Entertainment

ബാബു ആന്റണി ‘പവര്‍സ്റ്റാറായി’ എത്തുന്നു; ഒമറിന്റെ പുതിയ പടത്തില്‍ പാട്ടില്ല, നായിക ഇല്ല ആക്ഷന്‍ മാത്രം

ന്യൂജനറേഷന്‍ സിനിമകള്‍ ചെയ്യുന്ന ഒരു സംവിധായകനാണ് ഒമര്‍ലുലു. സിനിമകള്‍ വലിയ വിജയം കരസ്ഥമാക്കുന്നില്ലെങ്കിലും ഒമറിന്റെ സിനിമയിലെ പാട്ടുകളെല്ലാം വന്‍ ഹിറ്റായി മാറുന്നത് പതിവാണ്. ഇപ്പോള്‍ ഒമര്‍ലുലു എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ബാബു ആന്റണിയെ വച്ച് ഒരു ചിത്രം നിര്‍മ്മിക്കുകയാണ്.

ഏറെക്കാലമായി സിനിമയില്‍ സജീവമല്ലെങ്കിലും ബാബു ആന്റണി എന്നും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ്. പവര്‍സ്റ്റാര്‍ എന്നാണ് ഒമറിന്റെയും ബാബു ആന്റണിയുടെയും പുതിയ ചിത്രത്തിന്റെ പേര്. ഒരുപാട് പ്രത്യേകതകള്‍ ഉള്ള ചിത്രമാണിത്.

ഒമറിന്റെ കരിയറിലെ ആദ്യ ആക്ഷന്‍ ചിത്രവും കൂടിയാണിത്. മാത്രമല്ല മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ നായിക ഇല്ല, പാട്ടില്ല, ഇടി മാത്രമേയുള്ളൂവത്രേ. പവര്‍ സ്റ്റാറിന്റെ ടാഗ് ലൈനിലാണ് ഇക്കാര്യം ഒമര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി സിനിമയിലേയ്ക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണിത്.

വളരെ റിയലിസ്റ്റിക്കായി, എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും ‘പവര്‍സ്റ്റാര്‍’ എന്ന് സംവിധായകന്‍ പറയുന്നു. മാസ് ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ‘പവര്‍സ്റ്റാര്‍’ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.

ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും ഒമര്‍ പറയുന്നു. വേര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെന്നീസ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ തുടങ്ങും.

Most Popular

To Top