Entertainment

ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനായിരുന്നില്ല, മായിന്‍ കുട്ടിയായിരുന്നു; യുവാവിന്റെ കുറിപ്പ് വൈറല്‍

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. ഗോഡ്ഫാദറിലെ നായകനെക്കുറിച്ച് ഇപ്പോള്‍ ഒരു ആരാധകന്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സിനിമാ ഗ്രൂപ്പിലാണ് ജിഷ്ണു രാജേന്ദ്രന്‍ എന്ന ആരാധകന്‍ പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തില്‍ രാമഭദ്രനല്ല മായിന്‍കുട്ടിയാണ് നായകന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഏകദേശം 400 ദിവസത്തില്‍ അധികം തീയറ്ററില്‍ പ്രദര്‍ശനം നടത്തി റെക്കോര്‍ഡിട്ട ഗോഡ്ഫാദര്‍ എന്ന സിനിമയിലെ നായകന്‍ മുകേഷ് അവതരിപ്പിച്ച രാമഭദ്രന്‍ ആണെന്നാണ് നമ്മള്‍ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അത് കേവലം വാണിജ്യ വിജയങ്ങള്‍ക്ക് വേണ്ടിയുള്ള സംവിധായകന്മാരുടെ തന്ത്രം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ മായിന്‍കുട്ടി എന്ന ജഗദീഷിന്റെ കഥാപാത്രം തന്നെയാണ് ഗോഡ്ഫാദര്‍ എന്ന സിനിമയുടെ നായകന്‍.

വടക്കന്‍ കേരളത്തില്‍ ഒരു ന്യൂനപക്ഷ സമുദായത്തിലെ ഇടത്തരം കുടുംബത്തിലാണ് മായിന്‍കുട്ടി ജനിച്ചത് മായന്‍കുട്ടി ജനിച്ചതിന്റെ മൂന്നാം നാള്‍ മായിന്‍കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടു. കുട്ടിക്കാലത്തു തന്നെ അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കും എതിരെ ശബ്ദം ഉയര്‍ത്തിയ മായിന്‍കുട്ടി പലപ്പോഴും മാതാവിന്റെ തല്ല് വാങ്ങിക്കൂട്ടുമായിരുന്നു. കൗമാരത്തില്‍ തന്നെ ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് നിയമ ബിരുദം ആവശ്യവുമാണെന്നുള്ള നിശ്ചയദാര്‍ഡ്യമാണ് മായിന്‍കുട്ടിയെ രാമഭദ്രന്റെ സഹപാഠിയായി ലോ കോളേജില്‍ എത്തിച്ചത്. സിനിമാ നമ്മള്‍ കണ്ടതുപോലെ ആനപ്പാറ അച്ചമ്മയുടെയും അഞ്ഞൂറാന്റെയും കുടുംബവഴക്ക് മാത്രമായിരുന്നില്ല ഗോഡ്ഫാദര്‍.

മറിച്ച് ജന്‍ഡര്‍ ഇക്വാലിറ്റിക്ക് വേണ്ടി പ്രയത്‌നിച്ച സഖാവ് മായിന്‍കുട്ടിയുടെ ഒരു മാസ്റ്റര്‍പ്ലാന്‍ ആയിരുന്നു അത്. എങ്ങനെ എന്നല്ലേ ??? പറയാം .സഹപാഠിയായ രാമഭദ്രനില്‍ നിന്നുമാണ് രാമഭദ്രന്റെ വീടിനെ പറ്റിയും അവരുടെ സ്ത്രീ പ്രവേശനം ഇല്ലാത്ത കുടുംബത്തെ പറ്റിയും മായിന്‍കുട്ടി അറിയുന്നത്. അതിനു ശേഷം സ്ത്രീ വിരോധിയും മക്കളുടെ മനുഷ്യാവകാശത്തിന് പുല്ലു വില കൊടുക്കുന്നവനുമായ ഹിപോക്രറ്റിക് ബൂര്‍ഷ്വ അഞ്ഞൂറാനെ തകര്‍ക്കുക അതുവഴി ജന്‍ഡര്‍ ഇക്വാളിറ്റി സാധ്യമാകുകയും ആയിരുന്നു മായിന്‍കുട്ടിയുടെ ലക്ഷ്യം.

