ആനി ‘അമ്മയാണേ സത്യം’ എന്ന ബാലചന്ദ്രമേനോന് സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയ താരമാണ്. താരം അഭിനയരംഗത്ത് സജീവമായിരുന്നത് വെറും മൂന്ന് വര്‍ഷങ്ങള്‍ മാത്രം ആണെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടത്തോടെ ഓര്‍ക്കാന്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടാണ് അവര്‍ അഭിനയത്തോട് വിട പറഞ്ഞത്. ആനി ഒരു ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ രംഗത്ത് സജീവസാന്നിധ്യമായി മാറി. ഈ രണ്ടാം വരവില്‍ താരം പാചകവിദഗ്ദയായും അവതാരകയായും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ കൈയടികളും അഭിനന്ദനങ്ങളും മാത്രമല്ല വിമര്‍ശനങ്ങളും പരിഹാസങ്ങളും കൂടി നേരിടേണ്ടി വന്നിട്ടുണ്ട്. ആനി വ്യക്തിജീവിതത്തിലെ ഇഷ്ടങ്ങളെകുറിച്ചും ഈ അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആനിയുടെ വാക്കുകളിലേക്ക്,
ചിത്രയിനോടോ ആനിയോടോ കൂടുതല്‍ പ്രിയം
‘മിസിസ്സ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അദ്ദേഹത്തിന്റെ ഭാര്യ എന്ന പേരില്‍ അറിയപ്പെടുന്നതു കൊണ്ടുള്ള ഇഷ്ടക്കൂടുതല് കൊണ്ടാണ് അത്.’
വീട്ടിലെ ഷാജി കൈലാസ്
‘അദ്ദേഹം നല്ല ഒരു ഗൃഹനാഥനാണ്. ടെന്‍ഷന്‍ കഴിവതും ഒഴിവാക്കിയാണ് ഏട്ടന് വീട്ടില്‍ എത്താറുള്ളത്. ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ കഥകള്‍ എന്നോട് പറയാറുണ്ട്. അപ്പോള്‍ അഭിപ്രായവും വിമര്‍ശനവും ഞാന്‍ അറിയിക്കും. അതിന് അപ്പുറത്തേക്ക് ഒരു ചര്‍ച്ചയും വീട്ടിന് ഉള്ളില്‍ ഉണ്ടാവാറില്ല. പക്ഷെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ അവരുടെ അഭിപ്രായങ്ങളും ഏട്ടന് ചോദിച്ചു
മനസ്സിലാക്കാറുണ്ട്.’
ആദ്യമായി ഒരുമിച്ച് കണ്ട സിനിമ
‘ആദ്യമായി ഞങ്ങള്‍ തിയേറ്ററില്‍ പോയി കണ്ടത് സല്മാന് ഖാനും മനീഷ കൊയ്രാളയും ഒരുമിച്ച് അഭിനയിച്ച ‘ഖാമോഷി’ എന്ന ഹിന്ദി സിനിമയാണ്. പിന്നീട് സമയക്കുറവ് കാരണം തിയേറ്ററില്‍ പോകാന്‍ പറ്റിയിട്ടില്ല. മിക്ക പടങ്ങളുടെയും പ്രിവ്യൂവ്സിന് പോകുമ്പോള്‍ ഏട്ടന് എന്നെയും കൂട്ടും. കുട്ടികള്‍ വളര്‍ന്നതു മുതല്‍ ഞങ്ങള്‍ എല്ലാവരും കൂടി എല്ലാ സിനിമകളുടെയും ആദ്യ ഷോ തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാറുണ്ട്. ലോക്ക്ഡൗണ്‍ ആയതിനു ശേഷം നെറ്റ്ഫ്ലിക്സും ആമസോണും വഴിയാണ് സിനിമകള്‍ കാണുന്നത്.’
ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍
‘വായിക്കാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് പുസ്തകങ്ങള്‍ ബാലരമയും കളിക്കുടുക്കയും ആണ്. അത് വായിക്കുമ്പോള്‍ മനസ്സിന് ഒരു ആശ്വാസമാണ്. ഏട്ടന്റെ അമ്മ എല്ലാ ദിവസവും പത്രം വായിച്ച് വാര്‍ത്തകള്‍ എനിക്ക് പറഞ്ഞു തരും. എനിക്കും അമ്മയ്ക്കും അത് ഒരു ശീലമായി. വായിക്കാനുള്ള എന്റെ മടി അറിയുന്നതുകൊണ്ട് ഏട്ടനും വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കും. ടെന്‍ഷന്‍ ഇല്ലാതെ എപ്പോഴും ലൈറ്റ് വെയ്റ്റ് ആയിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’
‘മഴയെത്തും മുമ്പേ’യിലെ ശ്രുതി
‘ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ എന്നെ ശ്രുതിയായിട്ടാണ് ഇപ്പോഴും കാണുന്നത്. അതില്‍ സന്തോഷമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് അത്. ശരിക്കും ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ഞാന്‍ തന്നെയാണ് ശ്രുതി. വെറുതെ പറയുന്നതല്ല. ഇപ്പോഴും ആ സ്വഭാവത്തില്‍ ഒരു മാറ്റവും ഇല്ല. ഷൂട്ടിങ്ങിന് ഇടയില്‍ ഒരിക്കല്‍ പോലും ഡയറക്ടര്‍ കമല്‍ സര് എന്നെ വഴക്ക് പറഞ്ഞില്ല. ഓരോ ഭാഗവും അദ്ദേഹം കൂടെ നിന്ന് പറഞ്ഞു തന്നാണ് ചെയ്യിപ്പിച്ചത്. കൂടാതെ, എനിക്ക് ആ സെറ്റില്‍ നല്ല സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അത്രയും നന്നായി ആ വേഷം ചെയ്യാന്‍ കഴിഞ്ഞത്. പിന്നെ ദൈവാനുഗ്രഹവും.
‘അമ്മയാണേ സത്യത്തി’ലെ ആണ്‍വേഷം
‘സംവിധായകന്റെയും ഈശ്വരന്റെയും അനുഗ്രഹത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ വേഷത്തെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അന്നത്തെ ആണ്‍കുട്ടികളുടെ കുറേ മാനറിസം ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ നോക്കി പഠിച്ചു. ആര്‍ട്ടിസ്റ്റ് എന്ന ആനിയില്‍ ഉള്ള അഭിനയത്തെ കൃത്യമായി പുറത്ത് കൊണ്ടുവന്നത് ബാലചന്ദ്രമേനോന് സര് ആണ്.’
ബിഗ് ഓവന് എന്ന കേറ്ററിങ്ങ് യൂണിറ്റ്
‘ഭക്ഷണം ഒരുക്കുന്നതിലുള്ള താത്പര്യം കൊണ്ടാണ് കേറ്ററിങ്ങ് മേഖലയില്‍ കൈ വെയ്ക്കുന്നത്. ഞാനും സിസ്റ്റര്‍ ഇന്‍ ലോയും ചേര്‍ന്നാണ് ബിഗ് ഓവന് തുടങ്ങിയത്. കുട്ടികളുടെ പഠനവും മറ്റ് തിരക്കുകളും കൂടിയപ്പോള്‍ അത് നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ മകന്റെ പഠനം കഴിഞ്ഞ് അവന് തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഒരു സമൂസ പോയിന്റ് അവനു വേണ്ടി ഒരുക്കി കൊടുത്തു. അത് നന്നായി പോകുന്നു എന്ന് അറിഞ്ഞപ്പോഴാണ് ‘റിങ്ങ്സ് ബൈ ആനീസ്’ എന്ന പേരില്‍ റെസ്റ്റോറന്റ് തുടങ്ങിയത്.’
ലോക്ക്ഡൗണ്‍ ദിനങ്ങള്‍
‘വീട്ടില്‍ എന്നെ സഹായിക്കാന്‍ ഒരു അമ്മ വരാറുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാരണം അവര്‍ക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് ഞാനും ഏട്ടനും ഒരുമിച്ചാണ് അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത്. ‘ഇത് നിന്റെ മാത്രം ജോലിയാണ്.’, ‘നീ ഇത് ചെയ്യണം.’ എന്ന് ഒന്നും പറഞ്ഞ് ഏട്ടന് ഒരിക്കലും ഒന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല. നിര്ബന്ധിക്കാറും ഇല്ല. എല്ലാത്തിനും കൂടെ നിന്നിട്ടേ ഉള്ളു. ദേഷ്യം വന്നാല്‍ പോലും ‘ചിത്ര!’ എന്ന ഒരു വിളിയില്‍ അത് ഒതുക്കും.’
