കൊറോണ കാരണം ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്, ജനന്മയ്ക്കായി എല്ലാവരെയും വീടുകളില്‍ തന്നെ കഴിയാന്‍ പ്രബോധിപ്പിക്കുമ്പോള്‍ ഒരു കൂട്ടം ആള്ക്കാര് സ്വന്തം സുരക്ഷയെക്കാള്‍ തന്റെ കര്മ്മത്തിന് സ്ഥാനം കൊടുത്തുകൊണ്ട് പുറത്തുണ്ട്. ഇപ്പോഴത്തെ യഥാര്‍ത്ഥ നായകന്മാരും നായികമാരും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതല്‍ താഴേക്ക് ഒരു വലിയ ശൃംഖല തന്നെയുണ്ട് നമ്മളെ സംരക്ഷിക്കുന്ന ഒരു കവചമായി. അവരില്‍ ഒട്ടും മാറ്റി നിര്‍ത്താന്‍ കഴിയാത്തവര്‍ തന്നെയാണ് പോലീസുകാര്‍. ഈ പൊരിവെയിലത്ത് ഒരു മാസ്ക്കിന്റെ മാത്രം സുരക്ഷാസംവിധാനത്തോടെ കൈയ്മെയ്മറന്ന് പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ പോരാളികള്‍. അവരില്‍ ഒരാള്‍ തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.
ഇത് ആ ഒരു പോലീസുകാരിയുടെ മാത്രം അനുഭവമല്ല; ഇപ്പോഴത്തെ അവസ്ഥയിലെ ഓരോ പോലീസുകാരുടെയും നെടുവീര്‍പ്പാണ്. തൃശ്ശൂര്‍ ജില്ലയിലെ നെടുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ ഉദ്യോഗസ്ഥയായ സിന്റി ജിയോയാണ് ആ പോലീസുകാരി.
സിന്റിയ്ക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അവര്‍ ഒരു ജനസേവക മാത്രമല്ല; ഒരു അമ്മ കൂടിയാണ്. എത്താറാകുമ്പോള്‍ വീട്ടിലേക്ക് വിളിക്കും. കുഞ്ഞിനെ വീട്ടുകാര്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റും. സിന്റി പിന്നാമ്പുറത്തു കൂടെ അകത്തേക്ക് വന്ന് കുളിച്ചതിനു ശേഷം മാത്രമേ കുഞ്ഞിന്റെ അടുത്തേക്ക് പോകൂ. മാസ്ക് ധരിക്കുന്നതുകൊണ്ടു മാത്രം സുരക്ഷിതത്വം ഉറപ്പിക്കാന്‍ കഴിയില്ലല്ലോ. വാഹനം ഓടിക്കുന്നവരുടെ പേപ്പറുകളൊക്കെ കൈകള്‍ കൊണ്ടല്ലേ വാങ്ങിക്കുന്നത്!
പരിശോധനയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ചില രസകരമായ അനുഭവങ്ങളും സിന്റി പങ്കുവെച്ചു. നേഴ്സ്മാരായ ഭാര്യമാരെ ഹോസ്പിറ്റലില്‍ കൊണ്ടു ചെന്ന് ആക്കാന്‍ പോകുമ്പോള്‍ ഭര്ത്താക്കന്മാര് ഭാര്യമാരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കും. പക്ഷെ തിരികെ വരുമ്പോള്‍ അവര്‍ക്ക് കാണിക്കാന്‍ രേഖയില്ലാതെ വരും. പോലീസ് എങ്ങനെയാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത് എന്നറിയാന്‍ ചില ‘അഭ്യുദയകാംക്ഷികള്‍’ വരും. അവരെ പിന്നെ സാവധാനത്തില്‍ കാര്യം പറഞ്ഞ് മനസ്സിലാക്കി തിരികെ അയയ്ക്കണം. മറ്റു ചിലര്‍ പരിശോധനയ്ക്കിടെ ബഹളം ഉണ്ടാക്കും. കേസെടുക്കുന്നവരുടെ വണ്ടിയുടെ താക്കോലുകളും സൂക്ഷിക്കണം. സിന്റി വിവരിച്ചു.
