‘ആന്ഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച അദിതി രവി ചെറിയ സമയംകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കോഹിനൂര്‍’, ‘അലമാര’, ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’, ‘ആദി’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, കുഞ്ചാക്കൊ ബോബന് എന്നിവര്‍ക്കെല്ലാം ഒപ്പം അദിതി അഭിനയിച്ചിട്ടുണ്ട്.

വളരെ ആഗ്രഹിച്ച് സിനിമയില്‍ എത്തിയ താരമാണ് അദിതി രവി. സൗബിനിന്റെ നായികയായാണ് ആദ്യം അദിതി സിനിമാ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. പക്ഷെ ആ ചിത്രം തിയേറ്റര്‍ കണ്ടില്ലെന്ന് താരം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദിതി മനസ്സ് തുറന്നത്.
അദിതി രവിയുടെ വാക്കുകളിലേക്ക്,
‘ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങുന്നത്. ക്ലാസ്സില്‍ ചെറിയ നാടകങ്ങള്‍ അവതരിപ്പിച്ചാണ് തുടക്കം. അന്ന് ടീച്ചേര്‍സിന്റെ പ്രോത്സാഹനമാണ് ആത്മവിശ്വാസം നല്‍കിയത്. സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ചാണ് എത്തിയത്. നാടകങ്ങള്‍ക്ക് ശേഷം കുറേ ഹൃസ്വചിത്രങ്ങളും, പരസ്യ ചിത്രങ്ങളും ചെയ്തു. കൂടാതെ ഒരുപാട് ഓഡീഷനുകള്‍ക്ക് പോയിട്ടുണ്ട്.
സൗബിനിന്റെ നായികയായിട്ടാണ് ആദ്യം സിനിമയില്‍ എത്തുന്നത്. ‘തേര്‍ഡ് വേള്‍ഡ് ബോയ്സ്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍, ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നില്ല.
അതിന് ശേഷമാണ് ക്യാംപസ് ചിത്രമായ ‘നാമി’ല്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യം റിലീസായ ചിത്രം ‘അലമാര’യാണ്.
സിനിമ തന്നെയാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നല്ല ടീമിനൊപ്പം സിനിമ ചെയ്യാനാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. മോഹിച്ച രംഗത്ത് എത്തിപ്പെടാന്‍ കഴിയുന്നതുതന്നെ സ്വപ്നം പോലെ സുന്ദരമാണ്. പ്രത്യേകിച്ച് ഒന്നും പ്ലാന്‍ ചെയ്യാത്ത ആളാണ് ഞാന്‍. ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ പോകാറില്ല. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ സങ്കടമാകും. ‘സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതും, ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന്.’ എന്ന ഗീതാവചനത്തില് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സിനിമ അഭിനയത്തിന് പുറമേ മറ്റ് ചില ആഗ്രഹങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്ന് സ്വന്തമായി ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങണം എന്നാണ്. എന്റെ പേരില്‍ ഒരു സിനിമാ കമ്പനി! ഓര്‍ക്കുമ്പോള്‍ തന്നെ നല്ല രസമുള്ള കാര്യമാണ്.
സിനിമയും കുടുംബവുമാണ് എപ്പോഴും ആവേശവും ഉത്സാഹവും തരുന്നത്. കൂടാതെ, ജീവിതത്തില്‍ ഏറ്റവും നന്ദിയും കടപ്പാടും ഉള്ളത് കുടുംബത്തിനോട് തന്നെയാണ്.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പ്രണയിച്ചിട്ടുണ്ട്. ആ പ്രണയം സഫലമാകാതെ പോയി. സിനിമയില്‍ വന്നതിന് ശേഷം ഒരുപാട് പേര് പ്രണയ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. പക്ഷെ പ്രണയം തത്കാലം വേണ്ടെന്ന തീരുമാനത്തിലാണ്. ഇനി പ്രണയിച്ചാല്‍, അതേ ആളെത്തന്നെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അങ്ങനെ ഒരാള്‍ വരുമായിരിക്കും എന്നുള്ള ആത്മവിശ്വാസവും ഉണ്ട്.

സിനിമാ രംഗം മോശമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല എല്ലാ ഇടത്തും നല്ലതും ചീത്തയുമുണ്ട്. നിങ്ങളുടെ ശത്രുവും മിത്രവും നിങ്ങള്‍ തന്നെയാണ്. സിനിമാ രംഗത്തെ മാത്രം സദാചാര കണ്ണടവെച്ച് നോക്കേണ്ട കാര്യം ഒന്നും ഇല്ല. എല്ലാവരും ജോലി ചെയ്യാന്‍ തന്നെയാണ് ഇവിടെ വരുന്നത്.’
