ലോകമാകെ കോവിഡ് 19 വൈറസിന് എതിരെ അഹോരാത്രം പോരാടുമ്പോള്‍ അസമിലെ നാട്ടുകാര്‍ ‘കൊറോണ ദേവീപൂജ’ നടത്തി. ‘കൊറോണ ദേവീപൂജ’ അസമിലെ സ്ത്രീകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പൂജകൊണ്ടു മാത്രമേ ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ഇവരുടെ വിശ്വാസം. രാജ്യത്തെ ഒരു സംസ്ഥാനത്തു നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത് രോഗബാധയെ നേരിടാനുള്ള വാക്സിന് കണ്ടെത്താന്‍ ശാസ്ത്രലോകം കഠിനമായി പരിശ്രമിക്കുമ്പോഴാണ്.
ഇന്ത്യ ടുഡേ ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലും അടക്കം ഈ പൂജ നടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ‘കൊറോണ ദേവീപൂജ’ ബിശ്വനാഥ് ചരിയാലിയില്‍ നദിക്കരയില്‍ ശനിയാഴ്ച്ചയാണ് നടത്തിയത്. പൂജ നടത്തിയ ഒരു സ്ത്രീ പറഞ്ഞത് ‘ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയുമെ’ന്നാണ്.
ഇന്നലെ അസമില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 81 പേര്‍ക്കാണ്. സംസ്ഥാനത്ത് ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2324 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 9971 കോവിഡ് കേസുകളാണ്. ദിനം പ്രതിയുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധന പതിനായിരത്തില്‍ എത്തുന്നത് ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടം തുടങ്ങി ഒരു ആഴ്ച്ച തികയുമ്പോള്‍ ആണ്.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2,46,628 കോവിഡ് കേസുകളാണ്. 287 പേര് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങള് ഇതോടെ 6929 ആയി ഉയര്‍ന്നു.
‘കൊറോണ ദേവീപൂജ’യാണ് 100% സാക്ഷരത ഉണ്ടായിട്ടും കേരളത്തിന് കോമണ്‍ സെന്‍സ് നിശ്ശേഷം ഇല്ലാത്തതിന്റെ തെളിവെങ്കില്‍, ആ കുറവ് സഹിച്ചുകൊണ്ട് നമ്മള് ജീവിച്ചുകൊള്ളാം.
