Kerala News

പൂജ ചെയ്ത് രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ; 82 ലക്ഷം രൂപ തട്ടിയെടുത്ത് 19കാരന്‍

കൊച്ചി : പ്രായം ചെന്ന സ്ത്രീയെയും മകളെയും പൂജ ചെയ്തു രോഗം മാറ്റികൊടുക്കാമെന്ന് അവകാശപ്പെട്ട് പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയില്‍. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്സ് (19) തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തത്. പാലാരിവട്ടം വൈഎംസിഎയില്‍ പരാതിക്കാരിയും മകളും രണ്ട് മാസം മുറിയെടുത്ത് താമസിച്ചിരുന്ന കാലത്ത് പ്രതിയായ അലക്സ് അവിടെ റൂംബോയ് ആയിരുന്നു.

പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും അറിഞ്ഞ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ 9 ലക്ഷം രൂപ ഈ ആള്‍ പൂജ ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൈപ്പറ്റി. പിന്നീട് പല തവണകളിലായി അയാള്‍ 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പരാതിക്കാരിയുടെ മകളെ പ്രതി ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചു വരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും, ഇനിയും കൂടുതല്‍ പണം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മകളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു.

അയാള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും, വിവിധ സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. പിന്നീട് പ്രതി പണത്തിനായി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണര്‍ പൂങ്കുഴലിയുടെ ഓഫീസില്‍ എത്തുന്നത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപഹരിച്ച പണം കൊണ്ട് പ്രതി പാനായികുളത്ത് ഒരു ആഡംബര വില്ലയും, ഒരു ലക്ഷത്തിന് അടുത്ത് വിലയുള്ള മൊബൈല്‍ ഫോണുകളും, ആഡംബര ബൈക്കും, ലക്ഷങ്ങള്‍ വില വരുന്ന മുന്തിയ ഇനം വളര്‍ത്തുനായയെയും, അത്യാധുനിക ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളും വാങ്ങിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍ എസ്.ടി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദിനേശ്, സീനിയര്‍ സിപിഒ അനീഷ്, അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇഗ്നേഷ്യസ്, ഇസഹാഖ്, ഫ്രാന്‍സിസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Most Popular

To Top