National News

റിലയന്‍സ് ഇടപാടുകള്‍ക്ക് പിന്നിലെ മാസ്റ്റര്‍ബ്രെയിന്‍ ; കോര്‍പ്പറേറ്റ് ലോകത്തെ ചര്‍ച്ചയായ വ്യക്തി

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസിലേക്ക് എത്തിയ നിക്ഷേപമാണ് കോര്‍പ്പറേറ്റ് ലോകത്തെ എന്നല്ല, രാജ്യാന്തര വ്യവസായ രംഗത്തെയും വന്‍ ചര്‍ച്ച.

റിലയന്‍സ് ജിയോ കോമിലേക്ക് എട്ടോളം വമ്പന്‍ നിക്ഷേപങ്ങളിലൂടെ കഴിഞ്ഞ ഏഴ് ആഴ്ച്ചയില്‍ ഒഴുകി എത്തിയത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. ആരാണ് റിലയന്‍സിലേക്ക് എത്തിയ ഈ നിക്ഷേപ സമാഹരണത്തിന് മുകേഷ് അംബാനിയുടെ പിന്നില്‍ ശക്തികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്? അംബാനിയുടെ ആ തിങ്ക് ടാങ്ക് പൊതുജനങ്ങള്‍ക്ക് അത്ര സുപരിചിതനല്ലാത്ത, എന്നാല്‍ റിലയന്‍സിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന മനോജ് മോദിയാണ്.

മനോജ് മോദി വര്‍ഷങ്ങളായി അംബാനിയോടൊപ്പം ഉണ്ടെങ്കിലും അധികം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നില്ല. എന്നാല്‍ മനോജ് മോദിയെ ഇന്ത്യക്ക് പുറത്തുള്ള പല ബിസിനസ്സ് മേധാവികള്‍ക്കും അറിയാം. ഫേസ്ബുക്കിന്റെ നിക്ഷേപ ചര്‍ച്ചയില്‍ പോലും മനോജ് മോദിയോടും മക്കളോടും മുകേഷ് അംബാനി നടത്തിയ ആലോചനകള്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഏഷ്യയിലെ ഏറ്റവും ധനികനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സാരഥി മുകേഷ് അംബാനിയുടെ തുറുപ്പുചീട്ടാണ് മനോജ് മോദി. മോദി സോഷ്യല്‍ മീഡിയയിലെ കോര്‍പ്പറേറ്റ് ചര്‍ച്ചകളില്‍ പ്രധാന കഥാപാത്രമായത് ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷനുമായി റിലയന്‍സ് നടത്തിയ 5.7 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെയാണ്. റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെയും, ഗ്രൂപ്പിന്റെ ടെലിക്കോം കാരിയറായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ് മനോജ് മോദി. ഇദ്ദേഹം കമ്പനിക്ക് അകത്ത് ആളുകളുമായി ഇടപഴകുകയും, പരിശീലനം നല്‍കുകയും, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്. ചുരുക്കി പറഞ്ഞാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കപ്പല്‍നിരയുടെ മുഖ്യ കപ്പിത്താന്‍ അംബാനി ആണെങ്കില്‍ സൂപ്പര്‍വൈസര്‍ മനോജ് മോദിയാണ്.

മോദി അംബാനി കുടുംബത്തില്‍ ഇന്നലെ കയറി വന്ന ഒരു ജീവനക്കാരനല്ല. മനോജ് മോദി 1980-ില്‍ അംബാനിയുടെ പിതാവ് ധീരുബായ് അംബാനി ഓയില്‍ ആന്‍ഡ് പെട്രോക്കെമിക്കല്‍സ് സ്ഥാപനം ആരംഭിച്ചപ്പോള്‍ മുതല്‍ കമ്പനിക്ക് ഒപ്പം ഉണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്. പ്രമുഖര്‍ 2016-ില്‍ റിലയന്‍സ് ജിയോ വയര്‍ലെസ് സേവനങ്ങള്‍ ആരംഭിച്ച് ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല നിര്‍മ്മിച്ചപ്പോഴും നിര്‍ണ്ണായക ആശയങ്ങള്‍ മോദിയില്‍ നിന്ന് ഉണ്ടായതായി അഭിപ്രായപ്പെടുന്നു.

61-കാരനായ മനോജ് മോദിയുടെ സ്വാധീനം 63-കാരനായ അംബാനി തന്റെ പെട്രോകെമിക്കല്‍ ബിസിനസ്സില്‍ നിന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകളിലേക്ക് മാറിയതിന് പിന്നിലും ഉണ്ടെന്നും ചര്‍ച്ചകള്‍ ഉണ്ട്. ജിയോ പ്ലാറ്റ്ഫോമുകളിലെ ഫേസ്ബുക്കിന്റെ നിക്ഷേപത്തിനു ശേഷം കെ.കെ.ആര്‍ ആന്‍ഡ് കമ്പനി, സില്‍വര്‍ ലേക്ക് പാര്‍ട്ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്ക്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയും റിലയന്‍സില്‍ നിക്ഷേപം നടത്തി. 13 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതിലൂടെ എത്തിയത്.

ആഗോള കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ റിലയന്‍സുമായി ഇടപാടുകള്‍ നടത്തിയതിനു ശേഷം അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത് കഠിനമായ വിലപേശലുകള്‍ നടത്തുന്നതില്‍ മോദി പ്രശസ്തനാണെന്നാണ്. ബഡ്ജറ്റ് കാരിയര്‍ എയര്‍ ഡക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ് മനോജ് മോദിയുടെ വിശ്വസ്തതകൊണ്ടു മാത്രമല്ല, അദ്ദേഹത്തിന്റെ മിടുക്കും, കഴിവുമാണ് റിലയന്‍സിനെ മുന്‍നിരയിലേക്ക് നയിച്ചതെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ലയനങ്ങളിലും ഏറ്റെടുക്കലുകളിലും മനോജ് മോദിയുടെ സാന്നിധ്യം റിലയന്‍സിന് സാധ്യമായ ഏറ്റവും മികച്ച കരാര്‍ നേടാന്‍ സഹായിക്കുമെന്നും പറഞ്ഞു.

Most Popular

To Top