Entertainment

‘ചേരിയില്‍ ജനിച്ചു. അമ്മയ്ക്ക് വേണ്ടി നടിയായി’ ; ടെഡ് എക്സ് ടോക്ക്സില്‍ നടി ഐശ്വര്യ രാജേഷ്

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെന്നൈയിലെ ചേരിയില്‍ ജനിച്ചു വളര്‍ന്ന് സമകാലിക ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ഐശ്വര്യ രാജേഷിന്റെ വാക്കുകളാണ്. ടെഡ് എക്സ് ടോക്ക്സിലാണ് ആരുടെയും പിന്തുണയില്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ച നടി തന്റെ ജീവിതം വെളിപ്പെടുത്തിയത്. ഐശ്വര്യ ‘ചെറുപ്പത്തില്‍ അച്ഛനെയും രണ്ട് മുതിര്‍ന്ന സഹോദരന്മാരെയും നഷ്ടപ്പെട്ട ഞാന്‍ അമ്മയ്ക്ക് താങ്ങാകാനും കുടുംബത്തെ പിന്തുണയ്ക്കാനുമാണ് നടിയായത്.’ എന്ന് പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകളിലേക്ക്, ‘വേദനയും വിജയവും സന്തോഷവും സ്നേഹവും നിറഞ്ഞത് ആയിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങളുടെ ഏക അനിയത്തി ആയിരുന്നു. അച്ഛനും അമ്മയും അടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ ഇല്ലെന്ന തോന്നല്‍ ഉണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളി ആയിരുന്നു അമ്മ.

ഞാന്‍ നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിന് പിന്നില്‍ എന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്ക് ഉണ്ട്. എന്റെ മാതൃഭാഷ തെലുങ്കാണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമേ അറിയൂ. ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ല. വളരെ അധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാലു പേരെയും വളര്‍ത്തിയത്. അമ്മ ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടുവന്ന് വില്‍ക്കുമായിരുന്നു. എല്‍.ഐ.സി ഏജന്റായും റിയല്‍ എസ്റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. മുന്‍നിര സ്കൂളുകളിലാണ് ഞാന്‍ പഠിച്ചത്.

എനിക്ക് 12-13 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ പറയുന്നത് ചേട്ടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ്. അത് ഇന്നും ആര്‍ക്കും അറിയില്ല. അടുത്ത വീട്ടിലെ ആരെങ്കിലും മരിച്ചുപോയാല്‍ തന്നെ നമുക്ക് വിഷമം ആകില്ലേ.. ആ നഷ്ടം നേരിട്ടപ്പോള്‍ ആ സത്യം അംഗീകരിക്കാനും അതിജീവിക്കാനും അമ്മയും ഞങ്ങളും ബുദ്ധിമുട്ടി. എന്നാലും സങ്കടം മറന്ന് വീണ്ടും ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നുപോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്.ആര്‍.എം കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ച് ഇറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ വീണ്ടും ഒരു ദുരന്തം ഞങ്ങളെ തേടി എത്തി. ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു.

ചേട്ടന്‍റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകള്‍ എല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. അമ്മയ്ക്ക് ഒട്ടും വയ്യാതെ ആയി. ഇത്തരം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മകള്‍ എന്ന നിലയില്‍ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്. അന്നാണ് ഞാന്‍ ആദ്യമായി ഒരു ജോലി ചെയ്യുന്നത്.

ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്ന് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രമോഷന്‍ ചെയ്തിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്ന ആളുകളെക്കൊണ്ട് ഇത് ടേസ്റ്റ് ചെയ്യിക്കുകയായിരുന്നു ജോലി. അന്ന് എനിക്ക് 225 രൂപ ശമ്പളം കിട്ടി. ബര്‍ത്ത്ഡേ പാര്‍ട്ടികളില്‍ ആങ്കറായും ജോലി ചെയ്ത് പണം ഉണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ട് ഇരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അത് മതിയാകില്ലല്ലോ.. അങ്ങനെ അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.

ടിവി സീരിയലുകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലം എന്ന് അറിഞ്ഞു. മാസത്തില്‍ അഞ്ചോ ആറോ ദിവസമാണ് ഷൂട്ട്. രാവിലെ മുതല്‍ രാത്രി വരെയുള്ള അദ്ധ്വാനത്തിന് ഇത്ര ചെറിയ തുകയോ എന്നും 25,000 – 50,000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്മാര്‍ ഇവിടെ ഉണ്ടല്ലോ എന്നും അമ്പരന്ന എന്നോട് അമ്മ പറഞ്ഞു, ‘സിനിമകളില്‍ അങ്ങനെയാണ്. ആദ്യം ചെറിയ പ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും.’ ആയിടയ്ക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അതുവെച്ച് സിനിമയിലേക്ക് ശ്രമിച്ചു തുടങ്ങി.

