തെലുങ്ക് സൂപ്പര്‍താരം പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ ‘മഹാനടി’ എന്ന ശ്രദ്ധേയചിത്രം ഒരുക്കിയ നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ബിഗ്ഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
‘ബാഹുബലി’ സീരീസ്സിലൂടെ ശ്രദ്ധേയനായ പ്രഭാസിന്റെ 21-ാമത്തെ ചിത്രം കൂടിയാണ് ഇത്. വൈജയന്തി മൂവീസിന്റെ 50-ാം വാര്‍ഷികം തികയുന്ന 2022-ില് ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
അതേസമയം, തെലുങ്കിലെ കന്നി ചിത്രത്തിന് ദീപിക വാങ്ങുന്ന പ്രതിഫലത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് ചിത്രത്തിനായി 20 കോടി രൂപയാണ് ദീപിക പദുക്കോണ്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്.
ദീപികയെക്കാള്‍ ഇരട്ടി പ്രതിഫലമാണ് പ്രഭാസ് വാങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെലുങ്ക് സൂപ്പര്‍താരം 50 കോടി രൂപയാണ് തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്നത്.
പ്രഭാസിനൊപ്പം വലിയ പ്രാധാന്യമുള്ള റോളിലാണ് ദീപികയും ബിഗ്ഗ് ബഡ്ജറ്റ് ചിത്രത്തില്‍ എത്തുന്നത്. അടുത്തിടെയായി പുരുഷ താരങ്ങള്‍ വാങ്ങുന്ന അത്ര പ്രതിഫലം ദീപികയും വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ നടി എന്ന ഖ്യാതി ഈ പ്രൊജെക്റ്റിലൂടെ ദീപിക പദുക്കോണിനെ തേടിയെത്തും.
300 കോടിയില്‍ അധികം ചിലവഴിച്ചാണ് വൈജയന്തി ക്രിയേഷന്‍സ് സിനിമ നിര്‍മ്മിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ്ഗ് ബഡ്ജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയിനറിന് പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രം കുറഞ്ഞത് 6 മാസം എടുക്കുമെന്ന് നിര്‍മ്മാതാവ് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു.
സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് സൂചന. തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ചിത്രം എത്തും.
