മോഡലിങ്ങില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ സംവിധായകനും, നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിനും നടിമാര്‍ക്കും എതിരെ കേന്ദ്ര വനിതാ കമ്മീഷന് നോട്ടീസ് പുറപ്പെടുവിച്ചു. ഉര്‍വ്വശി റൗട്ടേല, ഇഷ ഗുപ്ത, മൗനി റോയി, ടെലിവിഷന്‍ താരം പ്രിന്‍സ് നരൂല എന്നിവര്‍ക്ക് എതിരെയും കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകയായ യോഗിത ഭയാനയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഐ.എം.ജി വെന്‍ചര്‍സ് എന്ന സ്ഥാപനത്തിനും, അതിന്റെ മേധാവി സണ്ണി വര്‍മ്മയ്ക്കും എതിരെയാണ് ലൈംഗിക ചൂഷണം, ബ്ലാക്ക്മെയില്‍ എന്നിവ ആരോപിച്ച് യുവതികള്‍ പരാതി നല്‍കിയത്. ഇഷ ഗുപ്ത, മൗനി റോയ്, പ്രിന്‍സ് നരൂല എനിവരുടെ മൊഴി എടുക്കാനായാണ് നോട്ടീസ് അയച്ചത്.
തന്റെ കമ്പനിയിലൂടെ മിസ്സ്. ഏഷ്യ കോണ്ടെസ്റ്റില് മോഡലുകളായി അവതരിപ്പിക്കാമെന്ന് പറഞ്ഞാണ് ഐ.എം.ജി വെന്‍ചര്‍സ് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് എന്നാണ് ആരോപണം. സംശയം തോന്നാതിരിക്കാന്‍ പ്രവേശന ഫീസായി 2950 രൂപ ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.
കേസില്‍ നേരിട്ട് ഹാജരാകാന്‍ ഐ.എം.ജി വെന്ചര്സിനോട് കമ്മീഷന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. ഇതിനു പിന്നാലെയാണ് ഐ.എം.ജി വെന്ചര്സിനെ പ്രൊമോട്ട് ചെയ്യുന്ന താരങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്കാന് കമ്മീഷന് തീരുമാനിച്ചത്.
കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഓഗസ്റ്റ് 16-ിന് ഇവര്‍ ഹാജരാകണമെന്നാണ് വനിതാ കമ്മീഷന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നടന് സോനു സൂദിനെയും നേരത്തെ കമ്മീഷന് വിളിച്ചു വരുത്തിയിരുന്നു.
