Entertainment

‘ലോക്ക്ഡൗണ്‍ സമയത്ത് മാനസികമായും സാമ്പത്തികമായും തകര്‍ന്നിരുന്നു’ – നടി ഉമ നായര്‍

നടി ഉമ നായര്‍ ‘വാനമ്പാടി’ എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്. ഉമ പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ വല്ല്യമ്മയായ നിര്‍മ്മല എന്ന കഥാപാത്രം അഭിനയിച്ച് ആരാധകരുടെ മനം കവര്‍ന്ന താരമാണ്‌. ഇടയ്ക്ക് കുറച്ച് സമയത്തേക്ക് ഉമയെ സീരിയലില്‍ നിന്ന് കാണാതായപ്പോള്‍ താരം സീരിയലില്‍ നിന്ന് പിന്മാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പക്ഷെ പ്രേക്ഷകരുടെ ഊഹാപോഹങ്ങളൊക്കെ മാറ്റി സീരിയലില്‍ ഉമ തിരിച്ചു വന്നു. ലോക്ക്ഡൗണ്‍ സമയം ആയതിനാല്‍ 2 മാസത്തില്‍ അധികമായി സീരിയലുകളുടെ ഷൂട്ടിങ്ങ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉമ ഇപ്പോള്‍ ആ സമയത്ത് അനുഭവിച്ച വിഷമങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഉമയുടെ വാക്കുകളിലേക്ക്,

‘ലോക്ക്ഡൗണ്‍ സമയത്ത് മാനസികമായി ഒരുപാട് തളര്‍ന്നുപോയി. എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിന്ന ദിവസങ്ങള്‍… കൈയില്‍ ഒരു പൈസയുമില്ല. ഷൂട്ടിങ്ങും നിന്നുപോയി. പുതിയതായി തുടങ്ങിയിരുന്ന ബിസിനസ്സ് അവസാനിപ്പിച്ചു. കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സമ്മര്‍ദ്ദം എനിക്ക് താങ്ങാന്‍ പറ്റിയില്ല.

ഷൂട്ടിങ്ങ് എല്ലാം വീണ്ടും ആരംഭിച്ചതോടെ കാര്യങ്ങള്‍ എല്ലാം വീണ്ടും വരുതിയിലായി തുടങ്ങി. ദൈവത്തിന് നന്ദി. സീരിയലുകളില്‍ ഞങ്ങള്‍ ധനികരാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഞങ്ങളും ജീവിതത്തിന്റെ രണ്ട് അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഓടുന്നവരാണ്. പിന്നണിയില്‍ ഉള്ളവര്‍ക്ക് സഹായവുമായി ഒരുപാട് പേര്‍ വന്നു. ഞങ്ങളുടെ കാര്യം ആരുംതന്നെ അന്വേഷിച്ചില്ല.’

താരം സീരിയലുകളില്‍ മാത്രമല്ല, ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളുടെ ഷൂട്ടിങ്ങ് കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടു തന്നെ വീണ്ടും തുടങ്ങിയിരുന്നു. മിക്ക സീരിയലുകളുടെയും സംപ്രേക്ഷണവും പുനഃരാരംഭിച്ചു കഴിഞ്ഞു.

Most Popular

To Top