Kerala News

ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ

അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തില്‍ ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് ജീവന്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ ബാലുവും കുഞ്ഞും മരിച്ചിരുന്നു. എന്നാല്‍, മരണത്തിന് തൊട്ടുപുറകേ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

ബാലുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയ്ക്ക് അടക്കം പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അപകടത്തില്‍ പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തിയിരിക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെയും, സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞത് ബാലഭാസ്കറാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ്.

സംഭവ സ്ഥലത്ത് ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

Most Popular

To Top