Entertainment

കുടുംബത്തെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു ; അപമാന കമെന്റുകള്‍ക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് സാനിയ ഇയ്യപ്പന്‍

സാനിയ ഇയ്യപ്പന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ്. ബാലതാരമായി തിളങ്ങിയ സാനിയ പിന്നീട് ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങള്‍ വന്നുകൊണ്ടേ ഇരിക്കുകയാണ്. ഡാന്‍സ് വീഡിയോകളിലൂടെയും, ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങുകയാണ്.

എന്നാല്‍ നടിയുടെ ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ട്രോളന്മാരും വിമര്‍ശകരും ചിത്രങ്ങളില്‍ കണ്ടെത്തുന്ന കുറ്റം അമിതമായ ശരീരപ്രദര്‍ശനം ആണ്. ഇപ്പോള്‍ നടി വിമര്‍ശനങ്ങള്‍ അതിരു കടന്നതോടെ നിയമപരമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സാനിയ ഇയ്യപ്പന്റെ വാക്കുകളിലേക്ക്,

‘ഇത്രയും നാള്‍ മോശം കമെന്റുകളെയും ട്രോളുകളെയും ചിരിച്ചു വിടുകയായിരുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുകയാണ്. ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയാണ്. ഇതുവരെ എല്ലാ ട്രോളും തമാശയായി മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അവ എന്റെ കുടുംബത്തെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാളെ എങ്കിലും പുറത്തു കൊണ്ടുവരാന്‍ സാധിച്ചാല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു പാഠമായിരിക്കും. ഇന്നേവരെ എന്റെ വസ്ത്രധാരണത്തെ കുറിച്ചോ, അഭിനയത്തെ കുറിച്ചോ യാതൊരു തരത്തിലും ഉള്ള അഭിപ്രായവ്യത്യാസങ്ങളും ഞാനും വീട്ടുകാരും തമ്മില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ അടുത്ത് നടന്ന ഫോട്ടോഷൂട്ടിന് മോശം രീതിയിലുള്ള കമെന്റുകള്‍ വന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.

‘ഇവളെയൊക്കെ ഡല്‍ഹിയിലെ ബസ്സില്‍ കൊണ്ടുപോയി ഇടണം. അന്നത്തെ അനുഭവം ഇവള്‍ക്കും വരണം.’ ഞാന്‍ ഇട്ട വസ്ത്രം ആണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്? ഒരാളുടെ വസ്ത്രധാരണത്തിലൂടെ അല്ല അയാളുടെ സ്വഭാവവും വ്യക്തിത്വവും തിരിച്ചറിയേണ്ടത്. ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയുന്നതാണ്. അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് ചേരുംപടി ചേര്‍ക്കാന്‍ തോന്നുന്നത്? ഇന്നേവരെ എന്റെ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഇല്ലാതിരുന്ന അച്ഛനും അമ്മയും ഈ ഒരു കമന്റോടു കൂടി ആകെ വിഷമത്തിലായി. അവര്‍ തന്നോട് ആദ്യമായി ഇനി വസ്ത്രധാരണത്തിലൊക്കെ കുറച്ച് ശ്രദ്ധിക്കണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്തു.’

Most Popular

To Top