Entertainment

‘മനോഹരമായ സിനിമ’ ; ‘കുമ്പളങ്ങി നൈറ്റ്സി’നെ പ്രശംസിച്ച് അനുഷ്ക ശര്‍മ്മ

‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ രംഗത്തെത്തി. ‘മനോഹരമായ സിനിമ. മനോഹരമായ സംവിധാനം. മനോഹരമായ കാസ്റ്റിങ്ങ്.’ എന്നാണ് അനുഷ്ക ചിത്രത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ മധു സി നാരായണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘ചിരാതുകള്‍ തോറും ..’ എന്ന് ഗാനം ഒരു മാസ്റ്റര്‍പീസാണെന്ന് ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ്ങ് പറഞ്ഞിരുന്നു. ഗാനം ആലപിച്ച സിത്താര ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ‘ചിരാതുകള്‍ കൊണ്ടുവരുന്ന സന്തോഷം’ എന്നാണ് സിത്താര കുറിച്ചിരുന്നത്.

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ‘കുമ്പളങ്ങി നൈറ്റ്സി’ല്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു തുരുത്തില്‍ ജീവിക്കുന്ന 4 സഹോദരന്മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീഷ് പോത്തന്റെയും, ശ്യാം പുഷ്കരന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും, ‘ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്’ എന്ന ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിര്‍മ്മിച്ചത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു വരികയാണ്. ‘കുമ്പളങ്ങി നൈറ്റ്സി’ല്‍ ബേബി മോള്‍ എന്ന ഒരു കേന്ദ്ര കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച അന്ന ബെന്നിന്റെ ‘ഹെലന്‍’, ‘കപ്പേള’ അടക്കമുള്ള സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുകയാണ്.

Most Popular

To Top