‘അവര്‍കളും ഇവര്‍കളും’ ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ലൈംഗിക ചൂഷണം. അത് എല്ലാ ഇടത്തും ഉണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്. നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു. സത്യം പറഞ്ഞാല്‍ സൂപ്പര്‍നായികയെപ്പോലെ വസ്ത്രം ധരിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടി എന്ന നിലയിലും എന്റെ ഇരുണ്ട നിറം കാരണവും പല ഇടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു.

ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോട് നേരിട്ട് പറഞ്ഞു : ‘നിങ്ങളെപ്പോലെ ഉള്ളവരെ നായിക ആക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് പോലെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്ക് പറ്റും. അല്ലാതെ നായിക ആകാന്‍ നോക്കി സമയം കളയണ്ട.’ ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു, ‘കോമഡി കൈകാര്യം ചെയ്യുന്ന നടന് ഒപ്പം ഒരു റോള്‍ തരാം’ എന്ന്. എനിക്ക് അതില്‍ താത്പര്യം ഇല്ലെന്ന് അറിയിച്ചു.

രണ്ടു മൂന്നു വര്‍ഷം അവസരം ഒന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച ‘അട്ടക്കത്തി’യിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നല്ല വേഷങ്ങള്‍ കിട്ടി. ‘പന്നൈയാറും പത്മിനിയും’, ‘റമ്മി’, ‘തിരുടന്‍ പോലീസ്’ … അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. ‘കാക്കമുട്ടൈ’യാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായാണ് അതില്‍ അഭിനയിച്ചത്. ആ അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറല്ലായിരുന്നു. എനിക്ക് അതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. ‘കാക്കമുട്ടൈ’യിലൂടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. നാട് അറിയുന്ന നടിയായി. ആറ് ഏഴ് സിനിമകളില്‍ നായികയായി. ആരും പിന്തുണച്ചിട്ടല്ല. ലൈംഗികപരമായ ചൂഷണം വരെ നേരിട്ടുണ്ട്. ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയാം.

‘കാക്കമുട്ടൈ’ ചേരിയില്‍ ചിത്രീകരിച്ച സിനിമയാണ്. ഞാന്‍ അവിടെ താമസിച്ച് അഭിനയിക്കുകയായിരുന്നു. അവിടെ ഒരു പെണ്‍കുട്ടി തുണി അലക്കുന്നത് വീടിന് അകത്ത് തന്നെയാണ്. അവിടെ തന്നെയാണ് അടുപ്പും. അതിന്റെ കൂടെ തന്നെ നാല് കുട്ടികള്‍, നായക്കുട്ടി അങ്ങനെ.. പക്ഷെ അവര്‍ ആ ജീവിതം ആസ്വദിക്കുന്നു. ആ വീട്ടമ്മ ഒരു ദേവതയായി എനിക്ക് അനുഭവപ്പെട്ടു.

‘കാക്കമുട്ടൈ’യ്ക്കും അതിലെ അഭിനയത്തിനും വലിയ നിരൂപകപ്രശംസ കിട്ടിയിരുന്നു. പക്ഷെ എനിക്ക് വലിയ അവസരങ്ങള്‍ ഒന്നും കിട്ടിയില്ല. ഒരു വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. എന്റെ കഴിവ് അറിയുന്ന താരങ്ങള്‍ എന്നെ അവരുടെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു. ‘വടചെന്നൈ’യില്‍ ധനുഷിനൊപ്പവും ‘ധര്‍മദുരൈ’യില്‍ വിജയ് സേതുപതിയ്ക്ക് ഒപ്പവും അഭിനയിച്ചു. വലിയ താരങ്ങള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ നായികയാകുന്ന സിനിമകള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. അങ്ങനെ ‘കനാ’ ചെയ്തു. ക്രിക്കറ്റ് താരമായാണ് അഭിനയിച്ചത്. ആറു മാസം പരിശീലനം ഉണ്ടായിരുന്നു. ആ സിനിമ എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ന് ഇപ്പോള്‍ ചെയ്യുന്ന ആറ് സിനിമകളിലും ഞാന്‍ തന്നെയാണ് ഹീറോ.

ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഒരാള്‍ പോലും പിന്തുണയ്ക്കാന്‍ വന്നിട്ടില്ല. നിറത്തിന്റെ പേരില്‍ എന്നെ പരിഹസിച്ചവരുണ്ട്. ലൈംഗിക ചൂഷണത്തിന് ശ്രമിച്ചവരുണ്ട്. പക്ഷെ അതിനെ ഒക്കെ ഞാന്‍ തരണം ചെയ്തു. എന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം. നിങ്ങളുടെ സുരക്ഷ നിങ്ങളില്‍ തന്നെയാണ്. ഒരു സൂപ്പര്‍മാനും നിങ്ങളെ രക്ഷിക്കാന്‍ വരില്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top