Kerala News

ഗര്‍ഭിണിയായ ആനയെ കൊന്ന കേസില്‍ അറസ്റ്റ് ; വനം വകുപ്പ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍

കുറച്ചു നാളുകളായി രാജ്യത്തിലെ ചൂടന്‍ ചര്‍ച്ചാവിഷയം പടക്കം നിറച്ച ഭക്ഷണപദാര്‍ത്ഥം (പൈനാപ്പിളല്ല ആന കഴിച്ചതെന്ന് വ്യാപക പ്രചരണം നടക്കുന്നുണ്ട്.) കഴിച്ച ഗര്‍ഭിണിയായ ആനയുടെ കാര്യമാണ്. മൃഗത്തിനോടുള്ള സഹതാപത്തോടെ തുടങ്ങിയ ലോകചര്‍ച്ച പിന്നീട് രാഷ്ട്രീയപരമായും, മതവിദ്വേഷപരമായും ഒക്കെ വളച്ചൊടിക്കപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. വനംമന്ത്രി കെ രാജു ഇപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട, സാഹചര്യങ്ങള്‍ വിശദീകരിച്ചാല്‍ മനസ്സിലാക്കുന്നവര്‍ക്കായി ഒരു ഫേസ്ബുക്ക് പോസ്റ്റ് അപ്പ്ലോഡ് ചെയ്തിരിക്കുകയാണ്. കേരളത്തിന് വന മേഖലയിലും, മൃഗസംരക്ഷണത്തിന്റെ മേഖലയിലും കൈവരിക്കാന്‍ സാധിച്ചിട്ടുള്ള നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ മന്ത്രി മുന്‍കേന്ദ്രമന്ത്രിയുടെ ‘വസ്തുതാവിരുദ്ധമായ’ പ്രചരണം ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.

വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ കുറിപ്പ് ഇങ്ങനെ :

‘ഗര്‍ഭിണിയായ പിടിയാനയെ അപകടപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ടിയാന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ട് പേര്‍ ഒളിവിലാണ്. അവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ഈ സംഭവത്തോട് അനുബന്ധിച്ച് കേരളത്തെയും വനം വകുപ്പിനെയും നമ്മുടെ ആന പരിപാലനത്തെയും ഇകഴ്ത്തികൊണ്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിയായ പോസ്റ്റുകളും, ട്വീറ്റുകളും പ്രചരിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കടുവാ സങ്കേതത്തിനുള്ള അവാര്‍ഡ്, വനം – പരിസ്ഥിതി സംരക്ഷണത്തിനുള്ള ഇന്ത്യ ടുഡെ സ്റ്റേറ്റസ് ഓഫ് സ്റ്റേറ്റ്സ് അവാര്‍ഡ്, വൃക്ഷാവരണ തോതിലെ വര്‍ദ്ധനവിനുള്ള അംഗീകാരം തുടങ്ങി നിരവധിയായ പുരസ്കാരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ 2017 കാട്ടാന സെന്‍സസ് പ്രകാരം 5706 ആനകള്‍ ഉണ്ട്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് (2010-2020) 64 കാട്ടാനകള്‍ക്ക് അസ്വാഭാവിക മരണം സംഭവിച്ചിട്ടുണ്ട്. വനവും, ജനവാസകേന്ദ്രങ്ങളും തൊട്ടടുത്തായി നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് മനുഷ്യ – വന്യജീവി സംഘര്‍ഷം കൂടുതല്‍ ആകാനുള്ള സാധ്യത കൂടുതലാണെങ്കിലും ആനകളുടെ അസ്വാഭാവിക മരണത്തിന്റെ പ്രതിവര്‍ഷ ശരാശരി നിരക്ക് 6.4 മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് ഇത്. എന്നിട്ടും 600-ിലേറെ ആനകളുടെ അപകടമരണം ഇവിടെ ഉണ്ടായി എന്ന നിലയില്‍ വ്യാജവും വസ്തുതകള്‍ക്ക് വിരുദ്ധവുമായ പ്രചരണങ്ങള്‍ നടത്തുന്നത് ഒരു മുന്‍ കേന്ദ്രമന്ത്രിയാണ് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു വര്‍ഷം ശരാശരി 77 കാട്ടാനകള്‍ വരെ സ്വാഭാവികമായി, അതായത് പ്രായം ചെന്നും മറ്റ് രോഗങ്ങള്‍ കാരണവും കാട്ടിന് ഉള്ളില്‍ മരണപ്പെടുന്നുണ്ട്. കാട്ടില്‍ പൊരുതി ജീവിക്കുന്ന മൃഗങ്ങളെ സംബന്ധിച്ച് ഇത് വലിയ സംഖ്യ അല്ല. ആകെ 491 നാട്ടാനകളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്. അവയെയും മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ടെന്ന് വനം വകുപ്പ് ഉറപ്പുവരുത്തുന്നുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്നത് തടയുന്നതിനായി നാട്ടാന പരിപാലന ചട്ടം ആദ്യമായി നടപ്പിലാക്കിയതും കേരളമാണ്. നാട്ടാനകളുടെ 10 വര്‍ഷത്തെ ആകെ മരണസംഖ്യ 185 ആണ്. അതായത് പ്രതിവര്‍ഷ ശരാശരി 18.5 ആണ്. ലോക്ക്ഡൗണ്‍ കാലത്ത് നാട്ടാനകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും ഭക്ഷണം ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ 5 കോടി രൂപ പ്രത്യേകമായി അനുവദിച്ച ഏക സംസ്ഥാനം കേരളമാണ്. കോവിഡ് പ്രതിരോധത്തിലും, ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും, വന്യമൃഗ സംരക്ഷണത്തിലും എന്നല്ല, സമസ്ത മേഖലകളിലും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് മനസ്സിലാക്കി ഇത്തരം വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പിടിയാനയുടെ അപകടമരണവുമായി ബന്ധപ്പെട്ട് ഫലപ്രദമായി അന്വേഷണം നടത്തുന്ന പോലീസ് – വനം ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top