Breaking News

തങ്ങളുടെ 5 സൈനികരെ ഇന്ത്യ വധിച്ചതായി ചൈനീസ് മാധ്യമങ്ങൾ ; അതിര്‍ത്തിയില്‍ പടയൊരുക്കം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകിട്ട് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷം ഉണ്ടായത്. ചൈനയുടെ ആരോപണം ഇന്ത്യന്‍ സേന കടന്ന് ആക്രമിക്കുകയാണ് എന്നാണ്. ചൈനീസ് മാധ്യമങ്ങള്‍ സംഘര്‍ഷത്തില്‍ 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈനീസ് സേന ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് ഏകപക്ഷീയമായ നടപടികള്‍ എടുക്കുകയോ, പ്രശ്നം വലുതാക്കുകയോ ചെയ്യരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയന്‍ ഇന്ത്യന്‍ സേന രണ്ടു തവണ അതിര്‍ത്തി കടന്ന് പ്രകോപനം ഉണ്ടാക്കിയതായി ആരോപിച്ചു. അദ്ദേഹം സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും, തുടര്‍ന്നാണ് ഇരുസേനകളും ശാരീരികമായ ഏറ്റുമുട്ടലിന് ഒരുങ്ങിയതെന്നും, അതിര്‍ത്തി കടക്കരുതെന്നും, പ്രകോപനത്തിലൂടെ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും, ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വഷളാക്കരുതെന്നും പറഞ്ഞു.

ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് ഉഭയകക്ഷി ചര്‍ച്ചകളിലൂടേ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ ഇന്നലെ വൈകിട്ടാണ് സംഘര്‍ഷം ഉണ്ടായത്. ഇന്ന് രാവിലെ 7:30 മുതല്‍ അതിര്‍ത്തിയില്‍ പ്രശ്ന പരിഹാരചര്‍ച്ച നടക്കുകയാണ്.

പ്രശ്നം പാംഗോങ് ട്സോയില്‍

ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ മേയ് ആദ്യമാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് മൂന്ന് കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ച് കയറിയത്. ചൈന പാംഗോങ് ട്സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ്ങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ ഇതിനെ ചെറുത്തു. പിന്മാറിയാല്‍ തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാട് ചൈനീസ് സേനയും സ്വീകരിച്ചു.

ഇരു സേനകളും പാംഗോങ് ട്സോ തടാകത്തിന്റെ വടക്കന്‍ തീരത്തോട് ചേര്‍ന്നുള്ള 8 മലനിരകളില്‍ (സേനാ ഭാഷയില്‍ ഫിംഗേഴ്സ്) നാലാമത്തേതില്‍ (ഫിംഗര്‍ 4) മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ പലതും നടത്തിയിട്ടും ചൈന പാംഗോങ് ട്സോയിലെ പിന്മാറ്റത്തിന് തയ്യാറായിരുന്നില്ല. ഫിംഗര്‍ 8 വരെ പട്രോളിങ്ങ് നടത്തിയിരുന്നത് തങ്ങളാണെന്നും, അവിടേക്ക് ചൈന പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഫിംഗര്‍ 2 വരെ പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടു.

Most Popular

To Top