ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുമ്പോള് ചില സോ കോള്‍ഡ് ‘മാധ്യമങ്ങള്‍’ എങ്കിലും തട്ടിപ്പുകാര്‍ നടിയുടെ നമ്പര്‍ ലഭിക്കാന്‍ വിളിച്ച ചലച്ചിത്ര താരങ്ങളായ ധര്മ്മജന് ബോള്‍ഗാട്ടിയെയും, ബാബുരാജിനെയും, ടിനി ടോമിനെയും ഒക്കെ മനഃപ്പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തിനെതിരെ ശബ്ദം ഉയര്‍ത്തി ധര്‍മ്മജനെ പിന്തുണച്ചുകൊണ്ട് ചീഫ് അസോസിയേറ്റ് സംവിധായകന് വിഷ്ണു ഈക്കാരശ്ശേരി രംഗത്തെത്തി.
വിഷ്ണു ഈക്കാരശ്ശേരിയുടെ വാക്കുകളിലേക്ക്,
‘2014-ില് ‘ആട് – ഒരു ഭീകരജീവി’യില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുമ്പോഴാണ് ആദ്യമായി പരിചയപ്പെട്ടത്. ഈ കഴിഞ്ഞ 6 വര്‍ഷത്തിന് ഇടയ്ക്ക് എന്നെ ഇങ്ങോട്ട് തേടി വന്ന സിനിമകള്‍ വരെ ഉപേക്ഷിച്ചു പൂര്‍ത്തിയാക്കിയ തിരക്കഥകള്‍ നായകന്മാരെയും നിര്‍മ്മാതാക്കളെയും കേള്‍പ്പിക്കാനായി ദിക്ക് ഇല്ലാതെ അലയുമ്പോള്‍, ഒരു പരിചയത്തിന്റെ പുറത്തുള്ള സഹായം ആരാഞ്ഞ വിരലില്‍ എണ്ണാവുന്ന വ്യക്തികളില്‍ ഒരാള്‍! രണ്ടോ മൂന്നോ തവണയാണ് ഞാന്‍ അഭിപ്രായവും ഉപകാരവും ആവശ്യപ്പെട്ടത്.
‘എനിക്ക് പറ്റണ പോലെ ചെയ്യാടാ. നോക്കട്ടെ.’എന്ന് പറഞ്ഞതിനോടൊപ്പം എന്റെ കഥകളില്‍ അദ്ദേഹത്തിന് കഥാപാത്രം ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെ എന്റെ കഥകള്‍ കേള്‍ക്കുവാന്‍ പലരോടും എനിക്ക് വേണ്ടി സംസാരിച്ച ആള്!
ഞാന്‍ വരച്ച ക്യാരക്ടര്‍ സ്ക്കെച്ചും തലക്കെട്ടും മറ്റൊരു നടന് അയച്ചു കൊടുത്ത്, എനിക്ക് കഥ പറയാന്‍ സമയം നിശ്ചയിച്ചു തന്ന ആള്!
ഒരു നടനെ കഥ കേള്‍പ്പിക്കാന്‍ അതിരാവിലെ മുതല്‍ പാതിരാത്രി വരെ എനിക്ക് സെറ്റില്‍ കാത്തുനില്‍ക്കേണ്ടി വന്നതിന് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ ശകാരിച്ച ആള്!
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇതുപോലെ സഹായിക്കുന്നവര്‍ ഈ ഭൂമിയില്‍ തന്നെ വിളമാണ് എന്നാണ് എന്റെ അനുഭവം. അത്തരം ഒരു വ്യക്തിത്വത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. കാര്യങ്ങള്‍ക്ക് വ്യക്തത വരുന്നത് വരെയെങ്കിലും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്. ദയവായി.’
