Entertainment

പഠിക്കാന്‍ പോയപ്പോള്‍ സന്ധ്യയെ കണ്ടു. എസ്എസ്എല്‍സി തോറ്റെങ്കിലും പ്രണയത്തില്‍ ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി – ഹരീഷ് കണാരന്‍

ഹരീഷ് കണാരന്‍ കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്. ഹരീഷിന് ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടു തന്നെ ചുരുങ്ങിയ കാലയളവില്‍ ധാരാളം സിനിമകള്‍ ലഭിച്ചു. ഇദ്ദേഹം വളരെ അധികം കഷ്ടപ്പാടുകളില്‍ നിന്നാണ് സിനിമയില്‍ എത്തിയത്.

പെയിന്റിങ്ങ്, എലക്ട്രീഷ്യന്‍, കല്‍പ്പണി, തിയേറ്റര്‍ ഓപ്പറേറ്റര്‍, ഓട്ടോ ഡ്രൈവര്‍ എന്നീ പല തരം ജോലികള്‍ ചെയ്ത് ജീവിതത്തോട് മല്ലിട്ട ശേഷമാണ് ഹരീഷ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. പഠിക്കണമെന്ന മോഹം ഇതിനിടയിലാണ് മനസ്സില്‍ എത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോര്‍ ട്യൂഷന്‍ സെന്ററില്‍ എത്തി.

പാട്ടുകാരിയായ സന്ധ്യയെ അവിടെ വെച്ചാണ് കാണുന്നത്. പിന്നെ പത്ത് വര്‍ഷം പ്രണയിച്ചു. അവസാനം വിവാഹ സാഫല്യമായി. പ്രണയമാണ് തന്റെ തലവര മാറ്റിയതെന്ന് ഹരീഷ് തുറന്നു പറഞ്ഞു.

ഹരീഷ് കണാരന്റെ വാക്കുകളിലേക്ക്,

‘കോഴിക്കോട് സന്ധ്യ ട്യൂഷന് വന്നതായിരുന്നു. എനിക്ക് അവളെ ആദ്യകാഴ്ച്ചയില്‍ തന്നെ ഇഷ്ടമായി. അഞ്ച് ആറ് മാസം പുറകേ നടന്നു. പഠിത്തം നടന്നില്ല. കട്ടയ്ക്ക് പ്രണയം. ഞങ്ങള്‍ പത്ത് വര്‍ഷം പ്രണയിച്ചു. ഞാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. ഒന്നുകില്‍ എസ്എസ്എല്‍സി ജയിക്കണം. അല്ലെങ്കില്‍ സന്ധ്യയെ കെട്ടണം. അതായിരുന്നു എന്റെ ലക്ഷ്യം. നിറവേറ്റിയത് രണ്ടാമത്തേത് മാത്രം.

മിമിക്രി അവതരിപ്പിച്ച് നടപ്പാണ്. സീസണ്‍ സമയത്ത് മാസത്തില്‍ അഞ്ച് എട്ട് പ്രോഗ്രാം കാണും. സീസണ്‍ കഴിഞ്ഞാല്‍ പെയിറ്റിങ്ങിന് പോകും.

മിമിക്രി പ്രോഗ്രാം ഒന്നുകൂടി പ്രൊഫഷണലായി. മാസത്തില്‍ മുപ്പത് പരിപാടികള്‍ ചെയ്തു തുടങ്ങിയ സമയത്താണ് വിവാഹം കഴിക്കുന്നത്. സന്ധ്യയുടെ വരുമാനം കൊണ്ടാണ് ആ സമയത്ത് സീസണ്‍ കഴിഞ്ഞാല്‍ ജീവിച്ചത്.

ചെറുപ്പത്തില്‍ അച്ഛന്റെ കൂടെയാണ് സിനിമ കാണാന്‍ പോയിക്കൊണ്ടിരുന്നത്. പത്താം ക്ലാസ്സ് മുതല്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകാന്‍ ആരംഭിച്ചു. ദിലീപേട്ടന്റെ സിനിമകളാണ് കൂടുതല്‍ കണ്ടത്. അതുമൂലം ഞാന്‍ ദിലീപേട്ടന്റെ വലിയ ആരാധകനായി. ദിലീപ്, നാദിര്‍ഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജന്‍ എന്ന കൂട്ടുകാരനും ഞാനും ചേര്‍ന്ന് ആയിരുന്നു പരിപാടി അവതരിപ്പിച്ചത്.’

ഹരീഷ് കണാരന്‍ ഇപ്പോള്‍ 13 വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്ന ഭാര്യ സന്ധ്യയ്ക്കും മക്കള്‍ക്കുമൊത്ത് ജീവിതം ആസ്വദിക്കുകയാണ്.

Most Popular

To Top