ബിവറേജസ് കോര്പ്പറേഷന് മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പ് ‘ബവ് ക്യൂ’ തയ്യാറായതായി അറിയിച്ചു. അറിയിപ്പില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും പറയുന്നു. കഴിഞ്ഞ ദിവസം പ്ലേസ്റ്റോറില്‍ സമര്‍പ്പിച്ച ആപ്പ് ഇന്നു വൈകിട്ടു മുതല്‍ ലഭ്യമാകും. ആപ്പിന്റെ ട്രയല്‍ റണ്‍ നാളെയും മറ്റന്നാളും നടത്തും. ആപ്പ് കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുടേതാണ്. ആപ്പിന് പ്രത്യേക പേര് നല്‍കിയത് ബെവ്കോയുടെ പേരിലും മറ്റും വ്യാജ ആപ്പുകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്.
ജിപിഎസ് സംവിധാനമുള്ള ഈ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഏറ്റവും സമീപത്തുള്ള ബാര്‍, ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാന്‍ സാധിക്കും.
മദ്യം ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളില്‍ എത്തിയാല്‍ ലഭിക്കും. ആപ്പ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ വഴിയും മദ്യം വാങ്ങാം.
പരമാവധി ഒരാള്‍ക്ക് 3 ലിറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. സാമൂഹിക അകലം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ പാലിച്ചിരിക്കണം.
