Entertainment

സൗഹൃദത്തിന്റെ പേരിൽ പ്രിത്വി അഭിനയിക്കാൻ വന്നിട്ടില്ല; പൃത്വിക്ക് വേണ്ടി എന്നല്ല ഒരു താരത്തെയും മനസ്സിൽ കണ്ടു തിരക്കഥ എഴുതാറില്ല എന്നും സച്ചി – പഴയ ഇന്റർവ്യൂവിലെ സച്ചിയുടെ വാക്കുകൾ ചർച്ച ആകുന്നു

മലയാള സിനിമയില്‍ വിസ്മയം തീര്‍ത്ത, പ്രേക്ഷകരെ വീണ്ടും വീണ്ടും തന്റെ സിനിമകള്‍ കാണാന്‍ ഉദ്ബോദിപ്പിക്കുന്ന തരത്തില്‍ രചനയും സംവിധാനവും ചെയ്ത മലയാളത്തിന്റെ സച്ചിയുടെ വിയോഗം ഇപ്പോഴും സിനിമാപ്രേമികള്‍ അംഗീകരിക്കാന്‍ പാടുപെടുകയാണ്. എല്ലാ തലങ്ങളിലും ഉള്ള ബന്ധങ്ങളെ യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ ഏറ്റക്കുറച്ചിലുകളുമായി അവതരിപ്പിച്ച സച്ചിയുടെ എത്രയോ സിനിമകളാണ് ആ അഗ്നിയില്‍ ഇന്നലെ എരിഞ്ഞടങ്ങിയത്.

സച്ചി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ പലതുമാണ് ഇപ്പോള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ കഴിയാതെ എല്‍.എല്‍.ബിക്ക് പോകേണ്ടി വന്നതില്‍ നിരാശ ഉണ്ടായിരുന്നുവെന്നും, എങ്കിലും ഇപ്പോള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അത് നന്നായി എന്ന് തോന്നുന്നതായും സച്ചി പറഞ്ഞിരുന്നു. തന്റെ എല്ലാ സിനിമകളിലും എവിടെ എങ്കിലും നിയമത്തിന്റെ ഒരു ഘടകം മുഖ്യമായി വരാറുണ്ടെന്നും, നിയമം അറിയുന്നതിനാല്‍ ആ രംഗങ്ങള്‍ അനായാസമായി സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിയാറുണ്ടെന്നും സച്ചി പറഞ്ഞിരുന്നു.

ഒരു തിരക്കഥാകൃത്ത് ഒരു തച്ചനെപോലെയും ഒരു നോവലിസ്റ്റോ കവിയോ ഒരു ശില്‍പിയെപോലെയും ആണെന്നാണ് സച്ചിയുടെ പക്ഷം. തിരക്കഥാകൃത്തിന് ഒരു മിനിറ്റ് മുതല്‍ 200 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള സംഭവം 2 1/2 മണിക്കൂറില്‍ അവതരിപ്പിക്കാം. പക്ഷെ വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂടിന് അകത്ത് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. പക്ഷെ ഒരു നോവലിസ്റ്റിനോ കവിക്കോ ആശയങ്ങളുടെ കുത്തൊഴുക്കിനെ അതുപോലെ പകര്‍ത്താം. അതിനുള്ള സര്‍വ്വസ്വാതന്ത്ര്യവും അവര്‍ക്കുണ്ട് ; ശില്‍പിയെ പോലെ.

സൗഹൃദം സിനിമയില്‍ അധിഷ്ഠിതമാണ് ; സിനിമ സൗഹൃദത്തില്‍ അധിഷ്ഠിതമല്ല എന്നും സച്ചി പറഞ്ഞിരുന്നു. താന്‍ ഒരു നടനും വേണ്ടി തിരക്കഥ എഴുതിയിട്ടില്ല. എഴുത്ത് കഴിയുമ്പോള്‍ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ താരത്തെ സമീപിക്കും. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പൃഥ്വിരാജും ബിജു മേനോനുമാണ്. അത് സിനിമയിലൂടെ ഉണ്ടായ സൗഹൃദമാണ്. ഒന്നിച്ച് ചെയ്ത ചിത്രങ്ങളെല്ലാം വിജയിച്ചതിന്റെ പേരില്‍ താന്‍ കൊണ്ടുവരുന്ന എല്ലാ സിനിമകളും പൃഥ്വിരാജ് ഏറ്റെടുത്തുകൊള്ളണമെന്ന് നിര്‍ബന്ധമില്ല. ആ സ്വാതന്ത്ര്യം ഞങ്ങള്‍ പരസ്പരം കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ സിനിമ സൗഹൃദത്തില്‍ അധിഷ്ഠിതമല്ല.

സ്ക്രിപ്റ്റ് എഴുതുമ്പോള്‍ സീനുകളുടെ ഘടനയിലല്ല എഴുതാറ്. ആദ്യം പ്രധാന രംഗങ്ങള്‍ എഴുതും. ക്ലൈമാക്സ് തീരുമാനിക്കും. എന്നിട്ട് രംഗങ്ങളെ യോജിപ്പിക്കും. എഴുതി വരുമ്പോള്‍ ചിലപ്പോള്‍ ആദ്യം പ്രാധാന്യം എന്ന് തോന്നിയ സീനുകളും കഥാപാത്രങ്ങളും അത്ര പ്രാധാന്യം ഇല്ലാത്തത് ആകും. തിരിച്ചും സംഭവിക്കാറുണ്ട്.

അവാര്‍ഡ് വാങ്ങലോ സന്ദേശം കൊടുക്കലോ അല്ല സിനിമയുടെ ലക്ഷ്യം എന്ന് വിശ്വസിച്ച, നിര്‍മ്മാതാവിന് മുടക്കുമുതല്‍ എങ്കിലും തിരികെ കിട്ടുക എന്നതാണ് പ്രധാനം എന്ന് കരുതിയ, മഹത് വ്യക്തികള്‍ പലരും ജീവിച്ച് മരിച്ചിട്ടും നന്നാവാത്ത സമൂഹം ഒരു സിനിമ കണ്ടാല്‍ നന്നാവില്ല എന്ന് വിശ്വസിച്ച, അതേസമയം, ഒരു തെറ്റായ സന്ദേശവും നല്‍കാതെ മികച്ച സിനിമകള്‍ വെള്ളിവെളിച്ചത്തില്‍ എത്തിച്ച സച്ചി തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ എന്നെന്നും ജീവിക്കും.

Most Popular

To Top