Entertainment

ബോളിവുഡില്‍ നിന്ന് സൗത്ത് ഇന്ത്യയിലേയ്ക്ക് എത്തിയ കഥ ഇങ്ങനെ; പൂര്‍വ്വകാലം പങ്കുവച്ച് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യ കീഴടക്കിയ നടിയാണ് ഖുശ്ബു. താരം തന്റെ ബാല്യകാല ജീവിതത്തെക്കുറിച്ച് മലയാളത്തിലെ ഒരു ചാനല്‍ പരിപാടിക്കിടെ തുറന്ന് പറഞ്ഞിരുന്നു. അത് വീണ്ടും ചര്‍ച്ചയാവുകയാണ്.ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് താരം തന്റെ പൂര്‍വ്വകാലം വെളിപ്പെടുത്തിയത്.

മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സിനിമയിലേയ്ക്ക് കടന്നുവരവ് ആരംഭിക്കുന്നത്. പിന്നീട് താരത്തിന്റെ കുടുംബം ചെന്നൈയില്‍ എത്തി. ഇന്നും മുംബൈയില്‍ പോയാല്‍ നിങ്ങള്‍ ബേബി ഖുശ്ബു അല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ ഖുശ്ബു ആണ്. പക്ഷേ ബേബി അല്ലെന്ന് അവരോട് പറയാറുണ്ടെന്നും താരം വ്യക്തമാക്കി.

നഖത് ഖാന്‍ എന്നായിരുന്നു യാഥാര്‍ത്ഥ പേരെന്നും അതിന്റെ അര്‍ഥമാണ് ഖുശ്ബു എന്നും താരം പറയുന്നു. തെന്നിന്ത്യന്‍ സിനിമയിലേക്ക് താന്‍ വരുമെന്ന് കരുതിയിരുന്നില്ല. ചെറിയ വയസില്‍ തന്നെ അഭിനയിച്ചിരുന്നതിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയിരുന്നില്ല. എട്ടാം ക്ലാസില്‍ തന്റെ പഠിപ്പ് അവസാനിപ്പിച്ചുവെന്നും എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയുമെന്നും താരം പറഞ്ഞു.

ഹിന്ദിയില്‍ ചെയ്ത സിനിമകളെല്ലാം പരാജയമായിരുന്നു. അപ്പോഴാണ് തനിക്ക് തെലുങ്കില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അതോടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തി. എല്ലാവരും അന്ന് നീ എന്തിനാണ് സൗത്തിലേക്ക് പോകുന്നതെന്ന് ചോദിച്ചിരുന്നു. കാരണം അവിടെ ഉള്ളവരെല്ലാം പ്രത്യേകിച്ച് ശ്രീദേവി, ജയപ്രഭ, ഭാനുപ്രിയ തുടങ്ങിയവരെല്ലാം ബോളിവുഡിലേക്ക് വന്നിരുന്നു. പക്ഷേ ഞാന്‍ തിരിച്ചായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അത് നന്നായി. പക്ഷെ പിന്തിരിപ്പിക്കാനായിരുന്നു കൂടുതല്‍ പേരും ഉണ്ടായിരുന്നത്. അതില്‍ പ്രധാനി എന്റെ പിതാവായിരുന്നു. ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി. അച്ഛന്‍ വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനമെന്നും താരം വ്യക്തമാക്കി.

Most Popular

To Top