‘ആനീസ് ഹോം കിച്ചണ്‍’ എന്ന യുട്യൂബ് ചാനല്‍
ലോക്ക്ഡൗണ്‍ സമയത്ത് ആക്ടീവ് ആകാന്‍ എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിച്ചപ്പോഴാണ് യുട്യൂബ് ചാനല്‍ എന്ന ചിന്ത ഉണ്ടായത്. അപ്പോഴാണ് ഞാന്‍ ചെയ്യാം എന്ന് ഏട്ടന് പറയുന്നത്. ആ വിഭവങ്ങള്‍ ഉണ്ടാക്കിയ സമയത്ത് പിന്നില്‍ നിന്ന് ഞാന്‍ എല്ലാം പറഞ്ഞു കൊടുത്തു. അത് ഒരു രസകരമായ അനുഭവം ആയിരുന്നു. ഞങ്ങള്‍ പരസ്പരം സെലിബ്രട്ടീസ് ആയിട്ടല്ല കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കല്ല്യാണം കഴിച്ചത് സ്വപ്നം കണ്ട, അല്ലെങ്കില്‍ ആഗ്രഹിച്ച ഒരു മനുഷ്യനെ തന്നെയാണ്. എന്റെ മരണം വരെ അത് അങ്ങനെ തന്നെ തുടരും. തിരിച്ചും അങ്ങനെ തന്നെയാണ്. അതാണ് എന്റെ ധൈര്യവും. മക്കളില്‍ നിന്നും ഞാന്‍ ഒന്നും തിരിച്ച് പ്രതീക്ഷിക്കുന്നില്ല. എന്റെ വിശ്വാസം എന്നുമെന്നും ഷാജി കൈലാസ് മാത്രമാണ്.’
‘ആനീസ് കിച്ചണ്‍’ ഇല്ലാതെ.. ഷോയിലെ കോട്ടയം സംസാരശൈലി
‘പ്രേക്ഷകരോട് ഒന്നിച്ച് ഇരിക്കാന്‍ കിട്ടിയിരുന്ന ഒരു മണിക്കൂര്‍ മാത്രമായിരുന്നു ‘ആനീസ് കിച്ചണ്‍’ എന്ന പ്രോഗ്രാം. ഓരോ പുതിയ ഗസ്റ്റുകളെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും അവരിലൂടെ പുതിയ അറിവുകള്‍ ആളുകളിലേക്ക് എത്തണമെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ആഗ്രഹിക്കാറുണ്ട്. കോട്ടയത്താണ് എന്റെ കുടുംബം. പക്ഷെ തിരുവനന്തപുരത്താണ് പഠിച്ചതും ഇപ്പോള്‍ താമസിക്കുന്നതും. ആനീസിലും ഞാന്‍ എന്റെ സാധാരണ ശൈലിയില്‍ സംസാരിക്കുന്നു എന്നേ ഉള്ളു. അത് തന്നെയാണ് ഞാന്‍.’
‘ആനീസ് കിച്ചണു’മായി ബന്ധപ്പെട്ട ട്രോള്‍
‘ദൈവം എന്നെ ലൈംലൈറ്റില്‍ നില്ക്കാന് അനുവദിച്ചത് മൂന്ന് വര്‍ഷക്കാലമാണ്. ഞാന്‍ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ ഗുരുക്കന്മാരില് നിന്നും ഞാന്‍ മനസ്സിലാക്കിയത് മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നത് ലെജന്‍ഡ്സ് ആണെന്നാണ്. എന്റെ പരിമിതമായ അറിവില്‍ ലെജന്‍ഡ്സ് അങ്ങനെ ചെയ്യുന്നത് ആ ക്യാരക്ടറിനെ അത്രമാത്രം ഉള്‍ക്കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയും എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികള്‍ മേക്കപ്പ് ഇല്ലാതെയാണ് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയമാണ് തോന്നിയത്.
