Kerala News

ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്. നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ്,അഷ്റഫ് താമരശ്ശേരി

മക്കൾ ഇല്ലാത്ത ജീവിതത്തെ കുറിച്ച്  അച്ഛനമ്മമാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അതിലും വേദന ആണ് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഉള്ള മക്കളുടെ അകാല മരണം … അങ്ങനെ ജീവിച്ചിരിക്കുന്നതിലും നല്ലത് മരണം ആണ് എന്ന് മാതാപിതാക്കൾക്ക് തോന്നിയാലും അത്ഭുതമില്ല .

ചെറിയ പ്രായത്തിൽ തന്നെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്ത അഞ്ജനയുടെ അകാലവിയോഗവും മാതാപിതാക്കൾക്ക് നൽകുന്നത് അത്തരമൊരു വേദനയാണ്. ദുബായ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ അഞ്ജനയുടെ പൊടുന്നനെ ഉള്ള മരണം നൽകിയ ഞെട്ടലിൽ ആണ് ഇപ്പോഴും സാമൂഹ്യ പ്രവർത്തകൻ അഷ്റഫ താമരശ്ശേരി. നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബാമിംഗ് സെന്ററില്‍ പെട്ടിയില്‍ ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം എടുത്ത് വെക്കുമ്പോള്‍ താൻ പറഞ്ഞിട്ടും കേൾക്കാതെ ഹൃദയം അറിയാതെ വിതുമ്പി പോയെന്ന് അഷ്റഫ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ :

“നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്.Dubai Indian School ല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. 7 വയസ്സുളള കൊച്ചുമോളെ പോലെ പോലും Cardiac Arrest വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തില്‍ Cardiac Arrest ഉം Blood Sugar നും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നു.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്റേയും, ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാന്‍ അതി സമര്‍ത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം.അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നു.അച്ഛന്‍റെയും അമ്മയുടെയും പൊന്നാരമോള്‍, ഇന്നലെ എംബാമിംഗ് സെന്‍ററില്‍ പെട്ടിയില്‍ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ ഞാനും അറിയാതെ വിതുമ്പി പോയി.

ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്.നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ് ദെെവമേ ഇത്.എംബാമിംഗ് സെന്‍ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക.ഓരോ മരണവും ഓരോ വേർപാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്‍റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്. ഈ അവസ്ഥ കാണുമ്പോള്‍ നോവാത്ത മനസ്സുകൾ ഉണ്ടാവില്ല.

മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും, ആ വേദന ജീവിതകാലം തുടരും. രമേഷിനും ധന്യക്കും അവരുടെ കുടുംബത്തിനും സമാധാനം കിട്ടട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.

അഷ്റഫ് താമരശ്ശേരി

Most Popular

To Top