Entertainment

‘പരമകഷ്ടം. രാഷ്ട്രീയമാകാം. രാഷ്ട്രീയ ആഭാസം ആകരുത്.’ ; റിയാസ് – വീണ വിവാഹത്തെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി : കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവാര്‍ത്ത പുറത്തു വന്നത്. അഭിനന്ദനവും ആശംസകളുമായി ഒട്ടേറെ പേര്‍ എത്തി. എന്നാല്‍ വിവാഹ വാര്‍ത്തയെ ട്രോളിക്കൊണ്ടാണ് മറ്റു ചിലര്‍ രംഗത്ത് വന്നത്. പലരും സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് റിയാസിന്റെയും വീണയുടെയും പഴയ കഥകള്‍ മെനഞ്ഞെടുത്താണ് പ്രതികരിച്ചത്.

എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ അഭിപ്രായം ഒരു വിവാഹത്തെ ഇത്തരത്തില്‍ ട്രോളുന്നത് ഉചിതമല്ല എന്നാണ്. രാഹുല്‍ ഈശ്വര്‍ ഇത്തരം നടപടികള്‍ ഭാരത സംസ്കാരത്തിന് യോജിച്ചത് അല്ലെന്നും അഭിപ്രായപ്പെട്ടു.

മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഐ.ടി കമ്പനിയായ എക്സലോജിക്ക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. കമ്പനി ആസ്ഥാനം ബെംഗളൂരുവില്‍ ആണെങ്കിലും അവര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ഉണ്ട്. തിരുവനന്തപുരത്ത് വരുന്ന 15-ിനാണ് വിവാഹ ചടങ്ങ്. വിവാഹം രജിസ്റ്റര്‍ ചെയ്തു.

ക്ലിഫ് ഹൗസില്‍ സംഘടിപ്പിക്കുക അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ്. വിവാഹം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആയിരിക്കും നടത്തുക. 50 പേരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികള്‍ക്ക് ലഭിച്ച ക്ഷണം രാവിലെ 11 മണിയ്ക്ക് ക്ലിഫ് ഹൗസില്‍ എത്തണമെന്നാണ്.

മുഹമ്മദ് റിയാസ് എസ്.എഫ്.ഐയിലൂടെ തുടങ്ങി ഡി.വൈ.എഫ്.ഐയിലൂടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ്.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ് ഇങ്ങനെ :

‘വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും, പ്രധാനവും, മംഗളകരവുമായ ഒരു മുഹൂര്‍ത്തമാണ്. – കല്ല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല.

റിയാസിനെയും വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ട് വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയ ഒരു യാത്രയ്ക്ക് അനുഗ്രഹിക്കട്ടെ!

ബഹുമാനപ്പെട്ട യുവനേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്റെ മകള്‍ IT വിദഗ്ധയായ വീണ എന്നിവര്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആള്‍ക്കാര്‍ വാട്ട്സാപ്പ്, ഫേസ്ബുക്കില്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്ല്യാണം ഇതിനെ ട്രോള്‍ ചെയ്യുന്നത് കണ്ടു. കഷ്ടം. പരമകഷ്ടം… രാഷ്ട്രീയമാകാം ; രാഷ്ട്രീയ ആഭാസം ആകരുത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top