Entertainment

ചാക്കോച്ചനെ കണ്ടതിന് ശേഷമാണ് എനിക്ക് അങ്ങനെ തോന്നിയത്; തുറന്ന് പറച്ചിലുമായി ഗായത്രി അരുണ്‍

പരസ്പരം എന്ന ഒറ്റസീരിയലിലൂടെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക് ഇപ്പോള്‍ താരം ചുവടുവയ്ക്കുകയാണ്. മമ്മൂട്ടി ചിത്രമായ ‘വണില്‍’ ഒരു പ്രധാനവേഷത്തില്‍ ഗായത്രി എത്തുന്നുണ്ട്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘മെബര്‍ രമേശന്‍’ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. വിവാഹിതയായതിന് ശേഷമാണ് താരം സീരിയലിലേയ്ക്ക് എത്തുന്നത്. ഇപ്പോള്‍ താരം നടിയായതിന്റെ കാരണവും അങ്ങനെ ഒരു ആഗ്രഹം മനസില്‍ എത്തിയതെങ്ങനെ എന്നുമൊക്കെ പറയുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആനുവല്‍ ഡേയ്ക്ക് ചാക്കോച്ചനും (കുഞ്ചാക്കോ ബോബന്‍) കുക്കു പരമേശ്വരനും അതിഥികളായി എത്തിയിരുന്നു. ഞാനൊക്കെ ഫ്രെണ്ടിലാണ് ഇരുന്നത്. നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആളുകള്‍ വരുന്നതും, ടീച്ചേര്‍സ് വരെ പോയിട്ട് ഓട്ടോഗ്രാഫിന് വെയിറ്റ് ചെയ്യുവാണ്.

അന്ന് തുടങ്ങിയതാണ് എനിക്കും ഒരുനടിയാകണം, ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാല്‍ ഒരു നടിയാകണമെന്ന് തോന്നിയത്. അതിന് വേണ്ടി ഒന്നും ശ്രമിച്ചിട്ടില്ല. കുട്ടിക്കാലത്ത് മോണോആക്ട് ഒരു സീനിയര്‍ ചേച്ചി ചെയ്യുന്നത് കണ്ടിട്ട് ഇതുപോലെയൊരു ആര്‍ട്ട് ഫോം ഉണ്ടെന്ന് മനസ്സിലാക്കി ഞാന്‍ എന്റേതായ ഒരു കഥ ഉണ്ടാക്കി അടുത്ത വര്‍ഷം സ്‌കൂളില്‍ അത് അവതരിപ്പിച്ചു. വീട്ടുകാര്‍ക്ക് ഒന്നും ഇതേ കുറിച്ച് അറിയില്ലായിരുന്നു.

അത് കഴിഞ്ഞ് സബ്-ജില്ലയിലേക്ക് പോയപ്പോളാണ് അവര്‍ എനിക്ക് സ്‌കൂളില്‍ ഫസ്റ്റ് കിട്ടിയത് അറിയുന്നത്. അച്ഛന് ക്ലാസ് കട്ട് ചെയ്തു പോകുന്നതിനോട് താല്പര്യമില്ലായിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞു അവള്‍ ചെയ്യുന്നത് ഒന്ന് കാണൂവെന്ന്.

താല്പര്യമില്ലാതെ അച്ഛന്‍ ഇരുന്നു കണ്ടു. എന്നിട്ട് ഒന്നും പറയാതെ എഴുന്നേറ്റ് പോയി. അമ്മ പോയി നോക്കുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയുന്നതാണ് കണ്ടത്. ഞാന്‍ ഇത് അറിഞ്ഞില്ല, കുറച്ചു നേരത്തെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛന്‍ കരഞ്ഞത്്. അതിന് ശേഷം അച്ഛനും ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു..’ ഗായത്രി പറഞ്ഞു.

Most Popular

To Top