ന്യൂഡല്‍ഹി : കോവിഡ് 19 ബാധിതനായി അധോലോക നായകനും മുംബൈ സ്ഫോടനകേസിലെ മുഖ്യ പ്രതിയുമായ ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍വെച്ച് മരിച്ചതായി ദേശീയ മാധ്യമം. ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വാര്‍ത്താ ചാനലായ ന്യൂസ് എക്സാണ്. ന്യൂസ് എക്സ് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് ദാവൂദ് മരിച്ചതെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പക്ഷെ, ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്നലെ ദാവൂദ് ഇബ്രാഹിമിനും ഭാര്യ സുബീന സറീന് എന്ന മെഹ്ജാബീന് ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായും ഇവരെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഗാര്‍ഡുകളെയും ക്വാറന്റൈനില്‍ ആക്കിയതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേസമയം, ദാവൂദിന്റ സഹോദരന് അഭ്യൂഹങ്ങള്‍ തള്ളി. അദ്ദേഹം ദാവൂദ് കോവിഡ് ബാധിതനല്ലെന്നും, സുഖമായി ഇരിക്കുന്നുവെന്നും പറഞ്ഞു.
ഇപ്പോള്‍, 300-ിലധികം പേരുടെ ജീവന് അപഹരിച്ച മുംബൈ സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത ദാവൂദ് കറാച്ചിയില്‍ താമസിക്കുന്നതായാണ് സൂചന. അദ്ദേഹത്തെ 2003ല്‍ ഇന്ത്യയും യു.എസും ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അതേസമയം, ഇതുവരെ 89,249 കൊറോണ വൈറസ് കേസുകളും, 1838 മരണങ്ങളും പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന് ദേശീയ ആരോഗ്യ സേവന മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68 രോഗികള്‍ മരണമടഞ്ഞതായി അറിയിച്ചു. ഇതോടെ മരണസംഖ്യ 1838 ആയി. ഇതുവരെ 31,198 പേര് സുഖം പ്രാപിച്ചു.
