Travel

കാടിന്റെ നടുവിലുള്ള ഒരു കൊട്ടാരത്തിലേക്ക്, കാര്‍ബണിന്റെ അമ്മച്ചിബംഗ്ലാവിലേക്ക് ഒന്നു പോയി വന്നാലോ?

‘കൊടും കാടിനു നടുവില്‍ പഴയൊരു വീട്. മൈലുകളോളം ജനവാസമില്ല. ഫോണില്ല. കറണ്ടില്ല. അങ്ങനെ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കാനുള്ള ധൈര്യമുണ്ടോ?’കാര്‍ബണ്‍ ചിത്രത്തിലെ ആ ഡയലോഗ് കേട്ട, ആ ചിത്രം കണ്ട ആര്‍ക്കാണ് ആ വീട്ടില്‍ ഒന്ന് പോയി വരാന്‍ തോന്നാത്തത്… ആ അമ്മച്ചി ബംഗ്ലാവിലേക്ക് ഒന്നു വായിച്ചുകൊണ്ട് പോയി വന്നാലോ…

ഇടുക്കിയില്‍ നിന്ന് ചാര്‍ളിയിലെ മിനറല്‍സ് നിറഞ്ഞ വെള്ളച്ചാട്ടം വരെ എത്തണ്ട. അതിനു മുമ്പേ പരുന്തുംപാറയും പീരുമേടും കടന്ന് കുട്ടിക്കാനത്ത് എത്തുമ്പോഴേക്കും കോടമഞ്ഞ് കമ്പളം പോലെ അന്തരീക്ഷത്തില്‍ മുഴുവന്‍ വിടര്‍ന്നു നില്‍ക്കും.

മിക്കപ്പോഴും കോട മൂടി കിടക്കുന്ന കുട്ടിക്കാനം കടന്നുവേണം പീരുമേട്, കുമളി, തേക്കടി ഭാഗങ്ങളിലേക്കും, കട്ടപ്പന, വാഗമണ്‍ എന്നിവിടങ്ങളിലേക്കും പോകാന്‍. ഒട്ടനവധി ഹോട്ടലുകളും, കടകളും വാഹനസൗകര്യവും ഉള്ള കുട്ടിക്കാനത്ത് ഒരു ക്രിസ്ത്യന്‍ സ്കൂളും ചെറിയൊരു പെട്രോള്‍ പമ്പും ഉണ്ട്. ബസ്സിറങ്ങി മെയിന്‍ റോഡിലൂടെ 300 മീറ്ററോളം കോട്ടയം ഭാഗത്തേക്ക് നടന്ന് ബാര്‍ബീക്യൂ ഹോട്ടലും കടന്ന് മിസ്റ്റി മൗണ്ടെന്‍ എന്ന റിസോര്‍ട്ടിനെ ചാരി ഇടത് വശത്തായി കാണുന്ന റോഡില്‍ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടന്നാല്‍ കൊട്ടാരത്തിന്റെ പടിക്കലെത്താം.

ടാര്‍ ചെയ്ത റോഡും പിന്നീട് കരിങ്കല്‍ നിറച്ചതും അതിന് ശേഷം ചെമ്മണ്‍പാതയും ചേര്‍ന്നതാണ് റോഡിന്റെ പ്രകൃതം. ബൈക്കും കാറും ജീപ്പും മുതല്‍ ചെറിയ ബസ്സുകള്‍ വരെ കൊട്ടാരമുറ്റത്ത് എത്തും. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് നശിച്ച ഗേറ്റ് കടന്നാല്‍ രണ്ടുവശത്തും കാട് നിറഞ്ഞ വഴിയാണ്. ഒരു ചെറിയ വളവു കൂടി കടന്നാല്‍ പ്രൗഢിയോടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരത്തിന്റെ മുന്‍ഭാഗം കാണാം.

കൊട്ടാരം കണ്ടപ്പോള്‍ കാര്‍ബണ്‍ സിനിമയിലെ പല രംഗങ്ങളും കണ്മുന്നില്‍ മിന്നിമറയുന്നതുപോലെ തോന്നി.

ഒരുപാട് സഞ്ചാരികള്‍ ഇവിടെ കാഴ്ച്ചകള്‍ കാണാന്‍ വന്നെത്താറുണ്ട്. പുറം മോടി കണ്ടാല്‍ ഈ കെട്ടിടത്തിനു ‘കൊട്ടാരം’ എന്ന പേരിനെക്കാള്‍ ചേരുന്നത് ‘പ്രേതബംഗ്ലാവ്’ എന്ന് വിളിക്കുന്നതാണെന്ന് തോന്നും. ചുറ്റും മൂടി കിടക്കുന്ന കാടും, തകര്‍ന്ന മേല്‍ക്കൂരയും വീടിന്റെ മുകള്‍ഭാഗവും, ചിതലരിച്ച് നശിച്ച ജനലുകളും വാതിലുകളും, മാറാലകളും, പൂര്‍ണ്ണമായും നശിച്ച അടുക്കളഭാഗവും…. എല്ലാംകൊണ്ടും ഒരു പ്രേതാലയം സെറ്റിങ്ങ്. കൊട്ടാരത്തിന്റെ സംരക്ഷണ കാര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം!

