Entertainment

നടക്കുന്നത് എല്ലാം വ്യാജ പ്രചാരണം – അഹാന കൃഷ്ണ

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി അഹാന കൃഷ്ണ. തനിക്ക് എതിരെ ഉണ്ടായ പ്രചരണങ്ങളില്‍ ഏറ്റവും വിഷമിപ്പിച്ചത് സമൂഹവ്യാപനം ഇല്ലെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജപ്രചരണം ആണെന്നും അഹാന റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിനെയും ബന്ധിപ്പിച്ച് അഹാന പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി നേരത്തെ വിവാദം ആയിരുന്നു. ഇതിന്റെ പേരില്‍ നടിക്ക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. തന്റെ മനസ്സില്‍ വന്ന രണ്ട് വരികള്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടതെന്നും, താന്‍ പറയാത്ത കാര്യങ്ങളുടെ പേരിലാണ് തനിക്ക് എതിരെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും അഹാന പറഞ്ഞു.

തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുഭാവം ഇല്ലെന്നും അഹാന പറഞ്ഞു. ‘യുക്തിവാദം, സമത്വം, മനുഷ്യത്വം. ഇതാണ് എന്റെ രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാരായാലും, സംസ്ഥാന സര്‍ക്കാരായാലും നമ്മളെ ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല.’ അഹാന പറഞ്ഞു.

അഹാന കൃഷ്ണയുടെ വാക്കുകളിലേക്ക്,

‘ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രണ്ട് വരികള്‍ മാത്രം ആയിരുന്നു ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി. അതില്‍ ഒരു നിഗമനമില്ല. ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി അല്ലാതെ ഈ വിഷയത്തില്‍ ഒരു വാക്കു പോലും എങ്ങും പറഞ്ഞിട്ടില്ല. പിന്നീട് പ്രതികരിച്ചത് എന്റെ വീഡിയോയിലൂടെ ആണ്. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി 24 മണിക്കൂര്‍ കഴിയുമ്പോള്‍ തനിയെ ഡിലീറ്റ് ആകുന്നതാണ്. പലരും പറയുന്നത് അത് ഞാന്‍ പ്രശ്നമായിട്ട് ഡിലീറ്റ് ചെയ്തതാണ് എന്നാണ്.

തിരുവനന്തപുരത്ത് സമൂഹവ്യാപനം ഇല്ലെന്ന് ഞാന്‍ പറഞ്ഞുവെന്ന് ചിലരൊക്കെ പറയുന്നുണ്ട്. അതാണ് ഏറ്റവും അധികം വിഷമിപ്പിച്ചത്. കൊറോണ അല്ലെങ്കില്‍ കോവിഡ് എന്ന വാക്ക് എന്റെ സ്റ്റോറിയില്‍ പോലും ഇല്ല. ഇവിടെ ലോക്ക്ഡൗണ്‍ വേണ്ടെന്നോ, എന്തിനാണ് ലോക്ക്ഡൗണ്‍ എന്നോ എവിടെയും പറഞ്ഞിട്ടില്ല.’

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാനായി ഈ ലിങ്ക് സന്ദര്‍ശിക്കുക – https://youtu.be/FyYwZtJhvJo

Most Popular

To Top