കല്യാണം ഉറപ്പിച്ച ശേഷം മാലു പഠിത്തം നിര്‍ത്തിയത് മായിന്‍കുട്ടിയെ തളര്‍ത്തുന്നു. കാരണം, സ്ത്രീകള്‍ വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തത നേടണം എന്ന് മായിന്‍കുട്ടിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. സിനിമയുടെ പ്രധാന കഥാവികാസം എന്ന് പറയുന്നത് പരസ്പരം സ്‌നേഹിച്ചു വഞ്ചിക്കാന്‍ നായകനും നായികയും തീരുമാനിക്കുന്നിടത്താണ്. ഇവിടെ നായികയ്ക്ക് പ്രേരണ ആയത് അച്ചമ്മ ആണെങ്കില്‍ നായകന് പ്രേരണ ആയത് സാക്ഷാല്‍ മായിന്‍കുട്ടി തന്നെയായിരുന്നു.

ഇവിടെ അച്ചമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്റെ വ്യക്തി വൈരാഗ്യം കാരണമാണെങ്കില്‍ മായിന്‍കുട്ടി ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത് രാമഭദ്രന്റെ വീട്ടിലെ അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ആയിരുന്നു.കാരണം മായിന്‍കുട്ടിക്ക് അറിയാമായിരുന്നു. ലോലനും നിഷ്‌കളങ്കനുമായിരുന്ന രാമഭദ്രന് ഈ പ്രണയം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല എന്ന് .

തന്നെ ഇഷ്ടമാണെന്ന് പറയുന്ന രാമഭദ്രനോട് മാലു ആവശ്യപ്പെടുന്നത് അമ്മയെ പിടിച്ചു സത്യം ചെയ്യണം എന്നാണ് .ഇത് കേട്ട് പിന്മാറാന്‍ പോകുന്ന രാമഭനോട് മായിന്‍കുട്ടി പറയുന്നത് ഇങ്ങനെയാണ്. സത്യം ചെയ്തു എന്ന് വച്ച് മരിച്ചുപോയ നിന്റെ അമ്മക്ക് എന്ത് സംഭവിക്കാനാ? മായിന്‍കുട്ടി അന്തവിശ്വാസങ്ങളില്‍ അടിമപ്പെടാത്ത ഒരു തികഞ്ഞ യുക്തിവാദി ആണെന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം. ഇനി സിനിമയുടെ മര്‍മ്മ പ്രധനമായ ട്വിസ്റ്റ് സ്വാമിയേട്ടന്‍ വിവാഹിതന്‍ ആണെന്നുള്ളതാണ്.

സിനിമയില്‍ ഈ രഹസ്യവും കണ്ടുപിടിക്കുന്നത് മായിന്‍കുട്ടി തന്നെയാണ്. സമൂഹത്തില്‍ മാന്യതയുടെ കപട സദാചാര മുഖമൂടി അണിഞ്ഞു നടക്കുന്ന സ്വാമിയേട്ടനെപ്പോലെ ഉള്ള ചില കള്ള നാണയങ്ങളെ തുറന്നു കാട്ടുക എന്ന ഉദ്ദേശം ആയിരിക്കാം ഒരുപക്ഷെ ഇതിനു പിന്നില്‍. ക്ലൈമാക്‌സില്‍ മായിന്‍കുട്ടി ഇട്ടിരിക്കുന്ന ചുമന്ന ഷര്‍ട് ഒട്ടും യാദൃശ്ചികമല്ല .അയാളിലെ സഖാവ് മറനീക്കി പുറത്തു വരികയായിരുന്നു. ക്ലൈമാക്‌സിലെ താലി തട്ടിപ്പറിച്ചു കൊണ്ടുള്ള മല്‍പ്പിടുത്തത്തിനൊടുവില്‍ രാമഭദ്രന്‍ താലി കെട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും മായിന്‍കുട്ടി തന്നെ ആയിരുന്നു.അത് തന്റെ ലക്ഷ്യങ്ങള്‍ സഫലമാകുന്നു എന്നുള്ള ആഹ്ലാദപ്രകടനം കൂടി ആയിരുന്നു. ഇതാണ് യുവാവിന്റെ കുറിപ്പ്.

Most Popular

To Top