Entertainment

‘രഹ്ന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല. പക്ഷെ കുട്ടിയുടേത് സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്. അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ!’ ; കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് കല

സോഷ്യല്‍ മീഡിയയില്‍ തന്റെ നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരക്കാനായി വിട്ടുനല്‍കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തിരുവല്ല പോലീസ് സംഭവത്തില്‍ രഹ്ന ഫാത്തിമക്ക് എതിരെ കേസെടുക്കുകയും ചെയ്തു.

രഹ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെ കുറിച്ചുള്ള മിഥ്യാധാരണകള്‍ക്കും എതിരെ എന്ന കുറിപ്പോടെയാണ്. രഹ്നക്കെതിരെ സംഭവത്തില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേര്‍ രഹ്നയെ എതിര്‍ത്തും പിന്തുണച്ചും രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇപ്പോള്‍ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് കല രംഗത്ത് എത്തിയിരിക്കുകയാണ്. കല രഹ്ന ഫാത്തിമ അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ എന്നും, നഗ്നത അശ്ലീലമല്ലെന്നും, പക്ഷെ കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന കൗണ്‍സിലര്‍ എന്ന നിലക്ക് തന്റെ മനഃശ്ശാസ്ത്രപരമായ അറിവില്‍ അവരുടെ മകന് കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തില്‍ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും പറഞ്ഞു.

കല ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസിക അവസ്ഥ ചിന്തിച്ചുകൊണ്ടാണ് താന്‍ പറയുന്നതെന്നും, അവന്‍ ഇടപെടുന്ന മറ്റു കുട്ടികളുടെ ഇടയില്‍ നിന്നും അവന്‍ മാറ്റിനിര്‍ത്തപ്പെട്ടാല്‍, ഭാവിയില്‍ അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കല കുട്ടികളുടെ മനസ്സ് കുറ്റപ്പെടുത്തലുകളായി പാകപ്പെടാന്‍ സമയമെടുക്കുമെന്നും, ഭൂരിപക്ഷം പേരുടെ ധാര്‍മ്മികതയും തന്റെ കുടുംബത്തിന്റെ മൂല്യങ്ങളിലുള്ള വ്യത്യാസവും അവന്റെ ചിന്തകളില്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍ അതിനെ ശരിയാക്കി എടുക്കാന്‍ അവന്റെ അമ്മ വിജയിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ :

‘രഹ്ന ഫാത്തിമ അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ. നഗ്നത അശ്ലീലം അല്ല. പക്ഷെ, കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന കൗണ്‍സിലര്‍ എന്ന നിലക്ക് എന്റെ മനഃശ്ശാസ്ത്രപരമായ അറിവില്‍ അവരുടെ മകന് കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തില്‍ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല.

ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസിക അവസ്ഥ ചിന്തിച്ചു ഞാന്‍ പറയുന്നു.. അവന്‍ ഇടപെടുന്ന മറ്റ് കുട്ടികളുടെ ഇടയില്‍ നിന്നും അവന്‍ മാറ്റി നിര്‍ത്തപ്പെട്ടാല്‍, ഭാവിയില്‍ അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ല.

കുട്ടികളുടെ മനസ്സ് കുറ്റപ്പെടുത്തലുകള്‍ ആയി പാകപ്പെടാന്‍ സമയം എടുക്കും. ഭൂരിപക്ഷം പേരുടെ ധാര്‍മ്മികതയും, തന്റെ കുടുംബത്തിന്റെ മൂല്യങ്ങളില്‍ ഉള്ള വ്യത്യാസവും അവന്റെ ചിന്തകളില്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍, അതിനെ ശരിയാക്കി എടുക്കാന്‍ അവന്റെ അമ്മ വിജയിക്കട്ടെ!

ലൈംഗിക അരാജകത്വം നിറഞ്ഞ സമൂഹത്തില്‍ അവന്റെ അമ്മയെ പറ്റിയുള്ള സങ്കല്‍പ്പം അവനെ തളര്‍ത്തിയാല്‍ അതിശയമില്ല. കുത്തുവാക്കുകളും, കുറ്റപ്പെടുത്തലുകളും അവന്റെ മനസ്സില്‍ പോറല്‍ ഏല്‍പ്പിക്കാത്ത രീതിയില്‍ അവനെ വളര്‍ത്തി കൊണ്ടുവരണം. വിഷയം ലൈംഗീകത ആയതുകൊണ്ട് തന്നെ അത് ഒരു പൊള്ളുന്ന പ്രശ്നമായി തീരും.

ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മറിച്ച്, അവന് മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചാല്‍ ആരാണ് ഉത്തരവാദി?

സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്. ഓരോ സമൂഹത്തിന്റെയും കീഴ്വഴക്കങ്ങള്‍ക്ക് എതിരെ നടക്കുന്നവന്റെ നേര്‍ക്ക് നൂറായിരം വിരലുകള്‍ ചൂണ്ടും. അതിനെ അതിജീവിക്കാന്‍ സാമാന്യമായ മാനസിക കരുത്ത് പോര.

രഹ്ന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. പക്ഷെ, മകനെ സമൂഹത്തിലെ കാഴ്ച്ചവസ്തുവാക്കി മാറ്റിയാല്‍, അവന്റെ കുട്ടി മനസ്സില്‍ അത് ഉണ്ടാക്കുന്ന പ്രശ്നം ചിലപ്പോള്‍ നിസ്സാരമാകണമെന്നില്ല.

ഞാന്‍ രഹ്ന ഫാത്തിമയുടെ പല നിലപാടുകളെയും അവരെയും ബഹുമാനിക്കുന്നു. എന്റെ ശരി ആകണമെന്ന് ഇല്ലല്ലോ അവരുടേത്..

അവരുടെ മകനാണ്. അവര്‍ക്ക് അറിയാം വളര്‍ത്താനും. തന്റേടം ഉള്ള സ്ത്രീയാണ് അവര്‍. അവര്‍ അവന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നതെങ്കില്‍, മകന്റെ മാനസിക ആരോഗ്യം നന്നായി കൊണ്ടുപോകാനും അവര്‍ക്ക് പറ്റും. വ്യക്തിത്വം രൂപപ്പെടേണ്ട സമയമാണ്. അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ!

കല, കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ്’

Most Popular

To Top