Sports

സച്ചിനിന്റെ ‘മോഷണം’ ; ആദ്യ ഓവറിന് ശേഷം ഡ്രെസ്സിങ്ങ് റൂൂമിലേക്ക് ഓടിക്കയറി ശ്രീനാഥ് ; വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുണ്ട്. ക്രിക്കറ്റില്‍ ഏറ്റവും സൗമ്യനും ക്ഷമാശീലനുമാണ് സച്ചിന്‍ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ മുന്‍ താരം ഹേമംഗ് ബദനി സച്ചിന്‍ പറ്റിക്കലുകളുടെ ‘ഉസ്താദ്’ ആയിരുന്നു എന്നാണ് പറയുന്നത്. ബദനി വര്‍ഷങ്ങള്‍ക്കു മുമ്പ് സച്ചിന്‍ ചെയ്ത ഒരു പറ്റിക്കലിന്റെ കഥയും വെളിപ്പെടുത്തി.

സച്ചിനിന്റെ പറ്റിക്കലിന് ഇരയായത് മുന്‍ ഇന്ത്യന്‍ താരവും മികച്ച പേസ് ബൗളറുമായ ജവഗല്‍ ശ്രീനാഥാണ്. ബദനി ശ്രീനാഥിനെ പറ്റിക്കാന്‍ സച്ചിനിനൊപ്പം താനും കൂട്ടുനിന്നെന്ന്‌ പറയുന്നു. സച്ചിന്‍ 2002-ില്‍ ഇംഗ്ലണ്ടിന് എതിരായ കട്ടക്കില്‍ നടന്ന മത്സരത്തിലാണ് ശ്രീനാഥിനിട്ട് ഒരു പണി കൊടുത്തത്. സച്ചിന്‍ ശ്രീനാഥിന്റെ ജേഴ്സി പാന്റ്സ് ഒളിപ്പിച്ചു വെച്ചു.

ഹേമംഗ് ബദനിയുടെ വാക്കുകളിലേക്ക്,

‘പരിശീലനം നടക്കുന്ന സമയത്ത് സച്ചിന്‍ എന്നെ വിളിച്ചു. ശ്രീനാഥിന്റെ ബാഗില്‍ നിന്ന് ജേഴ്സി പാന്റ്സ് മാറ്റണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ പാന്റ്സ് മാറ്റി പകരം തന്റെ പാന്റ്സ് ആ ബാഗില്‍ വെക്കണമെന്നാണ് സച്ചിന്‍ എന്നോട് പറഞ്ഞത്. എനിക്ക് ആകെ സംശയമായി. ശ്രീനാഥിന് നല്ല ഉയരമുണ്ട്. ഏകദേശം ആറടി രണ്ട് ഇഞ്ചോ ആറടി മൂന്ന് ഇഞ്ചോ ആണ് ശ്രീനാഥിന്റെ ഉയരം. ഇത്രയും ഉയരമുള്ള ആള്‍ക്ക് സച്ചിനിന്റെ പാന്റ്സ് എങ്ങനെ പാകമാകും? സച്ചിന് അഞ്ചടി അഞ്ച് ഇഞ്ച് മാത്രമല്ലേ ഉയരം?

പിന്നീട്, മത്സരം തുടങ്ങുന്നതിന് മുന്‍പ് സച്ചിന്‍ ഈ കാര്യം എന്നോട് ആവര്‍ത്തിച്ചു. ഞാന്‍ അതുപോലെ ചെയ്തു. സച്ചിനിന്റെ പാന്റ്സ് ശ്രീനാഥിന്റെ ബാഗില്‍ വെച്ചു. പകരം ശ്രീനാഥിന്റെ പാന്റ്സ് ഞാന്‍ എടുത്തു. ശ്രീനാഥ് ഇതൊന്നും ശ്രദ്ധിച്ചില്ല. സച്ചിനിന്റെ പാകമാകാത്ത പാന്റ്സ് ധരിച്ച് അദ്ദേഹം കളിക്കാന്‍ ഇറങ്ങി. എന്നാല്‍, സഹതാരങ്ങള്‍ എല്ലാം ശ്രീനാഥിനെ നോക്കി ചിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് ശ്രീനാഥ് കാര്യം മനസ്സിലാക്കിയത്. ഒരു ഓവര്‍ പന്തെറിഞ്ഞ ശേഷം ശ്രീനാഥ് ഡ്രെസ്സിങ്ങ് റൂമിലേക്ക് ഓടിയെത്തി. ഞാന്‍ ആ സമയത്ത് ഡ്രെസ്സിങ്ങ് റൂമിലുണ്ട്. ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ ഞാന്‍ കളിക്കുന്നില്ല. ഡ്രെസ്സിങ്ങ് റൂമിലേക്ക് ഓടിയെത്തിയ ശ്രീനാഥ് ദേഷ്യപ്പെട്ടു. ആരാണ് ഇത് ചെയ്തതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ കൈ മലര്‍ത്തി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്ന് ഞാന്‍ ശ്രീനാഥിനോട് പറഞ്ഞു. ഫീല്‍ഡിങ്ങിന് നിന്നിരുന്ന ആരോ ആണ് പാന്റ്സ് വളരെ ചെറുതാണല്ലോ എന്ന കാര്യം ശ്രീനാഥിനോട് പറഞ്ഞത്. എന്തായാലും ഡ്രെസ്സിങ്ങ് റൂമില്‍ എത്തിയ ശ്രീനാഥ് പാന്റ്സ് മാറി വീണ്ടും കളിക്കാന്‍ ഇറങ്ങി. പത്ത് ഓവറില്‍ 41 റണ്‍സ് വാങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.’

Most Popular

To Top