ടിക് ടോക്ക് നിരോധിച്ചതിനാല്‍ ടിക്ക് ടോക്ക് താരങ്ങളെല്ലാം വളരെ വിഷമിച്ചിരിക്കുകയാണ്. പകരം ഒരു സംവിധാനം വന്നിരുന്നെങ്കില്‍ എന്ന് വെറുതെയാണെങ്കിലും പലരും ആഗ്രഹിക്കുന്നുണ്ട്. ടിക്ക് ടോക്കിന് കൂടുതല്‍ ഫോളേവേഴ്സ് ഇന്ത്യക്കാരായിനാല് തന്നെ ടെക്ക് ഭീമന് ആകാനുള്ള ചൈനയുടെ തന്ത്രങ്ങളെല്ലാം പൊട്ടി പാളീസായിരിക്കുകയാണ്.
ഇപ്പോള്‍ ടിക്ക് ടോക്കിന് പകരം സമാനമായ ആപ്പുമായി ഒരു മലയാളി രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ഐടി വിദ്യാര്‍ത്ഥിയായ ആശിഷാണ് പുതിയ ആപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ടിക്ക് ടിക്ക് എന്നാണ് ആപ്ലിക്കേഷന്റെ പേര്. സ്വന്തമായൊരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക എന്നത് ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നമായിരുന്നു. അതിനായി എന്‍ജിനീയറിംഗിന് ഐടി തന്നെ തെരഞ്ഞെടുത്തു.
തന്റെ പഠനമുറി പരീക്ഷണമുറിയാക്കി മാറ്റിയ യുവാവ് നിരവധി പരീക്ഷണങ്ങളും നടത്തി. അങ്ങനെയാണ് ടിക്ക്ടോക്ക് നിരോധിച്ച അതേദിവസം ടിക്ക് ടോക്കിനെ വെല്ലുന്ന പുത്തന്‍ ടിക്ക്ടിക്ക് ആപ്ലിക്കേഷന്‍ ആശിഷ് രൂപം നല്‍കിയത്.
ആപ്പിന് നല്ല സ്വീകാര്യതയാണെന്നും ഒരുദിവസം കൊണ്ട് പതിനായിരത്തിലധികമാളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തെന്നും യുവാവ് പറയുന്നു. സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്പില്‍ ചാറ്റിംഗ് സൗകര്യമുണ്ട്. പുത്തന്‍ ആപ്ലിക്കേഷനൊപ്പം ആശിഷും ജനശ്രദ്ധ നേടിയതില്‍ കുടുംബം വലിയ സന്തോഷത്തിലാണ്.