ഒരു നേരത്ത് നാലോ അഞ്ചോ ആള്‍ക്കാരെ മാത്രമേ അകത്ത് കയറാന്‍ അനുവദിക്കുകയുള്ളു. മറ്റുള്ളവര്‍ ഊഴത്തിനായി കാത്തിരിക്കണം. ധര്‍മ്മലിംഗം. 70 വയസ്സോളം പ്രായമുള്ള തമിഴ്നാട് കമ്പചുരുളി സ്വദേശിയാണ്. അദ്ദേഹമാണ് കൊട്ടാരം സൂക്ഷിപ്പുകാരന്‍. ധര്‍മ്മലിംഗത്തിന്റെ താമസവും ഭക്ഷണവും ഒക്കെ കൊട്ടാരത്തില്‍ തന്നെയാണ്. ശരിക്കും കാര്‍ബണിലെ കൊച്ചുപ്രേമനെ ഓര്‍മ്മ വന്നു. ധര്‍മ്മലിംഗവും പറഞ്ഞു ‘എന്റെ കഥാപാത്രമാണ് അദ്ദേഹം അതില്‍ അഭിനയിച്ചിട്ടുള്ളത്‌.’ അദ്ദേഹത്തിന്റെ മുത്തശ്ശനും മുന്‍തലമുറക്കാരും തിരുവിതാംകൂര്‍ മഹാരാജാവിന്റെ സേവകരായിരുന്നു പോലും.

ബാംഗ്ലൂരിലുള്ള ഒരു IT കമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ കൊട്ടാരം. എങ്കിലും സംരക്ഷണ ചുമതല ധര്‍മ്മലിംഗത്തിനു തന്നെയാണ്. അങ്ങനെ നമ്മുടെ ഊഴമായി. ഇനി അകത്തു കയറാം?

കയറി വരുന്നത് തന്നെ ഒരു ഹാളിലേക്കാണ്. രാജകൊട്ടൊരത്തിലെ തീരുമാനങ്ങള്‍ ഒക്കെ എടുത്തിരുന്ന ദര്‍ബാര്‍ ഹാള്‍. അതിന്റെ പ്രൗഢിയും ഉണ്ട്. തടികൊണ്ടുള്ള പലകകള്‍ പാകിയ മേല്‍ക്കൂര. തീ കായാനുള്ള സൗകര്യം. പകല്‍ സമയത്ത് സൂര്യപ്രകാശം അകത്തേക്ക് കടക്കാനായി പല വര്‍ണ്ണങ്ങളിലുള്ള ഗ്ലാസുകള്‍ കൊണ്ട് തീര്‍ത്ത ഒരു ഫ്രഞ്ച് ജനവാതില്‍… തനിമയുടെ ഐശ്വര്യം തളം കെട്ടി നില്‍ക്കുന്ന സ്ഥലം. ആര്‍ക്കും ഒരു രാജാവായിരുന്നെങ്കില്‍ എന്നു തോന്നും.

ഹാളില്‍ നിന്ന് ചെറിയ ഒരു ഇടനാഴി വഴി നടുമുറ്റത്ത് എത്താം. ചെടികളും പൂക്കളും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന നടുമുറ്റത്തിന് ചുറ്റും കൊട്ടാരത്തിലെ കിടപ്പുമുറികള്‍.ഇപ്പോള്‍ ഒന്നില്‍ ധര്‍മ്മലിംഗം താമസിക്കുന്നു. മറ്റു രണ്ട് മുറികളില്‍ പഴയ സാധനങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്നു. അവഗണനയുടെ ലക്ഷണങ്ങള്‍ പിന്നെയും കൊട്ടാരം കാണിച്ചു തുടങ്ങിയിരിക്കുന്നു. രണ്ട് ഭൂഗര്‍ഭ അറകള്‍ ഉണ്ടത്രെ ഇവിടെ. ഒരെണ്ണം പീരുമേട് ക്ഷേത്രത്തിലേക്കും മറ്റൊന്ന് കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും. അവ രണ്ടും സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കില്ല.ഇപ്പോഴും പഴമയുടെ മഹത്ത്വം വിളിച്ചോതുന്ന ഇറ്റാലിയന്‍ ടൈലുകള്‍ കൊണ്ട് നിര്‍മ്മിച്ച കുളിമുറികളും, പണ്ടു കാലത്തെ മികച്ച ഉത്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ അടുക്കളയും, ഊണ്മുറിയും, പൂജാമുറിയും കാണേണ്ട കാഴ്ച്ചകള്‍ തന്നെയാണ്. അമ്മച്ചിക്കൊട്ടാരം രാജാവിന്റെ പത്നിയുടെ വേനല്‍ കാല വസതി ആയിരുന്നു. അങ്ങനെയാണത്രെ ഈ കൊട്ടാരത്തിന് അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്. മണ്‍മറഞ്ഞുപോകുന്ന ഈ രാജകീയ സൗധം ഒരിക്കലെങ്കിലും കണ്ടിരിക്കണം എല്ലാവരും.

ചിത്രങ്ങൾ: നൗഫൽ കാരാട്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top