ഇന്നലെ ഒരു ചാനലിലെ സോ കോള്‍ഡ് അനുസ്മരണ ചര്‍ച്ച കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് 1994-ിലെ ഹരികുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘സുകൃതം’ ആണ്. അതില്‍ ഒരു രംഗമുണ്ട്. രോഗമൊക്കെ ഭേദമായി ഒരു മാധ്യമസ്ഥാപനത്തിലെ വിറ്റി എഡിറ്ററായ രവിശങ്കര്‍ (മമ്മൂട്ടി) തിരികെ തന്റെ ക്യാബിനില്‍ എത്തി (അപ്പോഴേക്കും അസിസ്റ്റന്റ് എഡിറ്റര്‍ ക്യാബിന് കയ്യേറി കഴിഞ്ഞിരുന്നു) തന്റെ ടേബിളിലെ ഡ്രോയര്‍ തുറക്കുമ്പോള്‍ ചിത്രങ്ങള്‍ സഹിതം തന്റെ മരണവാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്നത് കാണുന്നു. അത് കാണേണ്ടി വരുന്ന ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളും ആ അതുല്യനടന്റെ മുഖത്ത് മിന്നി മറയുന്നത് കാണാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേര്‍ണലിസം മാഷ് പറഞ്ഞു തന്ന ഒരു ‘അറിവാ’ണ് മാധ്യമ സ്ഥാപനങ്ങളിലെ ലൈബ്രറിയില്‍ എല്ലാ പ്രശസ്തരുടെയും മരണവാര്‍ത്തയും അനുസ്മരണ കുറിപ്പുകളും തയ്യാറായിരിക്കുമെന്ന്. അന്ന് ഒന്ന് ഞെട്ടിയെങ്കിലും, ‘കഷ്ടം’ എന്ന് തോന്നിയെങ്കിലും, ആ ഭീകരതയുടെ ആഴം ശരിക്കും തിരിച്ചറിയുന്നത് ഇപ്പോള്‍ ഒരു സംവിധായകന്റെ വിയോഗം ആഘോഷമാക്കുന്ന കുറേ കേളി കേട്ട ‘നല്ല’ മാധ്യമസ്ഥാപനങ്ങളെ കാണുമ്പോഴാണ്. അദ്ദേഹം അത്യാസന്ന നിലയില്‍ കിടന്ന ഓരോ ദിവസവും നില തുടരുന്നു, തുടരുന്നു എന്ന് ‘വാര്‍ത്ത’ ഇട്ട് മരണവാര്‍ത്തയ്ക്ക് കാതോര്‍ത്ത് ഇരുന്ന കുറേ ധര്‍മ്മിഷ്ടര്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെ മരണം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ കോവിഡ് 19-ും ഇന്ത്യ – ചൈന സംഘര്‍ഷങ്ങളും ഒക്കെ മറന്ന് നിശ്ചയിച്ചിരുന്ന ‘അനുസ്മരണങ്ങള്‍’ കൊണ്ട് ടിആര്‍പി കൂട്ടാന്‍ പരക്കം പാഞ്ഞു. കോവിഡ് മാനദണ്ഡങ്ങളൊക്കെ വിസ്മരിച്ച് അനുശോചനം അറിയിക്കാന്‍ എത്തിയ താരങ്ങളെ (അവിടെ അവര്‍ മനുഷ്യര്‍ മാത്രം ആയിരുന്നു.) ഫോക്കസ് ചെയ്ത് കണ്ണീരിനായി തിരഞ്ഞു. നഞ്ചിയമ്മ കരഞ്ഞുപോയപ്പോള്‍ അത് ഒരു ആഘോഷമാക്കി.
ഇതൊന്നും പോരാഞ്ഞിട്ട് ഇന്നലെ മാതൃഭൂമി ന്യൂസിന്റെ സോ കോള്‍ഡ് ‘അനുസ്മരണ’ ചര്‍ച്ചയില്‍ കരഞ്ഞ് തളര്‍ന്ന നഞ്ചിയമ്മയോട് പാട്ട് പാടാനും ആവശ്യപ്പെട്ടു. നഞ്ചിയമ്മയ്ക്ക് ഞെട്ടി ഒന്നും പറയാന്‍ കഴിയാഞ്ഞതുകൊണ്ടും, കൃത്യസമയത്ത് സംവിധായകന് രഞ്ജിത്ത് ഇടപട്ടതുകൊണ്ടും മാതൃഭൂമിക്ക് ഈ ഭാഗം ഒഴിവാക്കി ചര്‍ച്ച വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ പറ്റി.
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ പോലുള്ള ധീര മാധ്യമപ്രവര്‍ത്തകരുടെ ഈ കേരളത്തില്‍, ശ്രീ എം.പി വീരേന്ദ്രകുമാര്‍ എന്ന ഈ തലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഗുരുസ്ഥാനീയന്‍ നയിച്ച ഒരു മാധ്യമസ്ഥാപനം ഇങ്ങനെ തരം താഴുന്നത് മാധ്യമമേഖലയില്‍ ആശങ്കാജനകമാണ് ; പ്രോത്സാഹിപ്പിക്കാതിരിക്കേണ്ട പ്രവണതയാണ്. (മാതൃഭൂമി ഇത്തരം പ്രവര്‍ത്തികളില്‍ മുഴുകുന്ന മാധ്യമ സ്ഥാപനങ്ങളുടെ ഒരു ഉദാഹരണം മാത്രം.)
Photos: newindianexpress.com & Moviestreet
