Entertainment

‘അത്രയും കാലം ചതിക്കപ്പെട്ടുകൊണ്ട് ഇരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത് വളരെ താമസിച്ചാണ്.’ ; പ്രണയ അനുഭവത്തെ കുറിച്ച് നടി അമേയ മാത്യു

ഹിറ്റ് വെബ് സീരീസ്സ് ‘കരിക്കി’ലൂടെ പ്രേക്ഷകപ്രീതി നേടിയ നടി അമേയ മാത്യു തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രണയത്തിനെ കുറിച്ചും, ബ്രേക്കപ്പിനെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ്.

അമേയ മാത്യുവിന്റെ വാക്കുകളിലേക്ക്,

‘ബിഎഡ് പാതിവഴിയില്‍ ഉപേക്ഷിച്ചു നില്‍ക്കുന്ന സമയത്ത് ഒരു ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും, ചിത്രം നിന്നുപോയി. ആ സമയത്ത് ഞാന്‍ നിരാശയില്‍ ആയിരുന്നു. വീടിനു പുറത്ത് ഇറങ്ങാന്‍പോലും തോന്നാറില്ലായിരുന്നു. പരിചയമുള്ളവരൊക്കെ കാണുമ്പോള്‍ ‘എന്തിനാണ് ബിഎഡ് നിര്‍ത്തിയത്?’, ‘കാനഡ പോക്ക് എന്തായി?’, ‘സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അത് എന്തായി?’ എന്നൊക്കെ ചോദിക്കും. ഇതിനുള്ള മറുപടികള്‍ പറഞ്ഞു പറഞ്ഞ് ഞാന്‍ മടുത്തിരുന്നു.

ആ സമയത്താണ് ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്നത്. അത് കൊച്ചിയില്‍ ആയിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുകൊണ്ട് അത് ചെയ്യാനാകില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാ കാര്യത്തിനും അമ്മ സമ്മതിക്കില്ല എന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ രണ്ടും കല്‍പ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം, തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാല്‍ എന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്പനിയില്‍ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്.

കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്ത് ആയിരുന്നു ഒരു കട്ട പ്രണയം ഉണ്ടായിരുന്നത്. അഞ്ച് ആറ് മാസത്തെ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞാന്‍ ആ ബന്ധത്തില്‍ വളരെ ആത്മാര്‍ത്ഥത കാട്ടിയിരുന്നു. അത്രയും സിന്‍സിയര്‍ ആവേണ്ടായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നി. കാരണം, അത്രയും കാലം ചതിക്കപ്പെട്ടുകൊണ്ട് ഇരിക്കുകയായിരുന്നുവെന്ന് മനസ്സിലായത് വളരെ താമസിച്ചാണ്.

ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതില്‍നിന്ന് കരകയറുകയെന്ന് പറയുന്നത് തന്നെ വലിയ ഒരു ടാസ്ക്കായിരുന്നു.

ഒരു മാസത്തില്‍ കൂടുതല്‍ ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ആഹാരം കഴിക്കില്ല. ഉറങ്ങില്ല. അഥവാ എങ്ങനെ എങ്കിലും ഉറങ്ങിയാല്‍തന്നെ പേടിച്ച് ഞെട്ടി എഴുന്നേല്‍ക്കും. ആ ദിവസങ്ങളില്‍ വിവരിക്കാന്‍ ആകാത്ത വിധത്തിലുള്ള പ്രത്യേക തരം അവസ്ഥ ആയിരുന്നു.

സത്യം പറഞ്ഞാല്‍, ആ ബ്രേക്കപ്പ് എന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു. എന്നെ കൂടുതല്‍ കരുത്തയാക്കി. എന്തു വന്നാലും തോറ്റു കൊടുക്കില്ല, വിട്ടു കൊടുക്കില്ല, മുന്നോട്ടുതന്നെ പോകാം എന്ന ഒരു ധൈര്യം എനിക്ക് കിട്ടിയത് അപ്പോഴാണ്.

പിന്നെ ഒരു അവസരത്തിനായി എല്ലാ വാതിലുകളും മുട്ടുക എന്ന് പറയില്ലേ.. അതായിരുന്നു എന്റെ അവസ്ഥ. പരിചയത്തിലുള്ള സംവിധായകര്‍ക്കും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്റെ പോര്‍ട്ട്ഫോളിയോ അയച്ചു കൊടുക്കുക, ഓഡിഷന്‍സ് അറ്റെന്‍ഡ് ചെയ്യുക തുടങ്ങി ഒരു നല്ല പടത്തിന്റെ ഭാഗമാകാനായി ശ്രമിച്ചുകൊണ്ടേ ഇരുന്നു.’

Most Popular

To Top