സാധാരണക്കാരുടെ ഇടയില്‍ ആര്‍ട്ടിസ്റ്റ് എന്നാല്‍ സിനിമയില്‍ എന്ന പോലെ ജീവിതത്തിലും എല്ലായ്പ്പോഴും മേക്കപ്പ് ചെയ്ത് മാത്രം പൊതുവേദിയില്‍ വരുന്ന ഒരു ഗ്രൂപ്പ് ആളുകള്‍ ആണെന്നുള്ള വിചാരം പണ്ടു മുതലേ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കുട്ടികള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ട് എന്ന് ഒരു ഇന്‍ഫര്‍മേഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് അന്നത്തെ ആ പ്രോഗ്രാമിലൂടെ ഞാന്‍ ശ്രമിച്ചത്. ഒരിക്കല്‍ പോലും ഞാന്‍ ആ പ്രോഗ്രാമില്‍ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുഴുവന്‍ കാണാതെ ഇങ്ങനെ ഉള്ള ട്രോളുകള്‍ ഇറങ്ങുന്നത് കാണുമ്പോള്‍ സാധാരണ സ്ത്രീ എന്ന നിലയില്‍ വിഷമം ഉണ്ട്. പക്ഷെ ഞാന്‍ അതിനെ എല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് ശ്രമിക്കുന്നത്. ആ ട്രോള്‍ ഉണ്ടാക്കിയ ആളോട് എനിക്ക് ദേഷ്യവും ഇല്ല. ഞാന്‍ കാരണം ഒരാള്‍ എങ്കിലും പ്രശസ്തനാവുന്നെങ്കില്‍ അത് നല്ലതല്ലേ? പക്ഷെ സാധാരണയായി നമ്മള് ഒക്കെ പറയുന്ന നാട്ടുവര്‍ത്തമാനം എന്ന രീതിയില്‍ ഞാന്‍ പറഞ്ഞത് എല്ലാം വല്ലാതെ വളച്ചൊടിച്ചു. ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും അതിനെ പറ്റി പറയാന്‍ ഇല്ല.’
കുടുംബത്തെ പറ്റി പറയുന്ന മറ്റൊരു വീഡിയോ ചര്‍ച്ച ആയതിനെ കുറിച്ച്…
‘എന്റെ കാര്യം ഞാന്‍ പറയാം. ഞാന്‍ ഒരു ജോയിന്റ് ഫാമിലിയില്‍ വളര്‍ന്ന ആളാണ്. അതുകൊണ്ട് തന്നെ അവിടെ ഉള്ള എല്ലാ അമ്മമാരും ഒരു കുടുംബം എങ്ങനെ ഒരുമിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു എന്ന് ഞാന്‍ ചെറുപ്പത്തിലേ ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എപ്പോഴും സ്ത്രീകള്‍ ഭര്‍ത്താവിനെക്കാള്‍ കുറച്ചു താഴ്ന്ന് നില്‍ക്കണം എന്നാണ്. ഞാന്‍ അനുസരിക്കുന്നതും അതാണ്. അതില്‍ ഇപ്പോഴും എനിക്ക് ഒരു കുറ്റബോധവും ഇല്ല. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ സ്വയം പര്യാപ്തത നേടി സ്വന്തം കാലില്‍ നില്ക്കുന്നതില് എനിക്ക് സന്തോഷം മാത്രമേയുള്ളു. അവര്‍ അങ്ങനെ മുന്നോട്ട് പോകട്ടെ. പിന്നെ ഏട്ടന് എപ്പോഴും പറയുന്നത് ഓരോ കാര്യം നമ്മള് ചെയ്യുമ്പോഴും കുറേപേര്‍ നമുക്ക് ബൊക്കെ തരും. വേറെ കുറേ പേര് കല്ലെറിയും. ബൊക്കെ സ്വീകരിക്കുക. മറ്റേത് മറക്കുക എന്നാണ്.’
വിമര്‍ശിച്ചവരില്‍ ഒരാള്‍ എന്ന നിലയ്ക്ക് ഒന്നേ പറയാന്‍ ഉള്ളു. നമ്മള് വ്യത്യസ്ത ജീവിതങ്ങള്‍ നയിക്കുന്നതുകൊണ്ട് വിശ്വസിക്കുന്ന ശരികളിലും വ്യത്യാസം ഉണ്ടാകും. എന്നാല്‍ നമ്മുടെ ഒരു ശരി മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. നമുക്ക് ഉള്ള പലതും അവര്‍ക്ക് ഉണ്ടാകില്ല. അവര്‍ക്ക് ഉള്ളത് പലതും നമുക്ക് ഉണ്ടാകില്ല. അന്യയായ ഒരാള്‍ പ്രായപൂര്‍ത്തിയും പക്വതയും ഉള്ളതാണെങ്കില്‍ അവരുടെ ജീവിതം നമ്മള് ഡിസൈന്‍ ചെയ്യരുത്. അങ്ങനെ ചെയ്യുമ്പോള്‍ ആ ശരികള്‍ തെറ്റായി കാണുന്നവര്‍ പ്രതിഷേധിക്കും. മറുഭാഗവും കേള്‍ക്കാനും അംഗീകരിക്കാനും കഴിയണം.
