അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി മഹേന്ദ്രജാലമില്ല

2011 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിലെ ആ സിക്സെർ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. 130 കോടി ഇന്ത്യൻ ജനതയുടെ നെഞ്ചിലേക്ക് ആവേശം പകർന്ന ആ സിക്സിറിന്റെ ശില്പി മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിലാണ് ധോണി ഇപ്പോൾ. അതിനിടയിലാണ് വിരമിക്കൽ പ്രഖ്യാപനം.

തന്നെ സ്നേഹിച്ചവരോടെല്ലാം നന്ദിയും കടപ്പാടും ഉണ്ടെന്നു ധോണി അറിയിച്ചു. 2019 ഇംഗ്ലണ്ടിൽ വെച്ച് നടന്ന വേൾഡ് കപ്പ് സെമിയിലാണ് ധോണി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2004 ൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച എംഎസ്ഡി ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്നു.

2007 ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ആ വർഷം തന്നെ പ്രഥമ ട്വന്റി ട്വന്റി കപ്പ്‌ നേടി തന്റെ ക്യാപ്റ്റൻ സ്ഥാനത്തിരുന്ന് ജൈത്രയാത്ര തുടങ്ങി. 2011 ൽ 28 വർഷത്തിന് ശേഷം ക്രിക്കറ്റ് വേൾഡ് കപ്പ് നേടി ധോണി ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സ് മുഴുവനായി കീഴടക്കി. 2013 ൽ ഐ സി സി ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി.

കീപ്പിങിൽ ധോണിക്ക് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് പ്രയാസ്സപ്പെട്ടിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്.

Articles You May Like

Comments are closed.