Food

ഒരു രൂപയ്ക്കു ഇഡലി! കമലാത്താളിന്റെ കഥ അവിശ്വസനീയമാണ്.

“കമലാത്താളിനെപ്പോലെ നിസ്വാർഥയായ വ്യക്തിയുടെ അമിതലാഭേച്ഛയില്ലാത്ത പരിശ്രമവും സേവനവും നമ്മെ അത്ഭുതപ്പെടുത്തും. ഈ 80 വയസ്സിനപ്പുറവും അവർ സ്വയം അരിയാട്ടി വിറകടുപ്പിൽ തയ്യാറാക്കുന്ന ഇഡ്ഡലി കേവലം 1 രൂപയ്ക്ക് വിൽക്കുന്നത് അവിശ്വസനീയമാണ്. ഏതെങ്കിലും ഗ്യാസ് കമ്പനികൾ അവർക്ക് സിലിണ്ടർ അനുവദിച്ചാൽ ഗ്യാസിൻ്റെ മുഴുവൻ ചെലവും ഗ്യാസ് സ്റ്റോവും ഞാൻ നൽകാൻ സന്നദ്ധനാണ്.”

“വളരെ മനോഹരം. കമലാത്താളിന്‌ ഗ്യാസ് കണക്ഷൻ നൽകിയതിന് നന്ദി. ഗ്യാസിനുവേണ്ടിവരുന്ന ചെലവുകളും ഗ്യാസ് സ്റ്റോവ് ഉൾപ്പെടെ ഞാനുറപ്പുതന്ന പ്രകാരം പൂർണ്ണമായതും നടപ്പാക്കുന്നതാണ്.”

ഇവ രണ്ടും പറഞ്ഞത് വേറാരുമല്ല; മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളാണ്‌ ഇവ രണ്ടും. ഇനി ആരാണീ കമലാത്താള്‍ എന്നല്ലേ?

ഒരു രൂപയ്ക്ക് ഇഡ്ഡലിയും സൗജന്യമായി തേങ്ങാ ചട്ട്ണിയും. അതാണ് ഇഡ്ഡലി പാട്ടി. വാത്സല്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു മുത്തശ്ശി പുഞ്ചിരി. അതാണ് കമലാത്താള്‍. വര്‍ഷം മുപ്പതു തികയുകയാണ് പാട്ടി കൊയമ്പത്തൂരിനടുത്തുള്ള വടിവേലംപാളയത്തിലെ സ്വന്തം കുടിലില്‍ പാശ്ചാത്യലോകത്തെ ഒരു ‘പ്രത്യേക’ സൗകര്യങ്ങളും പ്രയോജനപ്പെടുത്താതെ ആട്ടുകല്ലില്‍ അരിയാട്ടി, വിറകടുപ്പില്‍ മീഡിയം വലിപ്പത്തില്‍ ഇഡ്ഡലി ഉണ്ടാക്കി വെറും ഒരു രൂപയ്ക്ക് വിറ്റുതുടങ്ങിയിട്ട്. 50 പൈസയായിരുന്നു 10 കൊല്ലം മുമ്പുവരെ കമലാത്താളിന്‍റെ ഇഡ്ഡലികള്‍ക്ക്. പിന്നീടാണ് 1 രൂപയിലേക്കാക്കിയത്.

പാട്ടിയ്ക്ക് ബന്ധുക്കളോ കുടുംബക്കാരോ ഇല്ല. ഒറ്റയ്ക്ക് കഴിയുന്ന കമലാത്താളിന് ഇഡ്ഡലി കഴിക്കാന്‍ വരുന്നവര്‍ തന്നെയാണ് സ്വന്തക്കാര്‍. ആളുകള്‍ കഴിച്ചിട്ട് സംതൃപ്തിയോടെ പുഞ്ചിരിക്കുന്നതു തന്നെയാണ് പാട്ടിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. മനസ്സറിഞ്ഞ് നിഷ്കളങ്കമായി പുഞ്ചിരിക്കുകയും ശുചിത്വത്തിന് അതീവ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്ന പാട്ടി ആ നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണ്.

പാട്ടി ഒരു ദിവസം 500 മുതല്‍ 700 വരെ ഇഡ്ഡലികള്‍ പാട്ടി ഉണ്ടാക്കും. 1000 വരെ ഉണ്ടാക്കാനും ഒരു മടിയുമില്ല. രാവിലെ 5:30 മുതല്‍ ഉച്ച വരെ വില്‍ക്കും. ഓരോ ദിവസം 200 രൂപയോളം മിച്ചം വരാറുണ്ടത്രെ. അത് തന്നെ ജീവിക്കാന്‍ അധികമാണെന്നാണ് പാട്ടിയുടെ വാദം.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ട് പ്രേരിതനായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാട്ടിയ്ക്ക് LPG കണക്ഷന്‍ ലഭ്യമാക്കാന്‍ കൊയമ്പത്തൂരിലെ ഭാരത് ഗ്യാസിന് നിര്‍ദ്ദേശം നല്‍കി. ആനന്ദ് മഹീന്ദ്രയും തന്‍റെ വാക്കു പാലിച്ചതോടെ കമലാത്താളിന്‍റെ അടുക്കളയില്‍ ഗ്യാസ് അടുപ്പ് സ്ഥാനം കിട്ടി. പക്ഷെ ഗ്രൈന്‍ഡറിന്‍റെ കാര്യത്തില്‍ പാട്ടി പിടി മുറുക്കി. ആട്ടുകല്ലില്‍ തന്നെ അരയ്ക്കണം എന്ന ശാഠ്യത്തില്‍ തന്നെയാണ് പാട്ടി. അത്ര സ്വാദ് കിട്ടില്ലത്രെ ഗ്രൈന്‍ഡറില്‍ അരയ്ക്കുമ്പോള്‍. അത്ര മാത്രം അര്‍പ്പണബോധവും സൂക്ഷ്മതയും ഉണ്ട് പാട്ടിയ്ക്ക് തന്‍റെ തൊഴിലില്‍.

കമലാത്താള്‍ വലിയ ഒരു പ്രചോദനമാണ്, ആശ്വാസമാണ് വരദാനമാണ് വടിവേലംപാളയത്തിലെ ജനങ്ങള്‍ക്ക്. പാട്ടിയുടെ ജീവിതത്തിന് തന്നെയില്ലേ ഒരു ഇഡ്ഡലിയുടെയും തേങ്ങാചമ്മന്തിയുടെയും സ്വാദ്!

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top