മോളി കണ്ണമാലിയുടെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിനെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തിയത്. താരം വളരെ വേഗം തന്നെ ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷത്തില്‍ ആണെങ്കിലും അവര്‍ ഒത്തിരി അധികം യാതനകളുടെ നടുവിലാണ് ജീവിക്കുന്നത്.
ഇപ്പോള്‍ മോളി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
മോളി കണ്ണമാലിയുടെ വാക്കുകളിലേക്ക്,
‘ഉള്ളില്‍ സങ്കടകടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അവര്‍ മതിമറന്ന് ചിരിക്കുമ്പോള്‍ ഞാന്‍ മറ്റൊരു വശത്തേക്ക് പോയി പൊട്ടിക്കരയും. എന്നിട്ട് ഒന്നും അറിയാത്തപോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കും. ഇടക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലം ഒന്നും കിട്ടാറില്ല. 10,000 രൂപയാണ് കിട്ടാറ്. മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പണം പോലും എനിക്ക് ലഭിക്കാറില്ല. ആകെ ഉണ്ടായിരുന്ന വീടിന്റെ ആധാരം എന്റെ ചികിത്സക്കായി ബാങ്കില്‍ വെച്ചതാണ്. അത് തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.
അമ്മയില്‍ അംഗത്വം ഉണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍ എനിക്ക് അതില്‍ അംഗത്വം ഇല്ല.
അമ്മയില്‍ അംഗത്വം എടുക്കാന്‍ ഒന്നര ലക്ഷം രൂപ കൊടുക്കണം. പണം ഇല്ലാത്തവര്‍ക്ക് അംഗത്വം എടുക്കാന്‍ കഴിയില്ല. സാമ്പത്തികമായി കഴിവ് ഇല്ലാത്ത ആരും അമ്മയില്‍ ഇല്ല. അമ്മയിലെ മെമ്പര്‍ഷിപ്പിനെ കുറിച്ച് സത്യന് അന്തിക്കാടിനോട് പറഞ്ഞെങ്കിലും കുറഞ്ഞത് അഞ്ച് സിനിമയെങ്കിലും ചെയ്താലേ അംഗത്വം കിട്ടുകയുള്ളു എന്നായിരുന്നു മറുപടി. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ട് അംഗത്വത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നല്‍കണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കില്‍ മക്കള്‍ക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നു. അമ്മയില്‍ അംഗത്വം ഉണ്ടായിരുന്നെങ്കില്‍ മരുന്നിന്റെ ചിലവെങ്കിലും നടന്നു പോകും.’
മോളി പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തിയത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ‘സ്ത്രീധനം’ എന്ന സീരിയലിലൂടെ ആണ്. അവര്‍ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലികൊണ്ട് മിനിസ്ക്രീനില്‍ ചുവട് ഉറപ്പിച്ച മോളി ചെറിയ വേഷങ്ങളിലൂടെ ബിഗ്സ്ക്രീനിലും എത്തി. ഈ താരത്തിന് തന്റേതായ ശൈലികൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ കഴിയാറുണ്ട്.
മോളി കണ്ണമാലിയും കുടുംബവും എറണാകുളം ജില്ലയിലെ പുത്തന്‍ തോട് പാലത്താണ് താമസിക്കുന്നത്. മോളി ഹൃദ്രോഗ സംബന്ധമായ ചികിത്സയിലാണ്. താരത്തിന് ഒരു ഹൃദയാഘാതം വന്നിരുന്നു. ചികിത്സയ്ക്കായി ഒരുപാട് പണം ചിലവായി.
