രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ / ഏയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്യാന്‍ പോകുന്നു.
പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന 81 കോടി രൂപയുടെ പുതിയ പദ്ധതിയായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള 420 രൂപയുടെ സൗജന്യ കിറ്റ് ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. സംസ്ഥാനത്തുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലോക്ക്ഡൗണിന്റെ ഭാഗമായി 930 രൂപ വിലവരുന്ന സൗജന്യ കിറ്റ് വിതരണം ചെയ്തിരുന്നു. അതിന്റെ വിതരണം ഏതാണ്ട് കഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ അതിനു ശേഷമുള്ള ഏറ്റവും ഉപകാരപ്രദമാകുന്ന പദ്ധതിയാണ് ആവിഷ്കരിക്കാന്‍ പോകുന്നത്. 420 രൂപയുടെ സൗജന്യ കിറ്റ് ലഭിക്കാന്‍ പോകുന്നത് ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത് പലവ്യഞ്ജനങ്ങളും 4 കിലോ അരിയും നല്‍കാനാണ്. ഉദ്ദേശിച്ചിരുന്നത് കിറ്റ് കൂപ്പണുകള്‍ സ്കൂളുകളില്‍ കൊടുത്തിട്ട് സാമൂഹിക അകലം പാലിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ കൂപ്പണ്‍ കൈപ്പറ്റി സപ്ലൈക്കൊ അല്ലെങ്കില്‍ മാവേലി സ്റ്റോര്‍ വഴി കൂപ്പണ്‍ കൊടുത്ത് കിറ്റ് കൈപ്പറ്റാവുന്ന രീതി ആയിരുന്നു.
പക്ഷെ പ്രക്രിയ അതിലും ലളിതം ആക്കിക്കൊണ്ട് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം അനുസരിച്ച് അത്രയും കിറ്റുകള്‍ സ്കൂളുകളില്‍ എത്തിക്കാനാണ് പുതിയ തീരുമാനം. രക്ഷിതാക്കള്‍ക്ക് നേരിട്ട് അവിടെനിന്ന് വാങ്ങിയാല്‍ മതിയാകും. ഒന്നു മുതല്‍ നാലാം ക്ലാസ്സില്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 320 രൂപയുടെ കിറ്റും, അഞ്ചാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 420 രൂപയുടെ കിറ്റും ആയിരിക്കും ലഭിക്കുക. കിറ്റില്‍ എന്തായാലും 4 കിലോ അരി ഉള്‍പ്പെട്ടിരിക്കും. പലവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതേ ഉള്ളു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുട്ടികളുടെ ഗ്രൂപ്പുകള്‍ വഴി അറിയിക്കുന്നതായിരിക്കും. അപ്പോള്‍ രക്ഷിതാക്കള്‍ കിറ്റ് വാങ്ങാന്‍ പോയിരുന്നാല്‍ മതിയാകും.
ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതുകൊണ്ട് ഈ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം നല്കാന് സാധിക്കാത്തതിനാല്‍ അത് കുട്ടികളുടെ വീടുകളിലേക്ക് കിറ്റ് എന്ന രൂപത്തില്‍ എത്തിക്കുവാനാണ് വിചാരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്കരിക്കുന്നത് കേരളമാണ്.
