അപര്‍ണ്ണ നായര്‍ ‘നിവേദ്യത്തി’ലെ ഹേമലതയായി എത്തിയത് മുതല്‍ ശ്രദ്ധേയയായ താരമാണ്. താരം ‘ബ്യൂട്ടിഫുള്‍’, ‘തട്ടത്തിന് മറയത്ത്’, ‘റണ്‍ ബേബി റണ്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോള്‍ അപര്‍ണ്ണ രംഗത്ത് എത്തിയിരിക്കുന്നത് തന്റെ പോസ്റ്റിന് അശ്ലീല കമെന്റ് ഇട്ട ആള്‍ക്ക് ഉള്ള ചുട്ടമറുപടിയുമായി ആണ്. അപര്‍ണ്ണ സ്വന്തം മകള്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉള്ള ആളാണ് തന്നോട് ഇത്രയും അസഭ്യമായ കമെന്റ് ചെയ്തത് എന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
അപര്‍ണ്ണയുടെ കുറിപ്പ് ഇങ്ങനെ :
‘എന്റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈ ഒരു ഫേസ്ബുക്ക് പേജ്കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും, ഉദ്ദേശിക്കുന്നതും. അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമെന്റുകളിലൂടെയും, മെസ്സേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതിന് വേണ്ടിയല്ല.
ഇത്തരം കമെന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വികലമായ നീക്കത്തെ കണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി. അജിത്ത് കുമാര്‍, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസ്സിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു അച്ഛന്റെ മകളാണ് ഞാനും എന്നത്.
ഞാന്‍ ഇവിടെ ഉള്ളത് എന്റെ തൊഴിലിന് വേണ്ടിയാണ് ; 30 സെക്കന്‍ഡ് നീണ്ട് നില്ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല.’ അപര്‍ണ്ണയുടെ പോസ്റ്റിന് ഒട്ടേറെപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
