Entertainment

മതം മാറിയതിന്റെ കാരണം വെളിപ്പെടുത്തി യുവന്‍ ശങ്കര്‍ രാജ

തെന്നിന്ത്യയിലെ മികച്ച സംഗീത സംവിധായകനാണ് ഇളയ രാജ. ഇളയ രാജയുടെ പുത്രനായ യുവന്‍ ശങ്കര്‍ രാജ മതം മാറിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.യുവന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാലാണ് മതംമാറിയതെന്നും ആക്ഷേപം ഉണ്ടായിരുന്നു. ഇപ്പോള്‍ യുവന്‍ തന്നെ മതം മാറിയതിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാന്‍ ആക്ഷേപങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നത്. വിശദീകരണം ഇങ്ങനെ

‘ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് നിരവധി പേര്‍ ചോദിക്കുന്നു. അതില്‍ ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയമത്ത് ഇസ്ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിച്ചിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. അതായിരുന്നു തുടക്കം.

ഞാനിവിടെ സത്യം തുറന്നു പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നല്‍കി. എപ്പോഴൊക്കെ മനസിനു ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു.

ഒരിക്കല്‍ എന്റെ ഒരു കസിന്‍ വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ എനിക്കു വല്ലാത്ത മനോവിഷമം തോന്നി. എന്റെ മുഖം കഴുകുമ്പോള്‍ യഥാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയാണ്. ഞാന്‍ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു.

എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു ‘എന്റെ പാപങ്ങള്‍ പൊറുക്കണേ അള്ളാ’ എന്ന്. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്ന് എനിക്കതു കഠിനമായി അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ഞാനതിനെ ഇഷ്ടപ്പെട്ടു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട് എന്നാണ് യുവാന്റെ വെളിപ്പെടുത്തല്‍.

2014ല്‍ ഇസ്ലാം മതം സ്വീകരിച്ച യുവാന്‍ അബ്ദുള്‍ ഖാലിക് എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. യൂവാന്‍ മൂന്നാമതായി വിവാഹം ചെയ്തത് മുസ്ലീമായ സാഫ്റൂണ്‍ നിസാമിനെ ആയിരുന്നു. വിവാഹം കഴിക്കാനായി മതപരിവര്‍ത്തനം നടത്തിയതല്ലായെന്നും യുവന്‍ വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top