിച്ച ചിലരെ കുറിച്ച് കുറെ അന്വേഷിച്ചു.ഒരു വലിയ ലിസ്റ്റ് തന്നെ കിട്ടിയിരുന്നു.പക്ഷെ കോടതി ഉത്തരവ് ഇല്ലാത്തത് കൊണ്ട് ഇവയൊന്നും തുറന്നു നോക്കാൻ കഴിഞ്ഞില്ല.അതിന് നിങ്ങളൊക്കെ തന്നെ വിചാരിക്കണം”… സാം മേശയുടെ മുകളിൽ ഇരുന്നു കൊണ്ട് പറഞ്ഞു…

“അപ്പോൾ ഇത്തവണയും നമ്മൾ തോറ്റോ”??? ഗീതാപ്രഭാകർ വിതുമ്പി കൊണ്ട് ചോദിച്ചു.

“ഇല്ല.അയാളെ പോലെ ചിന്തിക്കൂ മാഡം.എന്റെ മനസ്സിലൊരു പദ്ധതിയുണ്ട്.ഒരുപക്ഷേ ഈ പറയുന്ന പോലെ ഒരു റിസ്കി ഐറ്റം.ചിലപ്പോൾ നടന്നേക്കാം”?

“എന്താണ് സാം അത്.എന്താണേലും ഞങ്ങൾ ചെയ്യാം”??

“അത് അങ്ങനെ പെട്ടെന്ന് സാധിക്കില്ല പ്രഭാകർ സർ.കാരണം എന്റെ ചിന്തയിലുള്ളത് വരുണിനെ തിരികെ കൊണ്ടു വരാനാണ്”….

“വാട്ട്, ആർ യൂ മാഡ്”???? തോമസ് ശബ്ദമുയർത്തി..

“അത് കൊണ്ടാണ് സർ ഞാനിത് പറഞ്ഞത്,ഇത് പ്രാവർത്തികമല്ലെന്നു.കാരണം വരുണ് ഇപ്പോഴില്ല.പിന്നെ ആകെയുള്ളത് അതേ പാറ്റണിൽ മറ്റൊന്നാണ്…

സാം പതിയെ എഴുന്നേറ്റു.

“അയാൾ എന്താണോ ചെയ്ത് ഒരിക്കൽ നിങ്ങളെ കബളിപ്പിച്ചത് അതേ കാര്യം നമ്മളും ചെയ്യണം.

“എന്ത് കാര്യം”….????

“We Recreate That day.2013 ആഗസ്റ്റ് 2,3″…..2013 ആഗസ്റ്റ് 2,3 ദിവസങ്ങൾ നമ്മളും അതേപടി തന്നെ പുനർനിർമ്മിക്കണം..അയാളെ പോലെ തന്നെ ചിന്തിക്കൂ.അയാൾ ചെയ്തത് എന്തോ അത് പോലെ…..

It’s just beginning………

കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.

(തുടരും)

(പോരായ്മകൾ ക്ഷമിക്കുക)

ഷിജു അച്ചൂസ് കർണ്ണ
ഷിജിൻ കിച്ചു കർണ്ണ”

Most Popular

To Top