Entertainment

രഞ്ജി പണിക്കരുടെ മകന്‍ നിഖിലിനും മേഘയ്ക്കും ആറന്മുളയില്‍ മാംഗല്യം – ഫോട്ടോസ്

സംവിധായകനും, അഭിനേതാവും, നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെയും പരേതയായ അനീറ്റയുടെയും മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂര്‍ കാര്യക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ് മേഘ. ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നിഖില്‍ നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. നടനും സംവിധായകനുമായ നിഥിന്‍ രഞ്ജി പണിക്കര്‍ സഹോദരനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങ് ആയിരുന്നു.

നടനായും, തിരക്കഥാകൃത്തായും, സംവിധായകനായും, നിര്‍മ്മാതാവായും, ഗായകനായും, ഗാനരചയിതാവായും, മാധ്യമ പ്രവര്‍ത്തകനായും ഒക്കെ ജനമനസ്സുകളില്‍ ചേക്കേറിയ വ്യക്തിത്വമാണ് രഞ്ജി പണിക്കര്‍. മാധ്യമ പ്രവര്‍ത്തകനായിരുന്ന രഞ്ജി പണിക്കര്‍ ‘ചിത്രഭൂമി’യുടെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഷാജി കൈലാസിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. വൈകാതെ സിനിമയില്‍ എത്തിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ ഏറ്റവും മികച്ച തിരക്കഥാകൃത്തായി. ഷാജി കൈലാസിന് ഒപ്പം അദ്ദേഹം ചെയ്ത ‘ഡോ. പശുപതി’, ‘തലസ്ഥാനം’, ‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’, ‘ഏകലവ്യന്‍’, ‘മാഫിയ’, ‘കമ്മീഷണര്‍’, ‘ദ് കിങ്’ എന്നിവയൊക്കെ വന്‍ ഹിറ്റുകളായി. 1990-കളുടെ ആരംഭത്തില്‍ സുരേഷ്ഗോപിയെ തിരക്കുള്ള മികച്ച നായകനാക്കി മാറ്റുന്നതില്‍ രഞ്ജി പണിക്കര്‍ – ഷാജി കൈലാസ് കൂട്ടുകെട്ടിന് സുപ്രധാന പങ്കുണ്ട്. ജോഷിക്കൊപ്പം അദ്ദേഹം ചെയ്ത ‘ലേലം’, ‘പത്രം’ എന്നീ സിനിമകളും വന്‍ ജനശ്രദ്ധ നേടി. ‘ഭരത്ചന്ദ്രന്‍ ഐ.പി.എസ്’, ‘രൗദ്രം’ എന്നീ വന്‍ ഹിറ്റുകള്‍ രഞ്ജി പണിക്കര്‍ സംവിധാനവും ചെയ്തു. മലയാളം പത്രം ‘മെട്രോവാര്‍ത്ത’യുടെ എം.ഡിമാരില്‍ ഒരാളാണ് അദ്ദേഹം. ചിത്രങ്ങളില്‍ അഭിനയിച്ചും അദ്ദേഹം ശ്രദ്ധേയനാകുകയാണ്.

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ 2019-ില്‍ കലാമണ്ഡലം ഹൈദരലിയുടെ ജീവിതം ഇതിവൃത്തമാക്കുന്ന ‘കലാമണ്ഡലം ഹൈദരലി’യിലൂടെ സിനിമാ ലോകത്ത് എത്തി.

Most Popular

To Top