ബഹിരാകാശത്ത് കുടുങ്ങിയത് ഒരു വർഷം…!! സെർജി ക്രിക്കാലേവിന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥ…

വീടിനുള്ളിലോ വാഹനത്തിനുള്ളിലോ ഏതാനും മണിക്കൂറുകൾ കുടുങ്ങിപ്പോവുക എന്നത് തന്നെ നമുക്ക് ഒരുപാട് പേടിപ്പെടുത്തുന്ന ഒരനുഭവമാണ്. അപ്പോൾ ഭൂമിക്ക് 350 കിലോമീറ്റർ അകലെ, ഗുരുത്വകർഷണബലം പോലുമില്ലാത്ത ഒരു സ്പേസ് സ്റ്റേഷനിൽ ഏതാണ്ട് ഒരു വർഷം കുടുങ്ങിപ്പോവുക എന്നത് തികച്ചും പേടിപ്പെടുത്തുന്ന ഒരനുഭവമായിരിക്കും അല്ലെ ?! അത്തരം ഒരവസ്ഥയിലൂടെ കടന്നുപോയ മനുഷ്യനാണ് സെർജി ക്രിക്കാ ലേവ് എന്ന സോവ്യറ്റ് / റഷ്യൻ കോസ്മനോട്ട്.

സോവ്യറ്റ് യൂണിയൻ എൺപതുകളിൽ നിർമ്മിച്ച ബഹിരാകാശ നിലയമായിരുന്നു മിർ ബഹിരാകാശനിലയം. അന്നേവരെ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ ബഹിരാകാശ നിലയമായ മിർ ഒരു സാങ്കേതിക വിസ്മയം തന്നെ ആയിരുന്നു. 1986 ൽ ആണ് മിർ ഇന്റെ ആദ്യ മോഡ്യൂൾ വിക്ഷേപിച്ചത്. തുടർച്ചയായ പ്രോട്ടോൺ – സോയൂസ് വിക്ഷേപണങ്ങളിലൂടെ മോഡ്യൂളുകൾ കൂട്ടിയിണക്കിയാണ് മിർ നിർമ്മിക്കപ്പെട്ടത്. എൺപതുകളുടെ അവസാനമായപ്പോൾ സോവ്യറ്റ് യൂണിയൻ അസ്ഥിരമാകൻ തുടങ്ങി . പക്ഷെ മിർ ലേക്കുള്ള ലോഞ്ചുകൾ തുടർന്നു. 1991 മേയ് 19 ന് സോയൂസ് TM – 12 ലേറി സെർജി ക്രിക്കാലേവ് എന്ന USSR പൗരൻ മിർ ലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയായിരുന്നു അത്. അടുത്ത ദിവസം മിർ ൽ എത്തിയ ക്രിക്കാലേവ് അഞ്ചുമാസം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തും എന്നതായിരുന്നു ഷെഡ്യൂൾ.

പക്ഷെ ക്രിക്കാലേവ് മിർ ൽ എത്തി രണ്ടുമാസത്തിനുള്ളിൽ ത്തന്നെ സോവ്യറ്റ് യൂണിയനിൽ പല സംഭവങ്ങളും അരങ്ങേറി. അധികാരം പിടിച്ചെടുക്കാൻ വൈസ് പ്രെസിഡന്റ് ഗന്നാഡി യാനയേവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഏറ്റവും വലിയ ഘടക റിപ്പബ്ലിക്കായ റഷ്യൻ ഫെഡറേഷന്റെ നേതാവ് ബോറിസ് യെൽറ്റ്സിൻ അധികാരങ്ങൾ കൈയ്യടക്കി. USSR തന്നെ പ്രായോഗികമായി ഇല്ലാതായി. 1991 ഡിസംബർ 25 ന് USSR ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ടു. മിർ ൽ കുടുങ്ങിയ ക്രിക്കലേവ് തൃശങ്കുവിലായി. അപ്പോഴേക്കും അദ്ദേഹം ബഹിരാകാശനിലയത്തിൽ ആറു മാസത്തിലേറെ ചെലവഴിച്ചിരുന്നു.

സോവ്യറ്റ് യൂണിയൻ സ്പേസിൽ എത്തിച്ച ആളെ തിരികെ കൊണ്ടുവരുന്ന ബാധ്യത പിൻതുടർച്ച രാജ്യമായ റഷ്യൻ ഫെഡറേഷനായിരുന്നു. പക്ഷെ യെൽസിന്റെ റഷ്യ ഒരു താത്പര്യവും കാണിച്ചില്ല. റഷ്യൻ സ്പേസ് ഏജൻസിക്ക് പണമില്ലാത്തതു കാരണം ക്രിക്കലേവിനെ തിരികെ കൊണ്ടുവരാൻ ഒരു സോയൂസ് ദൗത്യം നടത്താനാകാതെ വന്നു. ഒടുവിൽ മിർലേക്ക് ഒരു ജർമ്മൻ ടൂറിസ്റ്റിനെ 24 മില്യൻ ഡോളർ വസൂലാക്കി അയക്കാനുള്ള കരാർ നേടിയെടുക്കാൻ റഷ്യൻ സ്പേസ് ഏജെൻസി ഗ്ലാവ്കോസ്മോസിനായി. ആ പണം ഉപയോഗിച്ച് 1992 മാർച്ച് അവസാനം മിർലേക്ക് ഒരു ദൗത്യം നടത്തി. ക്രിക്കാലേവിനെ അവർ മാർച്ച് 25ന് തിരികെ ഭൂമിയിൽ എത്തിച്ചു.

അപ്പോഴേക്കും ക്രിക്കാ ലേവ് തുടർച്ചയായി 311 ദിവസം ബഹിരാകാശത്ത് കഴിഞ് റിക്കോഡ് സ്ഥാപിച്ചിരുന്നു. അപ്പോഴും സോവ്യറ്റ് പൗരനായി മടങ്ങിയ ക്രിക്കാലേവിനെ റഷ്യ “ഹീറോ ഓഫ് റഷ്യൻ ഫെഡറേഷൻ” എന്ന പുരസ്കാരം നൽകി ആദരിച്ചു. അവസാന USSR പൗരനായിരുന്നു സെർജി ക്രിക്കാ ലേവ്. മിർ ൽ ഭക്ഷണ റിസർവ്വുകളും ഓക്സിജൻ, ജല റീജെനറേഷൻ സംവിധാനങ്ങളും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഒരു റീ സപ്ളെയും ഇല്ലാതെ അദ്ദേഹത്തിന് മാസങ്ങളോളം ഏകാന്തമായ മൈക്രോ ഗ്രാവിറ്റിയിൽ കഴിച്ചു കൂട്ടാനായത്. തിരിച്ചെത്തിയപ്പോൾ ആരോഗ്യം മോശമായിരുന്നുവെങ്കിലും ക്രിക്കാ ലേവ് പിന്നെയും പല ബഹിരാകാശ യാത്രകൾ നടത്തി. മിർ നു ശേഷം നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെക്കുള്ള (ISS) ആദ്യ സഞ്ചാരിയും ക്രിക്കാലേവ് ആയിരുന്നു.

Comments are closed.