National News

കോവിഡ് 19 : സുരക്ഷാ ജീവനക്കാരന്റെ ശരീരത്തില്‍ തുപ്പിയ ശേഷം കോവിഡ് രോഗിയായ യുവാവ് ഓടി രക്ഷപെട്ടു

ബെംഗളൂരു : കോവിഡ് രോഗിയായ യുവാവ് സുരക്ഷാ ജീവനക്കാരന്റെ ശരീരത്തില്‍ തുപ്പിയതിന് ശേഷം ആശുപത്രിയില്‍ നിന്നും ഓടി രക്ഷപെട്ടു. ബുധനാഴ്ച്ച ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഈ ആള്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു. കോവിഡ് ചികിത്സയില്‍ ഇരിക്കുന്ന രോഗി ആശുപത്രിയില്‍ നിന്നും രക്ഷപെടുന്നത് ബെംഗളൂരുവില്‍ ആദ്യ സംഭവമാണ്.

ചൊവ്വാഴ്ച്ചയാണ് ഒരു അടിപിടി കേസില്‍ പ്രതിയായ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ പത്തുമണിയോടെയാണ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിന് മുന്നില്‍ സുരക്ഷയില്‍ ഉണ്ടായിരുന്ന ജീവനക്കാരന്റെ നേര്‍ക്ക് തുപ്പിയതിനു ശേഷം യുവാവ് ഓടി രക്ഷപെട്ടത്. ഈ ആളെ പിടികൂടാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന പോലീസുകാരും മറ്റുള്ളവരും പിന്നാലെ ഓടിയെങ്കിലും യുവാവ് റോഡിലേക്ക് ഓടിമറയുകയായിരുന്നു.

ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സെപാത് കട്ടോച്ച് യുവാവിനെ കാണാതായതിനെ കുറിച്ച് ആശുപത്രി അധികൃതരില്‍ നിന്ന് പരാതി ലഭിച്ചതായി പറഞ്ഞു. ഈ ആള്‍ക്ക് എതിരെ ഒരു ക്രിമിനല്‍ കേസ് ഉണ്ടായിരുന്നുവെന്നും യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പോലീസ് സുരക്ഷയില്‍ ആയിരുന്ന യുവാവാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ആള്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് കടന്നുകളഞ്ഞത്. നേരത്തെ ഈ ആളുമായി അടുത്ത് ഇടപഴകിയ പോലീസുകാരെ ക്വാറന്റൈനില്‍ ആക്കിയിരുന്നു. ഈ ആള്‍ ദേഹത്ത് തുപ്പിയ സുരക്ഷാ ജീവനക്കാരനെയും ക്വാറന്റൈനിലേക്ക് മാറ്റി.

Cover Photo: ThePrint

Most Popular

To Top