Kerala News

തൂപ്പുകാരിയായി സ്കൂളില്‍ എത്തിയ ലിന്‍സ ഇനി ഇംഗ്ലീഷ് ടീച്ചര്‍ ; ഇതിനെ അക്ഷരം തെറ്റാതെ ‘നിശ്ചയദാര്‍ഢ്യം’ എന്ന് വിളിക്കാം

2001-ില്‍ തൂപ്പുകാരിയായി എത്തിയ അതേ സ്കൂളില്‍ ഇന്ന് ലിന്‍സ ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ലിന്‍സയുടെ ജീവിതം നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

ലിന്‍സയുടെ അച്ഛന്‍ രാജന്‍ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അദ്ധ്യാപകന്‍ ആയിരുന്നു. അദ്ദേഹം 2001-ിലാണ് മരിക്കുന്നത്. അന്ന് ലിന്‍സ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അനിയന്‍ ഒന്‍പതാം ക്ലാസ്സിലും. ബിഎ പാസ്സ് ആവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി ലിന്‍സയ്ക്ക് സ്കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടു നോക്കാന്‍ ജോലി അത്യാവശ്യം ആയതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. ജോലിയോടൊപ്പം പഠനവും തുടര്‍ന്നിരുന്നു.

ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവും ലിന്‍സ പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ യോഗ്യത തികഞ്ഞതോടെ മറ്റൊരാളുടെ ഒഴിവില്‍ അദ്ധ്യപികയായി ലിന്‍സയെ സ്കൂള്‍ അധികൃതര്‍ നിയമിച്ചു. എന്നാല്‍ 2006-ില്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ച് എത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ ഈ സമയം ആയപ്പോഴേക്കും ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്കൂളുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി.

2012-ില്‍ ഇഖ്ബാല്‍ സ്കൂള്‍ ലിന്‍സയെ തൂപ്പുജോലിക്കായി തിരിച്ചു വിളിച്ചു. അഞ്ച് വര്‍ഷത്തെ അദ്ധ്യാപികയുടെ റോളില്‍ നിന്നും വീണ്ടും തൂപ്പുകാരിയായി ലിന്‍സ ഇഖ്ബാല്‍ സ്കൂളില്‍ തിരിച്ചെത്തി. ഇതിനിടെ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ പ്രവീണ ആയിരുന്നു ടീച്ചര്‍മാര്‍ക്കുള്ള എലിജിബിലിറ്റി ടെസ്റ്റിന് തയ്യാറെടുക്കാന്‍ പറഞ്ഞത്. ആദ്യം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെറ്റെറ്റ്) പാസ്സാവുകയും, യുപി, ഹൈസ്ക്കൂള്‍ വിദ്ധ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) ക്ലിയര്‍ ചെയ്തതോടെ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപികയായി നിയമനം. വര്‍ഷങ്ങളായി തൂപ്പുകാരി ആയിരുന്ന സ്കൂളില്‍ ഇന്ന് ലിന്‍സ ഇംഗ്ലീഷ് അദ്ധ്യാപികയാണ്.

Most Popular

To Top