Entertainment

ജോക്കറിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നത് നന്നായെന്ന് നിഷാന്ത് സാഗര്‍

പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമുള്ള താരമായിരുന്നു നിഷാന്ത് സാഗര്‍. വില്ലനായും നായകായുമൊക്കെ സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. നിഷാന്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജോക്കര്‍. 2000 ല്‍ തിയേറ്ററുകളിലേക്കെത്തിയ ജോക്കര്‍ സംവിധാനം ചെയ്തത് ലോഹിതദാസാണ്. ജോക്കറില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് താരമിപ്പോള്‍ മനസ് തുറക്കുകയാണ്. ലോഹിതദാസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം എത്ര വിലപ്പെട്ടതായിരുന്നുവെന്ന് അന്ന് തനിക്ക് തിരിച്ചറിയാനായിരുന്നില്ലെന്ന് താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദേവദാസി എന്ന അരങ്ങേറ്റ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നു. അങ്ങനെ താന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു. ദേവദാസിയില്‍ അഭിനയിച്ച ആളാണ്, സാറിനെ കാണാന്‍ വരട്ടെയെന്ന് ചോദിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമായാണ് അദ്ദേഹം സുധീര്‍ മിശ്രയെ എനിക്ക് നല്‍കിയത്.

ലോഹിത ദാസിനെപ്പോലൊരു സംവിധായകന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യമൊന്നും അന്നത്ര മനസ്സിലായിരുന്നില്ല. പിന്നീടത് വലിയ ഭാഗ്യമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. കുറേ സിനിമ ചെയ്യണമെന്നല്ലാതെ വേറെ ചിന്തകളൊന്നും അന്നുണ്ടായിരുന്നില്ല. വലിയ തിരക്കഥാകൃത്തും സംവിധായകനുമാണ് അദ്ദേഹമെന്നും അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എത്ര വലിയ സ്‌കൂളിലാണ് താന്‍ പഠിച്ചിറങ്ങിയതെന്ന് വ്യക്തമായി അറിയാമെന്നും താരം പറയുന്നു.

ബാലകൃഷ്ണന്‍ ചേട്ടനും മാമുക്കയും ദിലീപേട്ടനും ബിന്ദു ചേച്ചിയുമൊക്കെയായി നിരവധി സീനിയര്‍ താരങ്ങളായിരുന്നു ജോക്കറിലുണ്ടായിരുന്നത്. നിഷാന്തിന്റെ മിക്ക സീനുകളും ഇവര്‍ക്കൊപ്പമായിരുന്നു. സിനിമയില്‍ മാത്രം കണ്ട് പരിച യമുള്ളവരെ നേരില്‍ കാണാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു.

ഇടക്ക് കൂടുതല്‍ ടേക്ക് പോയിരുന്നു. അന്ന് സാറിന്റെ കൈയ്യില്‍ നിന്നും നല്ല വഴക്കും കി്ട്ടിയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സര്‍ക്കസിലെ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും നിരീക്ഷി ക്കാനും അദ്ദേഹം പറഞ്ഞിരുന്നു. അഭ്യാസങ്ങള്‍ പഠിപ്പിച്ച് തരാനായി ഒരാളേയും നിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് നിന്നായിരുന്നു സര്‍ക്കസുകാരന്‍രെ ശരീരഭാഷയെക്കുറിച്ച് മനസ്സിലാക്കിയത്. ലോഹി സാര്‍ വളരെ വ്യക്തമായാണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് തന്നത്.

ജോക്കര്‍ വലിയ വിജയമായിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് നല്ല അവസരങ്ങളൊന്നും തേടിയെത്തിയില്ല. അതിനായി താന്‍ അധികം പരിശ്രമിച്ചിട്ടുണ്ടായിരുന്നില്ല. വന്ന അവസരങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കുറേ സിനിമകള്‍ ചെയ്ത് കയറിപ്പോവാതിരുന്നത് നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സിനിമയില്‍ നിന്ന് മാറിയതിനാല്‍ കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ട കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും അനുഭവങ്ങളുമൊന്നും അന്ന് വലിയ സിനിമാ നടനായി മാറിയാല്‍ ലഭിക്കില്ലായിരുന്നുവെന്നും നിഷാന്ത് പറയുന്നു.

Most Popular

To Top