Kerala News

ഇരകളെയും, രക്ഷാപ്രവര്‍ത്തകരെയും, രക്ഷാദൗത്യത്തെയും അപഹസിച്ച് ശ്രീജിത്ത് പണിക്കര്‍ ; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തുമായി അഡ്വ. സുഭാഷ് ചന്ദ്രന്‍

തിരുവനന്തപുരം : ദുരന്തം പൊതുലോകം അറിഞ്ഞുവന്ന മണിക്കൂറുകളില്‍ തന്നെ ദുരന്തത്തിന്റെ ഇരകളെയും, രക്ഷാപ്രവര്‍ത്തകരെയും, രക്ഷാദൗത്യത്തെയും എല്ലാം അപഹസിച്ച് രംഗത്തെത്തിയ ശ്രീജിത്ത് പണിക്കറെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തുമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്ത്. മാധ്യമങ്ങള്‍ക്ക് അയച്ച കത്തിന്റെ രൂപം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

‘കക്ഷി – രാഷ്ട്രീയ ഭേദമന്യെ കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും, പ്രവര്‍ത്തകരും എല്ലാം കോവിഡ് എന്ന മഹാമാരിയുടെ ആശങ്കകള്‍ക്ക് ഇടയിലും, സ്വന്തം ആരോഗ്യത്തില്‍ വ്യാകുലപ്പെടാതെ, മണ്ണിന് അടിയില്‍ പെട്ടിരിക്കുന്ന, ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്ന അവസാന മനുഷ്യനെയും കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്‌.

ദുരന്തം പുറംലോകം അറിഞ്ഞുവന്ന മണിക്കൂറുകളില്‍ തന്നെ ദുരന്തത്തിന്റെ ഇരകളെയും, രക്ഷാപ്രവര്‍ത്തകരെയും, രക്ഷാദൗത്യത്തെയും എല്ലാം അപഹസിച്ചുകൊണ്ട് ‘ശ്രീജിത്ത് പണിക്കര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ പരാമര്‍ശം നടത്തി. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസ്തുത ദേഹം വിവിധ മേഖലകളിലെ നിരീക്ഷകന്‍ എന്ന പേരില്‍ താങ്കളുടേത് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമ സ്ഥാപനങ്ങളിലെ വാര്‍ത്താ ചര്‍ച്ചകളിലെ ഒരു സ്ഥിരം ക്ഷണിതാവാണ്. ഇദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും’ അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച വിവാദ പരാമര്‍ശത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് അഡ്വക്കേറ്റ് ആവശ്യവുമായി രംഗത്ത് എത്തിയത്.

അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

‘ബഹുമാനപ്പെട്ട എഡിറ്റര്‍ / ചീഫ് ഓഫ് ന്യൂസ്,

ഇടുക്കി ജില്ലയിലെ രാജമല / പെട്ടിമുടിയില്‍ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ മനഃസ്സാക്ഷി ഉള്ളവരെല്ലാം വിറങ്ങലിച്ചു നില്‍ക്കുകയാണല്ലോ.. മാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും പെട്ട 58-ോളം മനുഷ്യര്‍ ഇനിയും മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്.

പാരിസ്ഥിതികവും, കാലാവസ്ഥാപരവുമായ വെല്ലുവിളികള്‍ മൂലം അതിരാവിലെ ഉണ്ടായ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായതു പോലും മണിക്കൂറുകള്‍ക്കു ശേഷമാണ്‌.

സര്‍ക്കാര്‍ സംവിധാനങ്ങളും, സേനാ വിഭാഗങ്ങളും, പ്രദേശവാസികളും എല്ലാം ഒത്തൊരുമിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 15-ിലധികം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ആയെങ്കിലും, 15-ിലധികം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത് എന്ന വസ്തുത വേദനാജനകവും, കടുത്ത ആശങ്ക ഉളവാക്കുന്നതുമാണ്.

കക്ഷി – രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും, പ്രവര്‍ത്തകരും എല്ലാം കോവിഡ് എന്ന മഹാമാരിയുടെ ആശങ്കകള്‍ക്ക് ഇടയിലും, സ്വന്തം ആരോഗ്യത്തില്‍ വ്യാകുലപ്പെടാതെ, മണ്ണിന് അടിയില്‍ പെട്ടിരിക്കുന്ന, ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്ന അവസാന മനുഷ്യനെയും കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

ദുരന്തം പുറംലോകം അറിഞ്ഞുവന്ന മണിക്കൂറുകളില്‍ തന്നെ ദുരന്തത്തിന്റെ ഇരകളെയും, രക്ഷാപ്രവര്‍ത്തകരെയും, രക്ഷാദൗത്യത്തെയും എല്ലാം അപഹസിച്ചുകൊണ്ട് ‘ശ്രീജിത്ത് പണിക്കര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശമാണ് ഈ കുറിപ്പിന് ആധാരം. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസ്തുത ദേഹം വിവിധ മേഖലകളിലെ നിരീക്ഷകന്‍ എന്ന പേരില്‍ താങ്കളുടേത് ഉള്‍പ്പെടെയുള്ള വിവിധ മാധ്യമ സ്ഥാപനങ്ങളിലെ വാര്‍ത്താ ചര്‍ച്ചകളിലെ ഒരു സ്ഥിരം ക്ഷണിതാവാണ്.

വിമര്‍ശനങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും, വ്യക്തി താത്പര്യങ്ങളും മാറ്റിവെച്ച് സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് കേരളത്തിലെ ലക്ഷോപലക്ഷം സാമൂഹിക പ്രവര്‍ത്തകര്‍ കഴിഞ്ഞ കാലങ്ങളിലെ പ്രകൃതി ദുരന്തങ്ങളെ എല്ലാം നേരിട്ടത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ… ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവരെ ജീവന്‍ നഷ്ടപ്പെട്ട അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്.

നെഗറ്റീവായി ആണെങ്കില്‍ പോലും മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ, ദുരന്തങ്ങളെ പോലും ആഘോഷമാക്കുന്ന ഇത്തരക്കാരുടെ സ്ഥിരബുദ്ധിയെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ സജീവമായിട്ടുണ്ടെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.

മേല്‍പറഞ്ഞ സാഹചര്യത്തില്‍, ഞാനും താങ്കളും ഉള്‍പ്പെടെയുള്ള കേരളീയ സമൂഹത്തിന്റെ ദുരന്തങ്ങളെ ആഘോഷമാക്കുന്ന ‘ശ്രീജിത്ത് പണിക്കര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ദേഹത്തെ താങ്കളുടെ സ്ഥാപനത്തിലെ ഭാവി ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മേല്‍പറഞ്ഞ അഭ്യര്‍ത്ഥന സ്വീകരിക്കാതിരിക്കാനുള്ള അവകാശം താങ്കളുടെ സ്ഥാപനത്തിന് ഉള്ളതുപോലെ, പ്രസ്തുത വ്യക്തിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളും, വാര്‍ത്താ പരിപാടികളും ബഹിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം പ്രസ്തുത വ്യക്തിയോട് വിയോജിപ്പുള്ള കേരളത്തിലെ പ്രേക്ഷക സമൂഹത്തിന് ഉണ്ടെന്നും വിനീതമായി ഓര്‍മ്മപ്പെടുത്തട്ടെ.

വിശ്വസ്തതയോടെ,
സുഭാഷ് ചന്ദ്രന്‍ കെ ആര്‍
അഡ്വക്കേറ്റ്, സുപ്രീം കോര്‍ട്ട്’

Most Popular

To Top